'ഉറുദു വിദേശ ഭാഷയല്ല, ഈ മണ്ണിൽ ജനിച്ചതാണ്'; സൂചനാബോർഡുകളിൽ ഉറുദു ഉപയോഗിക്കുന്നതിനെതിരായ ഹരജി തള്ളി സുപ്രിംകോടതി
സമ്പന്നമായ ഭാഷകൾ നമ്മുടെ മഹത്തായ വൈവിധ്യത്തിന്റെ ഭാഗമാണ്. നമ്മുടെ ശക്തി ഒരുക്കലും നമ്മുടെ ദുർബലതയായി മാറരുതെന്നും കോടതി പറഞ്ഞു.
ന്യൂഡൽഹി: മുനിസിപ്പൽ കോർപറേഷൻ കെട്ടിടത്തിലെ സൂചനാബോർഡുകളിൽ ഉറുദു ഉപയോഗിക്കുന്നതിന് എതിരായ ഹരജി തള്ളിയ ബോംബെ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രിംകോടതി. ഭാഷയും സംസ്‌കാരവും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കാരണമാവരുതെന്നും ഉറുദു ഹിന്ദുസ്ഥാനി പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസുമാരായ സുധാൻഷു ധുലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങൾ ഉറുദു ഉപയോഗിക്കുന്നത് ഏതെങ്കിലും നിയമപ്രകാരം വിലക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ പാതൂർ മുനിസിപ്പൽ കൗൺസിൽ ബിൽഡിങ്ങിൽ ഉറുദുവിലുള്ള സൂചനാബോർഡുകൾ സ്ഥാപിച്ചതിനെതിരെയാണ് മുൻ കൗൺസിലർ കോടതിയെ സമീപിച്ചത്.
''നമ്മുടെ മുൻവിധികൾ, ഒരുപക്ഷേ ഒരു ഭാഷയോടുള്ള നമ്മുടെ മുൻവിധികൾ പോലും യാഥാർഥ്യബോധത്തോടെയും സത്യസന്ധമായും പരിശോധിക്കപ്പെടണം. സമ്പന്നമായ ഭാഷകൾ നമ്മുടെ മഹത്തായ വൈവിധ്യത്തിന്റെ ഭാഗമാണ്. നമ്മുടെ ശക്തി ഒരുക്കലും നമ്മുടെ ദുർബലതയായി മാറരുത്. ഉറുദുവിലും എല്ലാ ഭാഷയിലും നമുക്ക് സുഹൃത്തുക്കൾ ഉണ്ടാവണം''-കോടതി പറഞ്ഞു.
ഉറുദു വിദേശ ഭാഷയാണ് എന്നതാണ് പ്രധാനപ്പെട്ട തെറ്റിദ്ധാരണ. അത് ഈ മണ്ണിൽ ജനിച്ച ഭാഷയാണ്. ഭാഷ ഒരു മതമല്ല. ഭാഷ ഒരു മതത്തെയും പ്രതിനിധീകരിക്കുന്നില്ല. ഭാഷ ഒരു സമൂഹത്തിന്റേതോ ഒരു പ്രദേശത്തിന്റേതോ ഒരു ജനതയുടേതോ ആണ്. അതൊരിക്കലും ഒരു മതത്തിന്റേതാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.