ബംഗ്ലാദേശിലേക്ക് നാടുകടത്തിയ മുസ്‌ലിം സ്ത്രീയെ തിരികെ എത്തിക്കണം, അസം സര്‍ക്കാര്‍ രണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി
നാഗോണ്‍ ജില്ലയിലെ ഫോറിനേഴ്സ് ട്രിബ്യൂണലാണ് 2019ല്‍ മുംതാസ് ബീഗത്തെ വിദേശിയാണെന്ന് പ്രഖ്യാപിച്ചത്
ഗുവാഹത്തി: ഇന്ത്യന്‍ പൗരയല്ലെന്ന് ആരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ബംഗാളി വംശജയായ മുസ്‌ലിം യുവതി മുംതാസ് ബീഗത്തെ തിരികെ കൊണ്ടുവരണമെന്നും അസം സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ട് ഗുവാഹത്തി ഹൈക്കോടതി. ബംഗ്ലാദേശ് കുടിയേറ്റക്കാരെന്ന് ആക്ഷേപിച്ച് നാടുകടത്തുന്ന സംഭവത്തില്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം വിധിക്കുന്ന ആദ്യ സംഭവമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാഗോണ്‍ ജില്ലയിലെ ഫോറിനേഴ്സ് ട്രിബ്യൂണലാണ് 2019ല്‍ മുംതാസ് ബീഗത്തെ വിദേശിയാണെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യക്കാരന്റെ മകളാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നായിരുന്നു കാരണം. എന്നാല്‍, ഹാജരാക്കിയ മുഴുവന്‍ രേഖകളും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗുവാഹത്തി ഹൈക്കോടതി കേസ് പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മേയ് 30ന് മുംതാസ് ട്രിബ്യൂണലില്‍ ഹാജരായി. എന്നാല്‍ കേസ് വീണ്ടും പരിഗണിക്കുന്നതിന് പകരം ട്രിബ്യൂണല്‍ ജഡ്ജി അവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അറസ്റ്റ് നടന്നു. അറസ്റ്റിന് കാരണമായ ഉത്തരവിന്റെ പകര്‍പ്പ് പോലും നല്‍കിയില്ലെന്ന് ഇവരുടെ അഭിഭാഷകര്‍ ആരോപിച്ചിരുന്നു. പിന്നാലെ മുംതാസ് ബീഗത്തെ നിര്‍ബന്ധപൂര്‍വം ബംഗ്ലാദേശിലേക്ക് അയയ്ക്കുകയായിരുന്നു.
മുംതാസ് ബീഗത്തെ കാണാതായതിനെ തുടര്‍ന്ന് ഗുവാഹത്തി ഹൈക്കോടതിയില്‍ കുടുംബം ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചു. ഇതോടെയാണ് ഇവരെ ബംഗ്ലാദേശിലേക്ക് അയച്ച വിവരം പുറത്തുവന്നത്. സംഭവത്തില്‍ ഇടപെട്ട കോടതി വിദേശകാര്യ മന്ത്രാലയത്തെ കേസില്‍ കക്ഷിയാക്കുകയും ബംഗ്ലാദേശില്‍ നിന്ന് മുംതാസ് ബീഗത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
നാഗോണ്‍ ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി, നിയമവിരുദ്ധമായ രീതിയിലാണ് മുംതാസ് ബീഗത്തെ രാജ്യത്തിന് പുറത്തേക്ക് അയച്ചതെന്ന് നിരീക്ഷിച്ചു. ട്രിബ്യൂണലിന്റെ നടപടിയില്‍ ദുരുദ്ദേശ്യം വ്യക്തമായിരുന്നുവെന്നും ജസ്റ്റിസുമാരായ കല്യാണ്‍ റായ് സുരാന, സുസ്മിത ഫൂക്കന്‍ ഖൗണ്ട് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചത്.
അസമിലെ അര്‍ധ ജുഡീഷ്യല്‍ സംവിധാനമാണ് ഫോറിനേഴ്സ് ട്രിബ്യൂണലുകള്‍. രേഖകളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ പൗരത്വം സംബന്ധിച്ച കാര്യങ്ങളില്‍ ട്രിബ്യൂണലുകളാണ് തീരുമാനമെടുക്കുന്നത്.