'ഡൽഹി മാർക്കറ്റിലെ മത്സ്യക്കടകൾ ബിജെപി പ്രവര്‍ത്തകര്‍ പൂട്ടിച്ചു, വ്യാപാരികളെ ഭീഷണിപ്പെടുത്തി'; വീഡിയോ പങ്കുവച്ച് മഹുവ മൊയ്ത്ര

എന്നാൽ തങ്ങൾക്ക് പരാതിയും ലഭിച്ചിട്ടില്ലെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും ഡൽഹി പൊലീസ്

Update: 2025-04-09 07:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡൽഹി: സൗത്ത് ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിലെ ക്ഷേത്രത്തോട് ചേർന്നുള്ള മത്സ്യ ഷോപ്പുടമകളെ ബിജെപിയുമായി ബന്ധമുള്ളവർ ഭീഷണിപ്പെടുത്തിയെന്നും കടകൾ പൂട്ടിച്ചതായും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. മത്സ്യ മാർക്കറ്റ് വ്യാപാരികളെ ബിജെപി ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് അവർ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. എന്നാൽ തങ്ങൾക്ക് പരാതിയും ലഭിച്ചിട്ടില്ലെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.

ഡൽഹിയിലെ ഏറ്റവും ആഡംബര പ്രദേശങ്ങളിലൊന്നായ സിആർ പാർക്ക് എന്നറിയപ്പെടുന്ന ചിത്തരഞ്ജൻ പാർക്കിലെ മാർക്കറ്റ് നമ്പർ 1 ലെ ഒരു ക്ഷേത്രത്തിന് സമീപം മത്സ്യ മാർക്കറ്റ് സ്ഥാപിച്ചത് തെറ്റാണെന്ന് കാവി ടീ-ഷർട്ടും ജീൻസും ധരിച്ച ഒരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. "ക്ഷേത്രത്തോട് ചേർന്നാണ് മാർക്കറ്റ്. ഇത് തെറ്റാണ്. ഇത് സനാതനരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. ആരെയും കൊല്ലരുതെന്ന് സനാതന ധർമ്മം പറയുന്നു... "മത്സ്യവും മാംസവും ദേവതകൾക്ക് സമർപ്പിക്കുന്നുവെന്നത് ശുദ്ധ കെട്ടുകഥയാണ്. ശാസ്ത്രങ്ങളിൽ അത്തരമൊരു തെളിവില്ല. രാജ്യം മുഴുവൻ ഇത് കാണുന്നുണ്ടെന്ന് അയാൾ പറയുന്നു.

ഒരു കടയുടമ അയാളോട് മത്സ്യ മാർക്കറ്റ് ഡിഡിഎ അനുവദിച്ചതാണെന്ന് പറയുന്നുണ്ട്. "അതെ എനിക്കറിയാം. ഡിഡിഎയ്ക്ക് അതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. ഞങ്ങൾ അവരുടെ തെറ്റുകൾ തിരുത്തും. സിആർ പാർക്ക് ഒരു ആഡംബര പ്രദേശമാണ്, വിദേശികൾ ഇവിടെ വരാറുണ്ട്." എന്നായിരുന്നു അക്രമികളുടെ പ്രതികരണം.

"ബിജെപി ഗുണ്ടകൾ അവകാശവാദം ഉന്നയിക്കുന്ന സിആർ പാർക്കിലെ ക്ഷേത്രം നോൺ-വെജ് മാർക്കറ്റിലെ കച്ചവടക്കാരാണ് നിർമിച്ചത്! അവർ അവിടെ പ്രാർത്ഥിക്കുന്നു - വലിയ പൂജകൾ അവിടെ നടക്കുന്നു. ഡൽഹിയിലെ ബിജെപി സർക്കാരിന്‍റെ മൂന്ന് മാസം. നല്ല വാർഷിക സമ്മാനം" മഹുവ പറഞ്ഞു.

"എല്ലാവരും ക്ഷേത്രങ്ങളുടെ പവിത്രതയെ ബഹുമാനിക്കണം, സിആർ പാർക്കിലെ മത്സ്യ മാർക്കറ്റുകളിലെ വ്യാപാരികൾ എല്ലായ്പ്പോഴും ക്ഷേത്രങ്ങളെ ബഹുമാനിച്ചിട്ടുണ്ട്" എന്ന് ഡൽഹി ബിജെപി പ്രസിഡന്‍റ് വീരേന്ദ്ര സച്ച്ദേവ അവരുടെ പോസ്റ്റിനോട് പ്രതികരിച്ചു."ഈ പ്രദേശത്ത് മത്സ്യ മാർക്കറ്റുകൾ നിയമപരമായി അനുവദിച്ചിട്ടുണ്ട്, അവ ആവശ്യമാണ്. മത്സ്യ വ്യാപാരികൾ പ്രദേശത്ത് ഉയർന്ന നിലവാരത്തിലുള്ള ശുചിത്വം പാലിക്കുകയും സിആർ പാർക്കിന്റെ സാമൂഹിക-മത പ്രവർത്തനങ്ങളിൽ പതിവായി പങ്കെടുക്കുകയും ചെയ്യുന്നു. മഹുവ മൊയ്ത്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ, സിആർ പാർക്കിലെ സമുദായ ഐക്യം തകർക്കാൻ വേണ്ടി സൃഷ്ടിച്ച വ്യാജവീഡിയോയാണ്. സംഭവത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു, കർശന നടപടി സ്വീകരിക്കാൻ ഡൽഹി പൊലീസിനോട് അഭ്യർത്ഥിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News