'ശരീഅ കോർട്ട് ഓഫ് ഇന്ത്യ'; വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിംകോടതിക്കെതിരെ സംഘ്പരിവാർ സൈബറാക്രമണം
സുപ്രിംകോടതി കെട്ടിടത്തെ പള്ളി മിനാരമായി ചിത്രീകരിക്കുന്നതും ഇന്ത്യയുടെ ദേശീയ പതാകക്ക് പകരം കോടതിക്ക് മുകളിൽ പാകിസ്താൻ പതാക പാറുന്ന രീതിയിലുള്ള ചിത്രങ്ങളും എക്‌സിൽ പ്രചരിക്കുന്നുണ്ട്.
കോഴിക്കോട്: വഖഫ് ഭേദഗതി നിയമം സുപ്രിംകോടതി പരിഗണിച്ചതിന് പിന്നാലെ സംഘ്പരിവാർ സൈബറാക്രമണം. സംഘ്പരിവാർ അനുകൂല സൈബർ പേജുകളിൽ നിന്ന് നിരവധി പോസ്റ്റുകളാണ് സുപ്രിംകോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വന്നത്. 'ശരീഅ കോർട്ട് ഓഫ് ഇന്ത്യ' എന്നാണ് മിസ്റ്റർ സിൻഹ എന്ന പേജിൽ നിന്ന് ട്വീറ്റ് ചെയ്തത്.
— Hate Detector 🔍 (@HateDetectors) April 18, 2025
''ശരീഅത്തിനെ പിന്തുണക്കുന്നവർക്ക് വൻ വിജയം. 'ഉപയോഗത്തിലൂടെ വഖഫ്' ഒരാഴ്ച കൂടി നീട്ടി നൽകിയിരിക്കുന്നു. നിലവിലുള്ള വഖഫ് സ്വത്തുക്കളിൽ ഒരു മാറ്റവുമില്ല. ശരീഅത്ത് അനുസൃതമായ സ്റ്റാറ്റസ് കോ നിലനിൽക്കുന്നു. സുപ്രിംകോടതി ഇടക്കാല സ്‌റ്റേ ഭീഷണി മുഴക്കിയതിനാൽ കേസ് വാദിക്കാൻ എൻഡിഎക്ക് ഒരാഴ്ച കൂടി നീട്ടി കിട്ടി''- നെറ്റ് വർക്ക് 18 കൺസൽട്ടിങ് എഡിറ്ററും 'മോഡി ആൻഡ് ഇന്ത്യ, 2024 ആൻഡ് ദ ബാറ്റിൽ ഫോർ ഭാരത്' പുസ്തകത്തിന്റെ രചയിതാവുമായ രാഹുൽ ശിവശങ്കർ ട്വീറ്റ് ചെയ്തു.
Will @indSupremeCourt take suo motu action against these trolls?#SupremeCourt pic.twitter.com/un28BBdR7x
— Hate Detector 🔍 (@HateDetectors) April 18, 2025
പാർലമെന്റ് പാസാക്കിയ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തെ വിമർശിക്കലാണെന്നും വിമർശിക്കുന്നവരുണ്ട്. സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്. സർക്കാർ തീരുമാനത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. ജഡ്ജിമാരെ ഏതാനും ഉന്നതർ ചേർന്ന് തീരുമാനിക്കുന്നതാണ്. അവർക്ക് ജനങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് തീരുമാനിക്കാനാവില്ലെന്നും മിസ്റ്റർ സിൻഹ ട്വീറ്റ് ചെയ്തു.
സുപ്രിംകോടതി കെട്ടിടത്തെ പള്ളി മിനാരമായി ചിത്രീകരിക്കുന്നതും ഇന്ത്യയുടെ ദേശീയ പതാകക്ക് പകരം കോടതിക്ക് മുകളിൽ പാകിസ്താൻ പതാക പാറുന്ന രീതിയിലുള്ള ചിത്രങ്ങളും എക്‌സിൽ പ്രചരിക്കുന്നുണ്ട്.
വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും അതിനിടെ കേന്ദ്ര സംസ്ഥാന വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്നും സുപ്രിംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. നിയമം പൂർണമായി സ്റ്റേ ചെയ്യില്ല. തർക്ക ഭൂമിയിൽ അന്തിമ തീരുമാനം സുപ്രിംകോടതിയുടേതായിരിക്കും. നിലവിലെ വഖഫ് ഭൂമികൾ വഖഫ് അല്ലാതാക്കി മാറ്റരുതെന്നും കോടതി പറഞ്ഞിരുന്നു.