മാർപ്പാപ്പ തെരഞ്ഞെടുപ്പ്: ഇന്ത്യയില്‍ നിന്ന് നാലുപേര്‍ക്ക് വോട്ടവകാശം,മലയാളികള്‍ക്ക് അഭിമാനമായി രണ്ടു കര്‍ദിനാളുമാര്‍
ജോർജ്ജ് കൂവക്കാട് ഇന്ത്യയിലെ പ്രായം കുറഞ്ഞ കർദിനാൾ
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നവരിൽ നാല് പേർ ഇന്ത്യയിൽ നിന്നുള്ളവര്‍. ഇതില്‍ മലയാളികള്‍ക്ക് അഭിമാനമായി രണ്ടു കര്‍ദിനാളുമാരുണ്ടെന്നതും ശ്രദ്ധേയമാണ്. സീറോ മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പായ കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ചങ്ങനാശ്ശേരി അതിരൂപതാംഗമായ കര്‍ദിനാള്‍ മാർ ജോർജ് ജേക്കബ് കൂവക്കാട്, കര്‍ദിനാള്‍ ഫിലിപ്പ് നേരി, കര്‍ദിനാള്‍ ആന്റണി പൂല എന്നിവരാണ് 80 വയസ്സിൽ താഴെ പ്രായമുള്ള വോട്ടവകാശമുള്ള ഇന്ത്യയില്‍ നിന്നുള്ളവര്‍.
കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയിൽ 6 കർദിനാൾമാർ ഉണ്ടെങ്കിലും 80 വയസായ ഓസ്‌വാൾഡ് ഗ്രേഷ്യസിനും മാർ ജോർജ് ആലഞ്ചേരിക്കും വോട്ട് ചെയ്യാൻ സാധിക്കില്ല.
വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കുന്ന കോണ്‍ക്ലേവിലേക്കാണ് ആഗോള ശ്രദ്ധ മുഴുവനും. കോൺക്ലേവിൽ പ്രവേശിക്കാൻ അർഹതയുള്ള കർദിനാളന്മാരുടെ സംഖ്യ 135 ആണെങ്കിലും രണ്ടു പേർ ആരോഗ്യപരമായ കാരണങ്ങളാൽ വിട്ടുനില്‍ക്കുന്നതിനാല്‍ 133 പേര്‍ക്കാണ് വോട്ടവകാശം.
കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട് കേവലം ആറ് മാസത്തിനകം നടക്കാന്‍ പോകുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുവാനുള്ള അപൂര്‍വഭാഗ്യമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാടിന് ലഭിച്ചിരിക്കുന്നത്. വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ തലവന്‍ കൂടിയാണ് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്.കര്‍ദിനാളായി ബസേലിയോസ് ക്ലിമീസ് ബാവയെ ഉയര്‍ത്തിയത് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ കാലത്തായിരുന്നു.
ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരിയെയും ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്റണി പൂലയെയും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത് ഫ്രാന്‍സിസ് പാപ്പയായിരിന്നു. 2022 ആഗസ്റ്റ് 27നു വിളിച്ചുകൂട്ടിയ കൺസിസ്റ്ററിയിൽവെച്ചാണ് കർദിനാള്‍ സ്ഥാനത്തേക്ക് ഇരുവരും ഉയര്‍ത്തപ്പെട്ടത്.