വഖഫ് ഭേദഗതി നിയമത്തിനെതിരെ മണിപ്പൂരിലെ എൻഡിഎ ഘടകകക്ഷി സുപ്രിംകോടതിയിലേക്ക്

നിയമത്തിനെതിരെ മണിപ്പൂരിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്

Update: 2025-04-09 05:46 GMT
Advertising

ഇംഫാൽ: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മണിപ്പൂരിലെ ഭരണകക്ഷിയും എൻഡിഎ സഖ്യകക്ഷിയുമായ നാഷനൽ പീപ്പിൾസ് പാർട്ടി. സംസ്ഥാനത്തെ ന്യൂനപക്ഷ മുസ്‍ലിം സമുദായമായ മെയ്തേയ് പംഗൽസ് കഴിഞ്ഞദിവസം നിയമത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻപിപിയുടെ പ്രഖ്യാപനം.

കൂടിയാലോചനകളില്ലാതെ കേന്ദ്ര സർക്കാർ ബിൽ പാസാക്കിയതിനെ എൻപിപിയുടെ നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ഷെയ്ഖ് നൂറുൽ ഇസ്‍ലാം അപലപിച്ചു. വഖഫ് ഭേദഗതി നിയമം അനീതിയും മുസ്‍ലിം സമുദായത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തുന്നതുമാണ്. വിശ്വാസം ഊട്ടിയുറപ്പിക്കാനും സാമുദായിക സൗഹാർദം വളർത്താനുമായി നിയമം ഉടൻ പിൻവലിക്കണം. നിയമത്തിനെതിരെ സുപ്രിംകോടതിയിൽ ഹരജി നൽകുമെന്നും നൂറുൽ ഹസ്സൻ വ്യക്തമാക്കി.

ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപുർ ജില്ലകളിലായി ചൊവ്വാഴ്ച മെയ്തേയ് പംഗൽ വിഭാഗങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ബിഷ്ണുപുർ ജില്ലയിലെ കൗകാത നഗരത്തിൽ നടന്ന പ്രടകനത്തിൽ അയ്യായിരത്തോളം പേരാണ് പ​ങ്കെടുത്തത്.

ഇംഫാൽ ഈസ്റ്റിൽ നൂറുകണക്കിന് ​പേർ മനുഷ്യച്ചങ്ങല തീർത്തു. നിയമം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കലാപം നടക്കുന്ന സംസ്ഥാനത്തെ സൗഹാർദ അന്തരീക്ഷം കൂടുതൽ തകരുമെന്നും സമരക്കാർ വ്യക്തമാക്കി.

ഞായറാഴ്ചയും ഇംഫാൽ വാലിയിൽ നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ബിജെപി മൈനോറിറ്റി മോർച്ച മണിപ്പൂർ പ്രസിഡന്റും മെയ്തേയ് പംഗൽ നേതാവുമായ അസ്കർ അലിയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. വഖഫ് ഭേദഗതി​ നിയമത്തെ പിന്തുണച്ചുകൊണ്ട് അസ്കർ അലി സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News