'എന്ത് വിലകൊടുത്തും സമാധാനം പുനഃസ്ഥാപിക്കും'; ബംഗാളിൽ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ഗവർണർ

മുർഷിദാബാദിൽ ഗവർണർ സിവി ആനന്ദ ബോസ് രണ്ട് ദിവസത്തെ അടിസ്ഥാനതല വിലയിരുത്തൽ നടത്തും

Update: 2025-04-18 04:32 GMT
Editor : സനു ഹദീബ | By : Web Desk
Advertising

കൊൽക്കത്ത: എന്ത് വിലകൊടുത്തും പശ്ചിമ ബംഗാളിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. വഖഫ് നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ അക്രമ സംഭവങ്ങൾ ഉണ്ടായ മുർഷിദാബാദിൽ അദ്ദേഹം ഔദ്യോഗിക സന്ദർശനം നടത്തി. മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് നീക്കം. മുർഷിദാബാദിൽ രണ്ട് ദിവസത്തെ അടിസ്ഥാനതല വിലയിരുത്തൽ നടത്തും.

"എനിക്ക് മുർഷിദാബാദിലേക്ക് പോകണം. അവിടെ നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. അത്തരം സംഭവങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. എനിക്ക് അവിടെ നേരിട്ടെത്തി യാഥാർഥ്യമെന്തെന്ന് പരിശോധിക്കണം. എന്ത് വില കൊടുത്തതും സമാധാനം പുനഃസ്ഥാപിക്കണം," സിവി ആനന്ദ ബോസ് വ്യക്തമാക്കി.

സംസ്ഥാനത്ത് സംഘർഷാവസ്ഥ അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഗവർണറുടെ പ്രതികരണം. മുർഷിദാബാദിൽ കേന്ദ്ര സേനയുടെ വിന്യാസം നീട്ടണമെന്നും അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി വ്യാഴാഴ്ച കൽക്കട്ട ഹൈക്കോടതി പരിഗണിച്ചിരുന്നു. അക്രമസംഭവങ്ങൾ വിവരിക്കുന്ന ഒരു റിപ്പോർട്ട് സംസ്ഥാനം ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. മാരകായുധങ്ങൾ കൊണ്ട് ജനക്കൂട്ടം സാധാരണക്കാരെയും പൊലീസിനെയും ആക്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

മുർഷിദാബാദിലേക്ക് ജില്ലയിലേക്ക് ദേശീയ വനിതാ കമ്മീഷൻ (NCW) വസ്തുതാന്വേഷണ സംഘത്തെ അയക്കുന്നതിന് തൊട്ടു മുൻപായാണ് ഗവർണറുടെ സന്ദർശനം. അധികൃതർക്ക്  വിവരങ്ങൾ നൽകുന്നുണ്ടെന്നും, സന്ദർശനത്തിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും ഗവർണർ പറഞ്ഞു.


Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News