മുള്ളൻ പന്നിയുടെയും ഉടുമ്പിന്റെയും മാംസം കഴിച്ചു; നടി ഛായ കദമിനെതിരെ വനംവകുപ്പ് അന്വേഷണം
മറാഠി റേഡിയോ ചാനലിന് നൽകിയ വീഡിയോ അഭിമുഖത്തിൽ ഛായ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
മുംബൈ: ഹിന്ദി–മറാഠി നടി ഛായ കദമിനെതിരെ വനംവകുപ്പ് അന്വേഷണം. മുള്ളൻ പന്നിയുടെയും ഉടുമ്പിന്റെയും മാംസം കഴിച്ചുവെന്ന ആരോപണത്തിലാണ് നടപടി. മുംബൈ ആസ്ഥാനമായുള്ള പ്ലാന്റ് ആൻഡ് ആനിമൽ വെൽഫെയർ സൊസൈറ്റി (PAWS) എന്ന സംഘടനയാണ് ഛായക്കെതിരെ പരാതി നൽകിയത്. അടുത്തിടെ മറാഠി റേഡിയോ ചാനലിന് നൽകിയ വീഡിയോ അഭിമുഖത്തിൽ ഛായ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്വേഷണത്തിനായി നടിയെ ഉടൻ വിളിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോലി ആവശ്യത്തിനായി പുറത്ത് പോയിരിക്കുകയാണെന്നും, നാല് ദിവസത്തിന് ശേഷമേ തിരിച്ചെത്തൂ എന്നും ഇവർ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ഡിഎഫ്ഒയ്ക്കും സംഭവം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. പരാതി ലഭിച്ചതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (വിജിലൻസ്) റോഷൻ റാത്തോഡ് സ്ഥിരീകരിച്ചു.
മിർച്ചി മറാത്തിയുമായുള്ള ഛായയുടെ അഭിമുഖം കണ്ടതായി പരാതിയിൽ പറയുന്നു. അതിൽ മാൻ, മുയലുകൾ, കാട്ടുപന്നി, ഉടുമ്പ്, മുള്ളൻപന്നി തുടങ്ങിയ സംരക്ഷിത വന്യജീവികളുടെ മാംസം കഴിച്ചതായി ഛായ അവകാശപ്പെടുന്നുണ്ട്. ഇത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഛായക്കും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.