മുസ്‌ലിംകൾ പഞ്ചറൊട്ടിക്കുന്നവരെന്ന മോദിയുടെ പരാമര്‍ശം: വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ

ആര്‍എസ്എസിന്റെ വിഭവങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനായി ഉപയോഗിച്ചിരുന്നെങ്കില്‍ മോദിക്ക് കുട്ടിക്കാലത്ത് ചായ വില്‍ക്കേണ്ടി വരില്ലായിരുന്നുവെന്ന് അസദുദ്ദീന്‍ ഉവൈസി

Update: 2025-04-15 09:01 GMT
Advertising

ന്യൂഡൽഹി: മുസ്‌ലിംകൾ പഞ്ചറൊട്ടിക്കുന്നവരെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാക്കാൾ. പരാമര്‍ശം പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി പറഞ്ഞു. ആര്‍എസ്എസ് അതിന്റെ വിഭവങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനായി ഉപയോഗിച്ചിരുന്നെങ്കില്‍ മോദിക്ക് കുട്ടിക്കാലത്ത് ചായ വില്‍ക്കേണ്ടി വരില്ലായിരുന്നുവെന്ന് AIMIM നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി പരിഹസിച്ചു.

പാവപ്പെട്ട ഹിന്ദുക്കളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ ബിജെപി ക്ഷേത്ര ഭൂമി ഉപയോഗിച്ചോയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മി ചോദിച്ചു. വഖഫ് നല്ല രീതിയിൽ ഉപയോഗിച്ചിരുന്നുവെങ്കിൽ മുസ്‍ലിം ചെറുപ്പക്കാർക്ക് പഞ്ചറൊട്ടിക്കേണ്ട അവസ്ഥ വരില്ലായിരുന്നു എന്നായിരുന്നു മോദിയുടെ പരാമർശം. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു പരാമർശമുണ്ടായത്.

‘വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്‍ലിം യുവാക്കള്‍ക്ക് ഉപജീവനത്തിനായി സൈക്കിള്‍ പഞ്ചറുകൾ ഒട്ടിക്കേണ്ടി വരില്ലായിരുന്നു. ഏതാനും ഭൂമാഫിയകൾക്കാണ് വഖഫ് സ്വത്തുക്കളുടെ പ്രയോജനം ലഭിച്ചത്. ഈ മാഫിയ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍, വിധവകള്‍ എന്നിവരുടെ ഭൂമി കൊള്ളയടിച്ചു’ -എന്നായിരുന്നു മോദിയുടെ വാക്കുകൾ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് വഖഫ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News