Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹൽഗാമിൽ കൊല്ലപ്പെട്ട നേവൽ ഓഫീസർ വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാൾ. ആളുകൾ മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ലെന്ന് ഹിമാൻഷി പറഞ്ഞു.
'എനിക്ക് നിങ്ങളോട് ഒരു കാര്യം കൂടി പറയാനുള്ളത് ഇതാണ്. ആളുകൾ മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരെ പോകുന്നത് നമ്മൾ അനുവദിക്കാൻ പാടില്ല. നമുക്ക് വേണ്ടത് സമാധാനമാണ്. സമാധാനം മാത്രം. തീർച്ചയായും നമുക്ക് നീതി വേണം'-ഹിമാൻഷി പറഞ്ഞു.
മധുവിധു ആഘോഷിക്കാനായിരുന്നു ഹിമാൻഷി ഭർത്താവ് വിനയ് നർവാളിനൊപ്പം പഹൽഗാമിൽ എത്തിയത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനയിയുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതായിരുന്നു. ഏപ്രിൽ 16നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും വിവാഹിതരായത്. നേവിയിൽ ലഫ്റ്റനന്റ് കേണലായിരുന്ന വിനയ് ഹരിയാനയിലെ കർണാൽ സ്വദേശിയാണ്.