ന്യൂഡൽഹി: റോഡ് അപകടങ്ങളിൽ കൈകാലുകൾ നഷ്ടപ്പെടുന്നവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് സുപ്രിംകോടതി. കൃത്രിമ അവയവങ്ങൾ വാങ്ങുന്നതിനും അവ പരിപാലിക്കുന്നതിനുമുള്ള ചെലവ് ഒരു തവണ മാത്രം നൽകേണ്ട ഒന്നല്ലെന്നും അത് ജീവിതകാലം മുഴുവൻ തുടരുന്ന ഒന്നാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയിൽ 463.8 ശതമാനത്തിന്റെ വർധനവാണ് സുപ്രിംകോടതി വരുത്തിയത്.
2007 മേയ് രണ്ടിന് ജയ്പൂരിൽ വെച്ചുണ്ടായ റോഡ് അപകടമാണ് ഈ കേസിന് ആസ്പദമായ സംഭവം. ഹരിയാന റോഡ്‌വേസ് ബസ് ബൈക്കിലിടിക്കുകയും ബൈക്ക് യാത്രക്കാരന്റെ വലതു കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ കാൽ മുറിച്ചു മാറ്റേണ്ടി വന്നു.
മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) തുടക്കത്തിൽ 8.73 ലക്ഷം രൂപയാണ് അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് അനുവദിച്ചത്. 2023-ൽ രാജസ്ഥാൻ ഹൈക്കോടതി അത് 13.02 ലക്ഷമായി വർധിപ്പിച്ചു. എന്നാൽ കൃത്രിമ അവയവങ്ങളുടെ വില ഇരുകൂട്ടരും കണക്കിലെടുത്തില്ല. തന്റെ ജീവിതം പുനർനിർമ്മിക്കുന്നതിൽ അത് പ്രധാനമാണെന്നാണ് പരിക്കേറ്റയാളുടെ വാദം.
ഈ കേസിൽ രാജസ്ഥാൻ ഹൈക്കോടതി വിധിച്ച 8.73 ലക്ഷം രൂപ കുറഞ്ഞുപോയി എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ജെ.ബിപർദിവാല, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഈ തുക 49.22 ലക്ഷം രൂപയായി ഉയർത്തി.
അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് അംഗവൈകല്യം സംഭവിക്കുന്ന ഒരാൾക്ക് തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കൃത്രിമ അവയവങ്ങൾ അത്യന്താപേക്ഷിതമാണ്. ഇത് അവർക്ക് ആത്മവിശ്വാസവും സ്വയംപര്യാപ്തതയും നൽകുന്നു. കൃത്രിമ അവയവങ്ങൾ ഓരോ അഞ്ച് മുതൽ 10 വർഷം കൂടുമ്പോഴും മാറ്റിവെക്കേണ്ടി വരും. അതിനാൽ നഷ്ടപരിഹാരം കണക്കാക്കുമ്പോൾ ആജീവനാന്തം വരുന്ന ഈ ചെലവ് കൂടി ഉൾപ്പെടുത്തണം. ശാരീരിക വൈകല്യം ഒരാളുടെ ഭാവിയിലെ തൊഴിൽ സാധ്യതകളെയും വരുമാനത്തെയും ബാധിക്കുന്നു. ഇത് കൃത്യമായി കണക്കിലെടുത്ത് വേണം ഇൻഷുറൻസ് തുക നിശ്ചയിക്കാനെന്നും കോടതി പറഞ്ഞു.
ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം കണക്കാക്കാൻ കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേവലം ചികിത്സാ ചെലവ് മാത്രമല്ല, മറിച്ച് മാനസികാഘാതം, ഭാവിയിലെ മെഡിക്കൽ സഹായങ്ങൾ, കൃത്രിമ അവയവങ്ങളുടെ ആധുനികവൽക്കരണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
സുപ്രിംകോടതിയുടെ മുൻപിലുണ്ടായിരുന്ന പ്രധാന വിഷയം എങ്ങനെയാണ് ഒരാൾക്ക് "നീതിയുക്തമായ നഷ്ടപരിഹാരം" നിശ്ചയിക്കുക എന്നതായിരുന്നു. പ്രത്യേകിച്ച്, കൃത്രിമ അവയവങ്ങൾ വാങ്ങുന്നതിനും, അവ കൃത്യമായ ഇടവേളകളിൽ മാറ്റുന്നതിനും, ജീവിതകാലം മുഴുവൻ അവ പരിപാലിക്കുന്നതിനും വേണ്ടിവരുന്ന ചെലവ് എങ്ങനെ കണക്കാക്കണം എന്നതായിരുന്നു കോടതി പരിശോധിച്ചത്.
"കൈകാലുകളോ ജീവനോ നഷ്ടപ്പെടുന്നതിന് നൽകുന്ന നഷ്ടപരിഹാരം സ്വർണ്ണത്തുലാസിൽ വെച്ച് അളക്കാൻ കഴിയില്ല. എങ്കിലും അത് ഇരയ്ക്ക് അപ്രതീക്ഷിതമായി ലഭിക്കുന്ന ലാഭമാവമാകരുത്,എന്നാല്‍ നഷ്ടപരിഹാരം 'നീതിയുക്തവുമായിരിക്കണം'; അതൊരു ഔദാര്യമായിരിക്കരുld. അതേസമയം, വളരെ തുച്ഛമായ തുകയാകാനും പാടില്ല." കോടതി വ്യക്തമാക്കി.
നഷ്ടപ്പെട്ട കാര്യങ്ങൾ എത്രത്തോളം വീണ്ടെടുക്കാൻ സാധിക്കുമോ അത്രത്തോളം സഹായകരമാകണം നഷ്ടപരിഹാരം എന്ന തത്വമാണ് കോടതി ഉയർത്തിപ്പിടിച്ചത്. തുടർച്ചയായ രീതിയിൽ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി കോടതി പ്രായോഗിക മാതൃകയും അവതരിപ്പിച്ചു.
കോടതി തയ്യാറാക്കിയ പുതിയ ഫോർമുല
ഒരു വ്യക്തിയുടെ ശരാശരി ആയുസ് 70 വയസ്സായി കോടതി കണക്കാക്കി.
ഒരു കൃത്രിമ അവയവത്തിന്റെ കാലാവധി 5 വർഷമായി നിശ്ചയിച്ചു.
അപകടം നടക്കുമ്പോൾ പരാതിക്കാരന് 32 വയസ്സായിരുന്നു. അതിനാൽ ശിഷ്ടകാലം ജീവിക്കാൻ അദ്ദേഹത്തിന് 7 കൃത്രിമ കാലുകൾ ആവശ്യമായി വരും.
ഒരു കൃത്രിമ കാലിന് 3 ലക്ഷം രൂപ വീതം 7 എണ്ണത്തിന് 21 ലക്ഷം രൂപ കോടതി അനുവദിച്ചു.
ഇവയുടെ ദീർഘകാല പരിപാലനത്തിനായി 5 ലക്ഷം രൂപ വേറെയും അനുവദിച്ചു.
കൃത്രിമ അവയവത്തിന് മാത്രം 26 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവിട്ടു.
ഒടുവിൽ, ഹൈക്കോടതി ഇതിനകം വിധിച്ചതിനേക്കാൾ 36.2 ലക്ഷം രൂപ കൂടി ഇൻഷുറൻസ് കമ്പനി നൽകാൻ സുപ്രിംകോടതി നിർദേശിച്ചു. തുക നാല് ആഴ്ചയ്ക്കുള്ളിൽ അടയ്ക്കണം, ഇല്ലെങ്കിൽ 9 ശതമാനം വാർഷിക പലിശ ഈടാക്കുമെന്നും കോടതി അറിയിച്ചു.