സ്ത്രീകൾക്കെതിരായ പരാമര്‍ശം; മന്ത്രി കെ.പൊന്‍മുടിയെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് നീക്കി സ്റ്റാലിൻ

ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് പൊന്‍മുടി നടത്തിയ പരാമര്‍ശമാണ് വിവാദമായത്

Update: 2025-04-11 08:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: സ്ത്രീകൾക്കെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ തമിഴ്നാട് വനം മന്ത്രി കെ.പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് പൊന്‍മുടി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പകരം സ്റ്റാലിൻ രാജ്യസഭാ എംപി തിരുച്ചി ശിവയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. അതേസമയം, പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവും ജനറൽ സെക്രട്ടറിയും ജലവിഭവ മന്ത്രിയുമായ ദുരൈമുരുകൻ അടുത്തിടെ വികലാംഗരെ പരാമർശിക്കാൻ ഉപയോഗിച്ച വാക്കുകൾക്ക് ക്ഷമാപണം നടത്തി.

ദ്രാവിഡ പ്രസ്ഥാനത്തിലെ പ്രശസ്ത പ്രഭാഷകനായ തിരുവാരൂർ കെ. തങ്കരശുവിന്‍റെ ശതാബ്ദി വർഷത്തിന്‍റെ സ്മരണയ്ക്കായി ടിപിഡികെ സംഘടിപ്പിച്ച പരിപാടിയിലാണ് പൊന്മുടിയുടെ വിവാദ പരാമര്‍ശം. പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് വിവാദമാകുകയും കടുത്ത വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. പരാമര്‍ശങ്ങളിലൂടെ മന്ത്രി തമിഴ്‌നാട്ടിലെ വനിതകളെ അധിക്ഷേപിച്ചെന്നായിരുന്നു വിമര്‍ശനം. ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും പാർലമെന്‍ററി പാർട്ടി നേതാവുമായ കനിമൊഴിയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. "മന്ത്രി പൊന്മുടിയുടെ സമീപകാല പ്രസംഗം അംഗീകരിക്കാനാവില്ല. എന്ത് കാരണത്താലാണ് അദ്ദേഹം സംസാരിച്ചത്, അത്തരം അസഭ്യ വാക്കുകൾ അപലപനീയമാണ്," എന്നാണ് കനിമൊഴി എക്സിൽ കുറിച്ചത്.

"ഇതാണ് തമിഴ്‌നാട്ടിലെ ഡിഎംകെയുടെ രാഷ്ട്രീയ സംവാദത്തിന്‍റെ നിലവാരം. പൊന്മുടി ഒരുകാലത്ത് തമിഴ്‌നാടിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു, ഇപ്പോൾ വനം, ഖാദി മന്ത്രിയാണ്, തമിഴ്‌നാട്ടിലെ യുവാക്കൾ ഈ വൃത്തികേട് സഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?" തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ ചോദിച്ചു. "മന്ത്രി പൊന്മുടി തന്‍റെ പദവിയിൽ തുടരുന്നത് ലജ്ജാകരമാണ്. മുഖ്യമന്ത്രി സ്റ്റാലിൻ, പൊന്മുടിയെ അറസ്റ്റ് ചെയ്യാൻ നിങ്ങൾ ഉത്തരവിടുമോ," ബിജെപിയുടെ തമിഴ്‌നാട് യൂണിറ്റ് വൈസ് പ്രസിഡന്‍റ് നാരായണൻ തിരുപ്പതി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News