'അതിർത്തിയിലെ പ്രകോപനത്തിന് ശക്തമായ തിരിച്ചടി': പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
പഹൽഗാം ഭീകരാക്രമണത്തിൽ പാക് ബന്ധം തെളിയിക്കുന്ന കൂടുതൽ റിപ്പോർട്ടുകളും എന്‍ഐഎ പുറത്തുവിട്ടു
ന്യൂഡല്‍ഹി: അതിർത്തിയിൽ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്. യുപിയിലെ ഗംഗ എക്‍സ്പ്രസ് വേയിൽ വ്യോമസേനയുടെ പരിശീലനം രാത്രിയും തുടർന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാക് ബന്ധം തെളിയിക്കുന്ന കൂടുതൽ റിപ്പോർട്ടുകളും എന്‍ഐഎ പുറത്തുവിട്ടു.
പഹൽഗാം ആക്രമണം കഴിഞ്ഞ് 10 ദിവസം പിന്നിട്ടിട്ടും അതിർത്തിയിൽ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിലെ പാക് വെടിവെപ്പിൽ ശക്തമായ ഭാഷയിൽ സൈന്യം മറുപടി നൽകി. അതിർത്തിയിലെ സൈനിക വിന്യാസവും വർധിപ്പിച്ചിട്ടുണ്ട്. നാവിക, വ്യോമസേനങ്ങളുടെ പരിശീലനം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയും റഫാൽ, ജാഗ്വാർ , മിറേഷ് യുദ്ധവിമാനങ്ങൾ പരിശീലനം നടത്തി
അതേസമയം, ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്താൻ ചാരസംഘടന ഐഎസ്ഐയും ലഷ്കർ ഇ തൊയ്ബയും എന്നാണ് എൻഐഎയുടെ പ്രാഥമിക റിപ്പോർട്ട്. ഇലക്ട്രോണിക്, ഫോറൻസിക് തെളിവുകൾ എൻഐഎ പരിശോധിച്ചു .ആക്രമണം നടന്ന സ്ഥലത്ത് ത്രിമാന മാപ്പിങ്ങും പൂർത്തിയായി. എന്‍ഐഎ ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ ഇതിനകം 2800 പേരെ ചോദ്യം ചെയ്തു. 150-ഓളം പേര്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. വനമേഖലയിൽ സംയുക്തസേനയുടെ തിരച്ചിലും പുരോഗമിക്കുകയാണ്.