ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും അന്വേഷണ ഏജൻസികളുടെ ചരിത്രത്തിലും ഏറ്റവും സങ്കീർണവും ദുരൂഹവുമായ ഒരു കേസിന്റെ നാൾവഴികളാണ് 2006ലെ മാലേഗാവ് സ്‌ഫോടനം. മഹാരാഷ്ട്രയിലെ മാലേഗാവിൽ 37 പേരുടെ ജീവനെടുത്ത സ്‌ഫോടനം നടന്നിട്ട് ഏകദേശം രണ്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. മഹാരാഷ്ട്ര എടിഎസ്, സിബിഐ, എൻഐഎ എന്നീ മൂന്ന് അന്വേഷണ ഏജൻസികൾ മാറിമാറി അന്വേഷിച്ചിട്ടും ഇന്ന് ആ കേസിൽ വിചാരണ നേരിടാൻ ഒരു പ്രതി പോലുമില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. കേസിൽ അവശേഷിച്ചിരുന്ന അവസാനത്തെ നാല് പ്രതികളെയും ബോംബെ ഹൈക്കോടതി ഇന്നലെ കുറ്റമുക്തരാക്കിയതോടെ, ഈ കേസ് പൂർണമായും വഴിമുട്ടിയ അവസ്ഥയിലാണ്.
രക്തം വീണ സായാഹ്നം: പ്രാർഥനകൾ നിലച്ച നിമിഷം
2006 സെപ്റ്റംബർ 8. മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള മാലേഗാവ് നഗരത്തിലെ ജനങ്ങൾ വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞ് പുറത്തിറങ്ങുന്ന സമയം. കൃത്യം ഉച്ചയ്ക്ക് 1:50ഓടെ നഗരത്തെ നടുക്കിക്കൊണ്ട് നാല് തുടർച്ചയായ ബോംബ് സ്‌ഫോടനങ്ങൾ നടന്നു. ഹമീദിയ മസ്ജിദ്, ബഡാ ഖബർസ്ഥാൻ എന്നിവയുടെ പ്രവേശന കവാടത്തിലും, കോമ്പൗണ്ടിലെ സൈക്കിൾ പാർക്കിങ്ങിലും, പവർ സപ്ലൈ റൂമിലുമായാണ് ബോംബുകൾ വെച്ചിരുന്നത്. തിരക്കേറിയ മുശാവറത്ത് ചൗക്കിൽ ഒരു സൈക്കിളിലും സ്‌ഫോടനം നടന്നു. ആക്രമണ സ്ഥലത്തുവെച്ച് 31 പേർ കൊല്ലപ്പെടുകയും 312 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വേട്ടക്കാരെ തേടിയുള്ള യാത്ര: ആദ്യത്തെ വഴിത്തിരിവ്
തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ്, 2006 ഒക്ടോബറിൽ മഹാരാഷ്ട്ര ആന്റി ടെററിസം സ്ക്വാഡിന് കൈമാറി. നിരോധിത സംഘടനയായ സിമിയുമായി ബന്ധമുള്ള 13 മുസ്‌ലിം യുവാക്കളാണ് ഇതിന് പിന്നിലെന്നായിരുന്നു എടിഎസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നൂറുൽ ഹുദ, ഷബീർ മസിയുല്ല തുടങ്ങി ഒമ്പത് പേരെ അവർ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ടുപേരെ 2006ൽ തന്നെ നടന്ന മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലും എടിഎസ് പ്രതി ചേർത്തിരുന്നു.
മുംബൈയിൽ നടന്ന ഒരു വിവാഹച്ചടങ്ങിൽ വെച്ച് പാകിസ്താൻ പൗരന്മാരുടെ സഹായത്തോടെയാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നായിരുന്നു എടിഎസ് വാദം. പൊലീസിന്റെ നിർബന്ധത്തിന് വഴങ്ങി നൽകിയ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിൽ ഈ യുവാക്കൾക്ക് തങ്ങളുടെ ജീവിതത്തിലെ ആറ് വർഷങ്ങളാണ് ജയിലഴിക്കുള്ളിൽ ഹോമിക്കേണ്ടി വന്നത്.
അപ്രതീക്ഷിത വെളിപ്പെടുത്തൽ: അസിമാനന്ദയും പാളം തെറ്റിയ അന്വേഷണവും
2007ൽ കേസ് സിബിഐ ഏറ്റെടുത്തു. തുടക്കത്തിൽ എടിഎസിന്റെ കണ്ടെത്തലുകൾ തന്നെ ശരിവെച്ച സിബിഐയെ കാത്തിരുന്നത് മറ്റൊരു വലിയ വഴിത്തിരിവായിരുന്നു. 2007ൽ ഹൈദരാബാദിലെ മക്കാ മസ്ജിദിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2010ൽ സിബിഐ സ്വാമി അസിമാനന്ദയെ അറസ്റ്റ് ചെയ്തു. മാലേഗാവ് ഉൾപ്പെടെയുള്ള പല സ്‌ഫോടനങ്ങൾക്ക് പിന്നിലും സുനിൽ ജോഷിയും സംഘവുമാണെന്ന് അസിമാനന്ദ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകി. ഇതോടെ കേസിന്റെ ഗതി ആകെ മാറിമറിഞ്ഞു.
എൻഐഎയുടെ പ്രവേശം: ചങ്ങല പൊട്ടുന്ന നിഗൂഢതകൾ
തീവ്രവാദ കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച ദേശീയ അന്വേഷണ ഏജൻസി 2011ൽ മാലേഗാവ് കേസ് ഏറ്റെടുത്തതോടെ പഴയ കണ്ടെത്തലുകൾ പൂർണമായും തിരുത്തപ്പെട്ടു. അറസ്റ്റിലായ ഒമ്പത് മുസ്‌ലിം യുവാക്കൾക്കും സ്‌ഫോടനവുമായി യാതൊരു ബന്ധവുമില്ലെന്നും, കടുത്ത സമ്മർദത്തിലൂടെയാണ് കുറ്റസമ്മതം നടത്തിയതെന്നും എൻഐഎ കണ്ടെത്തി. ഇതോടെ 2011ൽ ഇവർക്ക് ജാമ്യം ലഭിക്കുകയും 2016ൽ കോടതി ഇവരെ കേസിൽ നിന്ന് പൂർണമായും ഒഴിവാക്കുകയും ചെയ്തു. ഇതിൽ ഒരാൾ വിധി വരുന്നതിന് മുൻപ് മരണപ്പെട്ടിരുന്നു.
തുടർന്ന് 2013ൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ മനോഹർ നർവാരിയ, രാജേന്ദ്ര ചൗധരി, ധൻ സിങ്, ലോകേഷ് ശർമ എന്നീ നാല് പുതിയ പ്രതികളെ ഉൾപ്പെടുത്തി. സുനിൽ ജോഷിയുടെ നേതൃത്വത്തിൽ ഇൻഡോറിൽ നിന്ന് ബോംബുകൾ മാലേഗാവിലെത്തിച്ച് പൊട്ടിച്ചത് ഇവരാണെന്നായിരുന്നു കണ്ടെത്തൽ. വർഗീയ കലാപം ലക്ഷ്യമിട്ടാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മാലേഗാവ് അവർ തെരഞ്ഞെടുത്തതെന്നും എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കി. 2007ൽ സുനിൽ ജോഷി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു
പൂർത്തിയാകാത്ത വിചാരണ: പ്രതികളില്ലാത്ത കോടതി മുറികൾ
പുതിയതായി അറസ്റ്റിലായ ഈ നാല് പ്രതികളും വിചാരണ കാത്ത് ആറ് വർഷത്തോളം ജയിലിൽ കഴിഞ്ഞു. എന്നാൽ ബോംബ് വെച്ചതിനോ സൈക്കിൾ വാങ്ങിയതിനോ ശക്തരായ ദൃക്സാക്ഷികളില്ലെന്ന് ചൂണ്ടിക്കാട്ടി 2019ൽ ബോംബെ ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകി. സംഭവം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷം ഒരു സൈക്കിൾ കടക്കാരൻ പ്രതികളെ തിരിച്ചറിഞ്ഞു എന്ന എൻഐഎയുടെ വാദം കോടതിക്ക് വിശ്വാസ്യയോഗ്യമായി തോന്നിയില്ല. ഒടുവിൽ, ഈ കേസിൽ അവശേഷിച്ചിരുന്ന ഈ നാല് പേർക്കെതിരെയുള്ള കുറ്റങ്ങളും ബോംബെ ഹൈക്കോടതി റദ്ദാക്കിയതോടെ കേസിൽ പ്രതികളില്ലാത്ത അവസ്ഥയായി.
നിഴൽ യുദ്ധങ്ങൾ: സമാനയമായ 2008ലെ കേസും ബാക്കിപത്രവും
2006ലെ സ്‌ഫോടനത്തിന് സമാനമായി 2008ലും മാലേഗാവിൽ മറ്റൊരു സ്‌ഫോടനം നടന്നിരുന്നു. ലഫ്. കേണൽ പ്രസാദ് പുരോഹിത് രൂപീകരിച്ച 'അഭിനവ് ഭാരത്' എന്ന തീവ്ര വലതുപക്ഷ സംഘടനയായിരുന്നു ഇതിന് പിന്നിലെന്ന് വിപുലമായ അന്വേഷണങ്ങളിൽ കണ്ടെത്തി. എന്നാൽ ഈ കേസിലെ മുൻ ബിജെപി എം.പി സാധ്വി പ്രഗ്യ സിങ് ഠാക്കൂർ, പ്രസാദ് പുരോഹിത് ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും ശക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പിന്നീട് പ്രത്യേക എൻഐഎ കോടതി വെറുതെ വിട്ടിരുന്നു. ഹൈദരാബാദ്, അജ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സമാനമായ ഗൂഢാലോചനകൾ നടന്നിരുന്നതായി പീപ്പിൾസ് ഡെമോക്രസിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുവെങ്കിലും മിക്ക കേസുകളിലും സമാനമായ വിധിയാണുണ്ടായത്.
തീരാത്ത നോവ്: നീതിദേവത കണ്ണടയ്ക്കുമ്പോൾ
രണ്ട് പതിറ്റാണ്ടുകൾ നീണ്ട അന്വേഷണങ്ങൾ. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് ഏജൻസികൾ. ആദ്യം തീവ്രവാദികളെന്ന് മുദ്രകുത്തപ്പെട്ട് ആറ് വർഷം ജയിലിൽ കിടന്ന ഒരു കൂട്ടം മുസ്ലീം യുവാക്കൾ. പിന്നീട് യഥാർത്ഥ പ്രതികളെന്ന് പറഞ്ഞ് അറസ്റ്റിലായി മറ്റൊരു 6 വർഷം ജയിലിൽ കിടന്ന നാല് ഹിന്ദു യുവാക്കൾ. ഒടുവിൽ എല്ലാവരും നിരപരാധികളാണെന്ന് കണ്ട് വിടുതൽ നേടിയിരിക്കുന്നു. അപ്പോൾ, 31 നിരപരാധികളുടെ ജീവനെടുത്ത ആ യഥാർത്ഥ കൊലയാളികൾ ആരാണ്? മാലേഗാവിലെ ഇരകൾക്ക് എന്നെങ്കിലും നീതി ലഭിക്കുമോ? ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ ഉത്തരം കിട്ടാത്ത ഒരു വലിയ ചോദ്യചിഹ്നമായി മാലേഗാവ് കേസ് ഇന്നും അവശേഷിക്കുന്നു.