'ഒരു ഭരണഘടനാ സ്ഥാപനം മറ്റൊന്നിന്റെ ഉത്തരവാദിത്തത്തിലേക്ക് കടന്നുകയറരുത്'; ജുഡീഷ്യറിക്കെതിരെ വീണ്ടും ഉപരാഷ്ട്രപതി

ബില്ലുകളിൽ ഒപ്പുവെക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചതിൽ നേരത്തെ സുപ്രിംകോടതിക്കെതിരെ ഉപരാഷ്ട്രപതി വിമർശനമുന്നയിച്ചിരുന്നു.

Update: 2025-05-01 12:57 GMT
Advertising

ന്യൂഡൽഹി: ജുഡീഷ്യറിക്കെതിരെ പരോക്ഷ വിമർശനവുമായി വീണ്ടും വിമർശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഢ്. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനം വളർത്തിയെടുക്കുന്നതിന് അവയുടെ പരിധികൾ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

''ഓരോ സ്ഥാപനത്തിനും അതിന്റേതായ നിർവചിക്കപ്പെട്ട റോൾ ഉണ്ട്, ഒരു സ്ഥാപനവും മറ്റൊന്നിന്റെ ഉത്തരവാദിത്തത്തിലേക്ക് നുഴഞ്ഞുകയറരുത്. നമ്മൾ ഭരണഘടനയെ അതിന്റെ ശരിയായ സ്പിരിറ്റിൽ ബഹുമാനിക്കണം''-ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ധൻഘഢ് പറഞ്ഞു.

എതെങ്കിലും ഭരണഘടനാ സ്ഥാപനത്തിന്റെ പേര് പറയാതെയായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം. ബില്ലുകളിൽ ഒപ്പുവെക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചതിൽ നേരത്തെ സുപ്രിംകോടതിക്കെതിരെ ഉപരാഷ്ട്രപതി വിമർശനമുന്നയിച്ചിരുന്നു.

ഏറ്റവും അപകടകരമായ വെല്ലുവിളികൾ ഉള്ളിൽ നിന്ന് വരുന്നവയാണ്... നമുക്ക് അത് തുറന്നു ചർച്ച ചെയ്യാൻ കഴിയില്ല. ഇതിന് യുക്തിസഹമായ അടിത്തറയില്ല, ദേശീയ വികസനവുമായി യാതൊരു ബന്ധവുമില്ല, ഭരണത്തിൽ വേരൂന്നിയതുമാണ്. ഞാൻ വ്യക്തിപരമായി അത്തരം വെല്ലുവിളികളെ സഹിച്ചിട്ടുണ്ട്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പരസ്പരം ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണ്. സ്ഥാപനങ്ങൾ അതത് മേഖലകളിൽ പ്രവർത്തിക്കുമ്പോൾ മാത്രമേ അത്തരം ബഹുമാനം സാധ്യമാകൂ. ഏറ്റുമുട്ടൽ ഉണ്ടാകുമ്പോൾ, ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കില്ല.

നിയമനിർമാണ സഭക്ക് നിയമപരമായ വിധിന്യായങ്ങൾ പുറപ്പെടുവിക്കാൻ കഴിയില്ല. അത് ജുഡീഷ്യറിയുടെ മേഖലയാണ്, അതുപോലെ ജുഡീഷ്യറിയും വിട്ടുനിൽക്കണം. തനിക്ക് ജുഡീഷ്യറിയോട് വലിയ ബഹുമാനമുണ്ട്. നാല് പതിറ്റാണ്ടിലേറെയായി നിയമം പരിശീലിക്കുന്ന തനിക്ക്, ഏറ്റവും മികച്ച ജഡ്ജിമാർ നമുക്കുണ്ടെന്ന് പറയാൻ കഴിയും. എന്നാൽ സഹകരണ സമീപനമുണ്ടാവണം എന്നാണ് തന്റെ അഭ്യർഥനയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News