യുപിയിലെ നിസാംപൂരിൽ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി പത്താംക്ലാസ് പാസായി രാംകേവൽ

ദലിത് വിഭാഗത്തിൽ നിന്നുള്ള ഏകദേശം മുന്നൂറോളം ആളുകളാണ് നിസാംപൂരിൽ താമസിക്കുന്നത്.

Update: 2025-05-12 07:29 GMT
Advertising

ലഖ്‌നൗ: ഉത്തർപ്രദേശിലെ നിസാംപൂർ ഗ്രാമം വലിയ ആഘോഷത്തിലാണ്. ഗ്രാമത്തിൽ നിന്ന് ഒരു വിദ്യാർഥി ആദ്യമായി പത്താംക്ലാസ് പാസായതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികൾ. 15-കാരനായ രാംകേവൽ ആണ് ബോർഡ് എക്‌സാം പാസായത്.

ദലിത് വിഭാഗത്തിൽ നിന്നുള്ള ഏകദേശം മുന്നൂറോളം ആളുകളാണ് നിസാംപൂരിൽ താമസിക്കുന്നത്. കുടുംബത്തിലെ നാല് മക്കളിൽ മൂത്തവനാണ് രാംകേവൽ. കുടുംബം പോറ്റാൻ പകൽ സമയങ്ങളിൽ ചെറിയ ജോലികൾ ചെയ്തും രാത്രി വൈകി പഠിച്ചുമാണ് രംകേവൽ പത്താംക്ലാസ് വിജയിച്ചത്.

വിവാഹാഘോഷങ്ങളിൽ ലൈറ്റുകൾ കൊണ്ടുപോകാറുണ്ടെന്നും ദിവസവും 250-300 രൂപ സമ്പാദിക്കാറുണ്ടെന്നും രാംകേവൽ പറഞ്ഞു. ബരാബങ്കി ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി രാംകേവലിനെയും മാതാപിതാക്കളെയും സന്ദർശിച്ചിരുന്നു. തുടർപഠനത്തിന് എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. അടിസ്ഥാന വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുള്ള പ്രദേശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. ജില്ലാ ഇൻസ്‌പെക്ടർ ഓഫ് സ്‌കൂൾസ് ഒ.പി ത്രിപാഠി കുട്ടിയെ ശ്രദ്ധിക്കുകയും സ്‌കൂളിൽ കൃത്യമായി ഹാജരാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

നിസാംപൂരിനടത്തുള്ള അഹമ്മദ്പൂരിലെ സർക്കാർ സ്‌കൂളിലാണ് രാംകേവൽ പഠിക്കുന്നത്. കുടുംബത്തിന് കാര്യമായ വരുമാനം ഇല്ലാതിരുന്നിട്ടും രാംകേവലിന്റെ മറ്റു മൂന്ന് സഹോദരങ്ങളും പഠനം തുടരുന്നുണ്ട്. ഒരാൾ ഒമ്പതാം ക്ലാസിലും മറ്റൊരാൾ അഞ്ചാം ക്ലാസിലും ഇളയയാൾ ഒന്നാംക്ലാസിലുമാണ്.

സ്‌കൂളിൽ പാചകത്തൊഴിലാളിയാണ് രാംകേവലിന്റെ അമ്മ പുഷ്പ. മകൻ ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. താൻ അഞ്ചാംക്ലാസ് വരേ മാത്രമേ പഠിച്ചിട്ടുള്ളൂ, പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തന്റെ കുട്ടികൾ ഉന്നത പഠനം നടത്തണമെന്നാണ് ആഗ്രഹമെന്നും അമ്മ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News