ഒഡിഷ കലിംഗ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ
രണ്ട് മാസത്തിനിടെ ജീവനൊടുക്കുന്നത് രണ്ടാമത്തെ നേപ്പാൾ വിദ്യാർത്ഥി
ഭുവനേശ്വർ: ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ (കെഐഐടി) വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. നേപ്പാളിൽ നിന്നുള്ള വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. രണ്ട് മാസം മുമ്പ് മറ്റൊരു നേപ്പാൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് കാമ്പസിനെ പിടിച്ചുലച്ചിരുന്നു.
വിദ്യാർത്ഥിനിയെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റൽ മുറിയിൽ രാത്രി എട്ട് മണിയോടെ ഹോസ്റ്റൽ വാർഡനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നേപ്പാളിലെ ബിർഗുഞ്ച് സ്വദേശിയായ പെൺകുട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്. വൈകുന്നേരം ഏഴ് മണിക്ക് ഹാജർ എടുത്ത സമയത്ത് വിദ്യാർത്ഥിനിയുണ്ടായിരുന്നില്ല.
തുടർന്ന് നടത്തിയ പരിശോധനയിൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭുവനേശ്വർ പൊലീസ് കമ്മീഷണർ എസ് ദേവ് ദത്ത സിങിന്റെ നേതൃത്വത്തിലുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ‘അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള ദുരൂഹത അന്വേഷിക്കും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എയിംസിലേക്ക് മാറ്റിയതായി’ കമ്മീഷണർ പറഞ്ഞു.
ഡൽഹിയിലെ നേപ്പാൾ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും മാതാപിതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഓഫീസർ കൂട്ടിച്ചേർത്തു. മാതാപിതാക്കൾ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും സ്ഥാപനം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കെഐഐടി അധികൃതർ പറഞ്ഞു.