മംഗളൂരു വിദ്വേഷ കൊല: ഒരാൾ കൂടി അറസ്റ്റിൽ
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി
മംഗളൂരു:മംഗളൂരുവിലെ കുഡുപ്പുവിൽ മാനസിക വെല്ലുവിളി നേരിടുന്ന മലയാളി മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. സംഭവത്തിന് ശേഷം ഒളിവിൽ പോയ കെ.അനിൽ എന്നയാളെ ഗോകക്കിൽ നിന്നാണ് പിടികൂടിയത്.
കൊലപാതകത്തിന് പ ശേഷം ഒളിവിൽ പോയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന 15 ഓളം വ്യക്തികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരിൽ പലരുടെയും ചോദ്യം ചെയ്യലുകൾ പുരോഗമിക്കുകയാണ്. കുഡുപ്പു അധികാരപരിധിയിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് അഗർവാൾ പറഞ്ഞു. ആ ദിവസത്തെ സംഭവങ്ങൾ പുനരാവിഷ്കരിക്കുകയും കൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിയുന്നതിനും ദൃക്‌സാക്ഷികളിൽ നിന്ന് സഹായം തേടാനും ശ്രമിക്കും. അന്വേഷണം പുരോഗമിക്കുമ്പോഴും സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. ആക്രമണത്തിന് പിന്നിലെ കാരണത്തിന് ഇതുവരെ നിർണായക തെളിവുകൾ ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടയാള്‍ 'പാകിസ്താൻ സിന്ദാബാദ്' മുദ്രാവാക്യങ്ങൾ വിളിച്ചു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് മംഗളൂരു കുഡുപ്പിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നേരത്തെ സംഘ് പരിവാറാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു.കൈകൾ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മർദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ സംഘ്പരിവാർ നടത്തിയ ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും,നടപടി എടുക്കാത്തതിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.