മനുഷ്യമനസാക്ഷിയെ നടുക്കിയ മണിപ്പൂർ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഇന്ന് രണ്ട് വർഷം; ഇതുവരെ തിരിഞ്ഞുനോക്കാതെ പ്രധാനമന്ത്രി

സംസ്ഥാനത്ത് അടച്ചിടലിന് ആഹ്വാനം ചെയ്ത് വിദ്യാർഥി,ആദിവാസി സംഘടനകൾ

Update: 2025-05-03 01:14 GMT
Editor : Lissy P | By : Web Desk
Advertising

ഇംഫാല്‍: മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും ഇതുവരെ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. രണ്ടു വർഷം പിന്നിട്ടിട്ടുംപ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനും തയ്യാറായിട്ടില്ല.

മെയ്തെയ്കളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന മണിപ്പൂർ ഹൈക്കോടതി ഉത്തരവാണ് എല്ലാത്തിന്റെയും തുടക്കം. ഇതിനെതിരെ 2023 മേയ് 3 ന് ചുരാചന്ദ്പുരിൽ നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചോടെയാണ് കലാപം ആരംഭിക്കുന്നത്. പിന്നീട് ഇങ്ങോട്ട് രാജ്യം കണ്ടത് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു.

സ്ത്രീകളും കുട്ടികളും കൊലചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെത് അടക്കം വീടുകൾ അഗ്നിക്കിരയായി. വാഹനങ്ങൾ കത്തിച്ചു. ജനങ്ങൾ പല നാടുകളിലേക്ക് പലായനം ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം 250 ൽ അധികം പേരാണ് കൊല്ലപ്പെട്ടത്. 60,000 പേർ പലായനം ചെയ്തു. കലാപം ആരംഭിച്ചത് രണ്ടു വർഷം പിന്നിടുമ്പോഴും മണിപ്പൂരിൽ ഇതുവരെ സമാധാനം പുനഃസ്ഥാപിച്ചിട്ടില്ല. രാജിവെക്കില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി എൻ ബിരേൻ സിംങ്ങ് സ്വന്തം പാർട്ടിയിൽ നിന്നും എതിർപ്പുയർന്നതോടെ ഒടുവിൽ രാജിവച്ചൊഴിഞ്ഞു. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മണിപ്പൂർ സന്ദർശിക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരിക്കൽ പോലും കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മോദി മണിപ്പൂർ സന്ദർശിച്ചില്ല. രണ്ടാം വർഷം തികയുന്ന ദിവസത്തിൽ കനത്ത സുരക്ഷയാണ് മണിപ്പൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വിദ്യാർത്ഥി സംഘടനകളും ആദിവാസി ഗ്രൂപ്പുകളും ഇന്ന് സംസ്ഥാനത്ത് അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News