ജെഡിയുവില്‍ സര്‍പ്രൈസ്, നിഷാന്ത് കുമാറില്ലാതെ പുതിയ ദേശീയ ടീം; വര്‍ക്കിങ് പ്രസിഡൻ്റായി നിതീഷ് കുമാര്‍ തുടരും
പാര്‍ട്ടി ദേശീയ പ്രസിഡൻ്റായി സഞ്ജയ് കുമാര്‍ ഝാ തുടരും
പാട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ ഇല്ലാതെ ജെഡിയുവിന്റെ പുതിയ ദേശീയ ടീം. പാര്‍ട്ടി ദേശീയ പ്രസിഡന്റായി സഞ്ജയ് കുമാര്‍ ഝാ തുടരും. ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിതീഷ് കുമാറും തുടരും.
നിഷാന്ത് കുമാര്‍ ജെഡിയുവിന്റെ ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മാര്‍ച്ചില്‍ നിഷാന്ത് കുമാര്‍ പാര്‍ട്ടി അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി പദവിയൊഴിഞ്ഞ നിതീഷ് കുമാര്‍ മകനെ പാര്‍ട്ടിയില്‍ പിന്‍ഗാമിയായി കൊണ്ടുവരികയായിരുന്നു. എന്നാല്‍, ദേശീയ നേതൃനിരയില്‍ നിഷാന്ത് കുമാറിനെ ഉള്‍പ്പെടുത്താത്തത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
സഞ്ജയ് കുമാര്‍ ഝായില്‍ നിതീഷ് കുമാറിനുള്ള വിശ്വാസമാണ് ദേശീയ പ്രസിഡന്റായുള്ള തുടര്‍ച്ചയ്ക്ക് കാരണം. സംഘടനാപരമായ കെട്ടുറപ്പോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ഝായ്ക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, രാഷ്ട്രീയത്തിലെ പരിചയസമ്പന്നതയുടെ അഭാവമാകാം മകനെ ദേശീയ നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ നിതീഷ് തയാറാകാത്തതിന് പിന്നിലെന്നുമാണ് നിരീക്ഷണം. ബിഹാര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ് നിഷാന്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേയ് മൂന്നിന് നിഷാന്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന യാത്ര ആരംഭിക്കുന്നുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെ ബിഹാര്‍ മുഖ്യമന്ത്രിയായി തുടര്‍ന്ന നിതീഷ് കുമാര്‍ ഈയിടെയാണ് സ്ഥാനമൊഴിഞ്ഞ് രാജ്യസഭാംഗത്വം സ്വീകരിച്ചത്. ബിഹാര്‍ രാഷ്ട്രീയത്തിലെ യുഗാവസാനമായാണ് നിതീഷിന്റെ പിന്‍വാങ്ങല്‍ വിലയിരുത്തപ്പെട്ടത്. പിന്നാലെ, രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത മകന്‍ നിഷാന്ത് കുമാറിനെ നിതീഷ് പാര്‍ട്ടി നേതൃനിരയിലേക്ക് കൊണ്ടുവരികയായിരുന്നു.