വഖഫ് ഹരജികളിൽ സുപ്രിംകോടതിയിൽ വാദം തുടങ്ങി; ഭരണഘടനാ- മൗലികാവകാശ ലംഘനമെന്ന് കപിൽ സിബൽ
ഒരു മതത്തിന്റെയും അവകാശങ്ങളിൽ ഇടപെടാൻ പാർലമെന്റിനും അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ സുപ്രിംകോടതിയിൽ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഹരജികൾ പരിഗണിക്കുന്നത്. വഖഫ് ഭേദഗതി റദ്ദാക്കണമെന്ന് ഭൂരിഭാഗം ഹരജികളും ആവശ്യപ്പെടുന്നു. ഹരജികൾക്ക് ഒറ്റപ്പേരിടണമെന്നും ഹരജിക്കാർ അഭ്യർഥിച്ചിട്ടുണ്ട്.
നിയമഭേദഗതി ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. മതപരമായ സ്വത്തുക്കൾ ലഭിക്കാനുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. മുസ്‌ലിം വിഭാഗത്തിന്റെ മതപരവും സാംസ്കാരികവുമായ സ്വയംഭരണത്തെ നിയമം അവഗണിക്കുന്നു. വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കപിൽ സിബൽ വാദിച്ചു.
ഒരു മതത്തിന്റെയും അവകാശങ്ങളിൽ ഇടപെടാൻ പാർലമെന്റിന് അവകാശമില്ല. ഇസ്‌ലാം മതത്തിന്റെ അവിഭാജ്യ ആചാരമാണ് വഖഫ്. ആചാരത്തെ സർക്കാർ എന്തിന് ചോദ്യം ചെയ്യണം. വഖഫ് നൽകണമെങ്കിൽ അഞ്ചു വർഷം മുസ്‌ലിമാകണമെന്നത് എന്തിന് തെളിയിക്കണം. ആർട്ടിക്കിൾ 26 എല്ലാ സമുദായങ്ങൾക്കും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമിതിയിലെ അംഗങ്ങളെ മാറ്റുന്നത് ഭരണഘടനാ വിരുദ്ധമെന്നും സിബൽ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിൽ ഏതു മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു മതത്തിന് ചില നിയന്ത്രണങ്ങൾ കൽപ്പിക്കുന്നത് ഭരണഘടനാ ലംഘനമെന്നും ബോർഡിലെ 22 അംഗങ്ങളിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നത് വിവേചനപരമെന്നും സിബൽ വ്യക്തമാക്കി.
വിശദമായ ചർച്ച ശേഷമാണ് നിയമം ഭേദഗതി ചെയ്തതെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ അറിയിച്ചു. 38 സിറ്റിങ്ങുകൾ നടത്തിയതിനുശേഷം ആണ് നിയമത്തിൽ ഭേദഗതി വരുത്തിയത് . 98.2 ലക്ഷം നിർദേശങ്ങൾ സ്വീകരിച്ചു. 38 ജെപിസി യോഗങ്ങൾ നടന്നു. രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കൾ അതേപടി തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. തിരുപ്പതി ബോർഡിൽ ഹിന്ദുക്കൾ അല്ലാത്തവർ ഉണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. അതേസമയം സുപ്രിം കോടതിയിൽ വാദം ഒന്നേകാൽ മണിക്കൂർ പിന്നിട്ടു.
വഖഫ് ഭൂമികൾ തട്ടിയെടുക്കാൻ കേന്ദ്രത്തിന് ലക്ഷ്യമില്ലെന്ന് തുഷാര്‍ മേത്ത വ്യക്തമാക്കിയപ്പോൾ വഖഫ് ഭൂമിയിൽ തർക്കം ഉണ്ടായാൽ കലക്ടർ എങ്ങനെ തീരുമാനമെടുക്കുമെന്ന് വീണ്ടും കോടതി ചോദിച്ചു.പുരാതന മസ്ജിദുകൾക്ക് രേഖകൾ എങ്ങനെ ഉണ്ടാകുമെന്നും കോടതി ആരാഞ്ഞു.
നിയമത്തിനെതിരെ എഴുപതിലധികം ഹരജികളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
നിയമം ഭരണഘടനാ വിരുദ്ധമെന്നും അടിയന്തരമായി സ്റ്റേ നൽകണമെന്നുമാണ് എല്ലാ ഹരജിക്കാരുടേയും ആവശ്യം. മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ തുടങ്ങിയ സംഘടനകളും വിവിധ പാർട്ടികളുമാണ് കോടതിയെ സമീപിച്ചത്. കൂടാതെ, വഖഫ് ജെപിസി അംഗങ്ങൾ ഉൾപ്പെടെയുള്ള എംപിമാരും രാഷ്ട്രീയ- സാംസ്കാരിക നേതാക്കളും നിയമത്തിനെതിരെ ഹരജി നൽകിയിട്ടുണ്ട്.
വഖഫ് ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമെന്ന് ചുണ്ടികാട്ടി ഗുരുദ്വാരസിങ് സഭ പ്രസിഡൻ്റ് ദയാസിങ്ങും ഹരജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമത്തെ അനുകൂലിച്ച് കേസിൽ കക്ഷി ചേരാൻ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.