'ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് സർക്കാർ ലക്ഷ്യം'; വഖഫ് നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മമത ബാനർജി
വഖഫ് ഭേദഗതി നിയമം കേരളത്തെ ബാധിക്കില്ലെന്ന് വഖഫ് മന്ത്രി വി.അബ്ദുറഹിമാൻ
കൊൽക്കത്ത: വഖഫ് നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് സർക്കാർ ലക്ഷ്യം. ഒരുമിച്ച് നിന്നാൽ നമുക്ക് വിജയിക്കുവാൻ സാധിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ കണക്കുന്നതിനിടെയാണ് പ്രസ്താവന.
സംസ്ഥാനത്തെ മുസ്‍ലിം സമൂഹത്തിന് അവരുടെ സ്വത്തുക്കളുടെ സംരക്ഷണം തന്‍റെ സർക്കാർ ഉറപ്പാക്കുമെന്ന് മമത നേരത്തെ പറഞ്ഞിരുന്നു. മതത്തിന്‍റെ അടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിക്കാൻ അനുവദിക്കില്ലെന്നും മമത ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, വഖഫ് ഭേദഗതി നിയമം കേരളത്തെ ബാധിക്കില്ലെന്ന് വഖഫ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിയമം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പുതിയ നിയമം കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും, വികാരത്തിന്റെ പുറത്താണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വഖഫ് ഭേദഗതി നിയമത്തിനെതിരെ സമാജ് വാദി പാർട്ടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സിയാവുർ റഹ്മാൻ ബാർഖ എംപിയാണ് ഹരജി നൽകിയത്. നിയമം ഭരണഘടന വിരുദ്ധമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.