‘ബജ്റംഗ് ദൾ ചേട്ടന്മാർ പറഞ്ഞിട്ടാണ് ചർച്ച് പൊളിച്ചത് '; റായ്പൂരിൽ ക്രിസ്ത്യൻ ദേവാലയം ആക്രമിച്ച സംഘത്തിലേറെയും 20ൽ താഴെ പ്രായമുള്ളവർ

മാർച്ച് മൂന്നി‌നാണ് റായ്പൂരിൽ WRS കോളനിക്കടുത്തുള്ള ചർച്ചിന് നേരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ നേതാക്കളുടെ നേതൃത്വത്തിൽ ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിടുന്നത്

Update: 2025-04-16 07:56 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ന്യൂ ഡൽഹി: ഛത്തീസ്‌ഗഡിൽ റായ്പൂരിൽ ക്രിസ്ത്യൻ ദേവാലയം ആക്രമിച്ച സംഘത്തിലേറെയും 20ൽ താഴെ പ്രായമുള്ളവർ. 'ബജ്റംഗ് ദൾ ചേട്ടന്മാർ പറഞ്ഞിട്ട് ഞങ്ങളാണ് ചർച്ച് പൊളിച്ചതെന്ന്' കുട്ടികൾ മക്തൂബ് മാധ്യമപ്രവർത്തക നികിത ജയിനിനോട് പറഞ്ഞു. മാർച്ച് മൂന്നി‌നാണ് റായ്പൂരിൽ WRS കോളനിക്കടുത്തുള്ള ചർച്ചിന് നേരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ നേതാക്കളുടെ നേതൃത്വത്തിൽ ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിടുന്നത്.

സംഘത്തിൽ 10 മുതൽ 20 വയസ്സ് വരെയുള്ളവരും ഉണ്ടായിരുന്നു. 'ബജ്റംഗ് ദൾ ചേട്ടന്മാർ പറഞ്ഞിട്ട് ഞങ്ങളാണ് ചർച്ച് പൊളിച്ചതെന്ന്' ഒരു കുട്ടി പറഞ്ഞപ്പോൾ മറ്റൊരാളുടെ പ്രതികരണം “മുതിർന്നവർ എന്താണോ പറഞ്ഞത്, അത് ഞാൻ അനുസരിച്ചു. മറ്റൊന്നും അറിയില്ല എനിക്ക്' എന്നായിരുന്നു. 'ഹിന്ദുരാഷ്ട്രമാണ് ഇതെന്നും ഭരണഘടനയോടു ബഹുമാനമില്ലെന്നും' 20കാരനായ ദീപക് മക്തൂബിനോട് പറയുന്നുണ്ട്.

ബജ്‌റംഗ്ദളിലെ ഒരു മുതിർന്ന നേതാവിന്റെ പിന്തുണയോടെയാണ് ഞങ്ങൾ അത് ചെയ്തത്, പള്ളിയിൽ പതാക തൂക്കിയത് ഞാനാണ്, അവർക്ക് ഇവിടെ ജീവിക്കണമെങ്കിൽ അവർ ഹിന്ദുത്വത്തെ സ്വീകരിക്കണം, അല്ലെങ്കിൽ അവർക്ക് പോകാം, മണിപ്പൂരിലെ ക്രിസ്ത്യാനികളോട് ചെയ്തത് ഞങ്ങളും ചെയ്യും തുടങ്ങിയ വാചകങ്ങളും യുവാക്കൾ മാധ്യമപ്രവർത്തകയോട് പറയുന്നുണ്ട്. കുട്ടികളുടെ കൂട്ടത്തിൽ മിക്കവാറും സ്കൂൾ പഠനം അവസാനിപ്പിച്ചവരാണ്. ആരും മറ്റ് ജോലികൾ ഒന്നും ചെയ്യുന്നില്ല. എല്ലാ ഞായറാഴ്ചയും പരിശോധന നടത്തതാണ് ബജ്‌റംഗ് ദളിൽ നിന്നുള്ള മുതിർന്ന ആളുകൾ പ്രദേശത്ത് എത്താറുണ്ടെന്നും കുട്ടികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ഛത്തീസ്ഗഡിൽ ക്രിസ്ത്യാനികൾക്ക് എതിരെയുള്ള ആക്രമണങ്ങൾ വൻ തോതിൽ ഉയർന്നിട്ടുണ്ട്. 2023-ൽ 601 അക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2024-ൽ അത് 840 ആയി ഉയർന്നു. 2025 മാർച്ച് 3-നാണ്, ബജ്‌റംഗ് ദളും വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ഛത്തീസ്ഗഡിലെ റായ്പൂരിലെ ഡബ്ല്യുആർഎസ് കോളനിയിലെത്തി ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച ഒരു പള്ളി തകർത്തത്. കാവി തുണികൾ ധരിച്ച പുരുഷന്മാർ കോളനിയിൽ സ്ഥിതിചെയ്യുന്ന പള്ളിയുടെ മതിലുകൾ തകർക്കുന്നതിന്റെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.

പ്രദേശത്തെ ആളുകൾ ജോലിക്ക് പോയിരുന്നതിനാൽ കുറച്ച് പെൺകുട്ടികൾ മാത്രം സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നു. ജയ് ശ്രീ റാം വിളിച്ച് കൊണ്ട് ആളുകൾ പള്ളി തകർത്തുവെന്ന് ദൃസാക്ഷികൾ മക്തൂബിനോട് പറഞ്ഞിട്ടുണ്ട്. ആൾക്കൂട്ടം വർഗീയ അധിക്ഷേപങ്ങളും നടത്തി. 50 ലധികം ആളുകൾ സംഘത്തിലുണ്ടായിരുന്നു. അക്രമികൾക്കൊപ്പം പൊലീസും ഉണ്ടായിരുന്നുവെന്നുവെന്നും ദൃസാക്ഷികൾ പറയുന്നു.

കോളനിയിൽ ഹിന്ദു- ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർ താമസിക്കുന്നുണ്ട്. എന്നാൽ കാലക്രമേണ പലരും ക്രിസ്തുമതം സ്വീകരിച്ചതോടെ, ഒരേ കുടുംബങ്ങളിൽ രണ്ട് വിശ്വാസങ്ങളിൽ നിന്നുമുള്ള അംഗങ്ങളുണ്ടായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പണം നൽകി മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണം പ്രദേശത്ത് വ്യാപകമാണ്.

ശാരീരിക ആക്രമണങ്ങൾ, പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തൽ, പള്ളി നശിപ്പിക്കൽ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പ്രകാരമുള്ള അറസ്റ്റുകൾ തുടങ്ങി വ്യാപക അക്രമ സംഭവങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സമീപത്തെ മറ്റ് ചർച്ചകളും സമാനഭീഷണികൾ അഭിമുഖീകരിക്കുന്നുണ്ട്. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News