വഖഫ് നിയമത്തിനെതിരെ ബംഗാളിൽ പ്രതിഷേധം ശക്തം; മുസ്‍ലിംകളുടെ സ്വത്തിന് സംരക്ഷണം നൽകുമെന്ന് മമത ബാനര്‍ജി

ഐക്യത്തിന് വേണ്ടി വാദിച്ച മമത, മതത്തിന്‍റെ അടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞു

Update: 2025-04-09 08:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊൽക്കത്ത: വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ, സംസ്ഥാനത്തെ മുസ്‍ലിം സമൂഹത്തിന് അവരുടെ സ്വത്തുക്കളുടെ സംരക്ഷണം തന്‍റെ സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ജൈന സമൂഹം സംഘടിപ്പിച്ച വിശ്വ നവ്കർ മഹാമന്ത്ര ദിവസിൽ സംസാരിക്കവെ, ഐക്യത്തിന് വേണ്ടി വാദിച്ച മമത, മതത്തിന്‍റെ അടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞു.

"നിങ്ങൾ എന്നെ വെടിവെച്ചാലും  എല്ലാ മതങ്ങളുടെയും എല്ലാ ഉത്സവങ്ങളിലും ഞാൻ പങ്കെടുക്കും.  എന്നേക്കും ഐക്യത്തിനായി ശബ്ദിക്കും. ബംഗാളിൽ വിഭജനം ഉണ്ടാകില്ല. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക " തൃണമൂൽ നേതാവ് പറഞ്ഞു.

അതേസമയം വഖഫ് നിയമത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. ചൊവ്വാഴ്ച മുർഷിദാബാദിലെ ജംഗിപൂരിൽ ഒരു കൂട്ടം പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് വാഹനങ്ങൾ കത്തിക്കുകയും കല്ലെറിയുകയും ചെയ്തു.പ്രദേശത്ത് വലിയൊരു പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. "ചില സംഘടനകൾ പ്രതിഷേധ റാലികൾക്ക് ആഹ്വാനം ചെയ്യുകയും ഒരു ദേശീയ പാത ഉപരോധിക്കുകയും ചെയ്തിരുന്നു. പൊലീസ് ഉപരോധം നീക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നത്. എന്നിരുന്നാലും, ഇപ്പോൾ പൊലീസ് പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്, സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്," മുർഷിദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് രാജർഷി മിത്ര വ്യക്തമാക്കി. ജംഗിപൂരിലും മുർഷിദാബാദിലെ മറ്റ് പ്രദേശങ്ങളിലും നിരവധി സംഘടനകളുടെ പ്രതിഷേധ റാലികൾ നടന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു.

വിവിധ പ്രദേശങ്ങളിലായി നിരവധി പേർ തെരുവിലിറങ്ങി. പ്രതിഷേധക്കാരിൽ ഒരു വിഭാഗം ഉച്ചയോടെ ജംഗിപൂരിലെ ഉമർപൂർ ക്രോസിംഗ് തടഞ്ഞതോടെ ദേശീയ പാത 12ൽ ഗതാഗതം തടസപ്പെട്ടു. തുടക്കത്തിൽ, ഉപരോധം പിൻവലിക്കാൻ പൊലീസ് പ്രതിഷേധക്കാരോട് അഭ്യർഥിച്ചെങ്കിലും അവർ വഴങ്ങിയില്ല. പിന്നീട്, പൊലീസ് ബലം പ്രയോഗിച്ച് ഉപരോധം നീക്കാൻ ശ്രമിച്ചപ്പോൾ, പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും അവർക്ക് നേരെ കല്ലെറിയുകയും ചെയ്തു. പ്രതിഷേധക്കാർ രണ്ട് പൊലീസ് ജീപ്പുകളും കത്തിച്ചു.റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉൾപ്പെടെയുള്ള വലിയൊരു പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

''പശ്ചിമ ബംഗാളിലെ പരാജയപ്പെട്ട മുഖ്യമന്ത്രി പ്രക്ഷുബ്ധമായ ബംഗ്ലാദേശിനെ ഓർമിപ്പിക്കുന്നു. സർക്കാർ സ്പോൺസർ ചെയ്ത തുറന്ന പിന്തുണയോടെ വഖഫ് വിരുദ്ധ പ്രസ്ഥാനം എത്രത്തോളം വളർന്നുവെന്ന് നോക്കൂ'' ബിജെപി ബംഗാൾ അധ്യക്ഷൻ സുകാന്ത മജുംദാർ എക്സിൽ കുറിച്ചു.

"വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ബംഗാളിലും മുർഷിദാബാദിലും ഞങ്ങൾ തുടർച്ചയായി പ്രതിഷേധിക്കുന്നു. ജംഗിപൂരിൽ ചൊവ്വാഴ്ച റാലിക്ക് ചില സംഘടനകൾ ആഹ്വാനം ചെയ്തു. അത് സമാധാനപരമായ ഒരു റാലിയായിരുന്നു. പക്ഷേ, പൊലീസിന്‍റെ ഇടപെടലലാണ് അക്രമാസക്തമാക്കിയത്. ജനങ്ങൾ രോഷാകുലരായി. പൊലീസ് ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കി ശരിയായ രീതിയിൽ അത് കൈകാര്യം ചെയ്യണമായിരുന്നു. ഈ ജില്ലയിൽ ജനസംഖ്യയുടെ 70 ശതമാനത്തിലധികവും മുസ്‍ലിംകളാണ്. പൊലീസ് പക്വത കാണിക്കേണ്ടതുണ്ട്. മമത ബാനർജി ഇവിടെ വർഗീയ ധ്രുവീകരണം കൊണ്ടുവരുന്നു, ഇതിന്‍റെ നേട്ടം ബിജെപി നേടുന്നു'' കോൺഗ്രസ് നേതാവ് അധിര്‍ ചൗധരി പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News