വഖഫ് ഭേദഗതി നിയമം: കശ്മീരിൽ മിർവായീസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിൽ വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗം തടഞ്ഞു
മിർവായീസിന്റെ വസതിയിലേക്കുള്ള എല്ലാ വഴികളും അധികൃതർ അടച്ചിരിക്കുകയാണ്.
ശ്രീനഗർ: വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമ്മു കശ്മീരിൽ മുസ്‌ലിം സംഘടനകൾ വിളിച്ച യോഗം അധികൃതർ തടഞ്ഞു. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്‌ലിസെ ഉലമ (എംഎംയു) ആണ് യോഗം വിളിച്ചിരുന്നത്. ഇന്ന് മിർവായീസിന്റെ വസതിയിൽ ചേരാനിരുന്ന യോഗമാണ് അധികൃതർ തടഞ്ഞത്.
വഖഫ് ഭേദഗതി നിയമത്തെ കുറിച്ച് ചർച്ച ചെയ്യാനായി വിളിച്ച യോഗത്തിന് അധികൃതർ അനുമതി നിഷേധിച്ചതായി മിർവായീസ് എക്‌സിൽ കുറിച്ചു. മിർവായീസിന്റെ വസതിയിലേക്കുള്ള എല്ലാ വഴികളും അധികൃതർ അടച്ചിരിക്കുകയാണ്. കമ്പിവേലികൾ കെട്ടി വഴികൾ തടസ്സപ്പെടുത്തിയതിന്റെയും പൊലീസ് വാഹനങ്ങൾ വഴിയിൽ നിലയുറപ്പിച്ചതിന്റെയും ദൃശ്യങ്ങൾ മിർവായീസ് പുറത്തുവിട്ടിട്ടുണ്ട്.
ലഡാക്ക്, കാർഗിൽ, ജമ്മു തുടങ്ങി മുഴുവൻ ജില്ലകളിൽ നിന്നുമുള്ള മുസ്‌ലിം സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നതിനായി താഴ്‌വരയിൽ എത്തിയിരുന്നു. അതിനിടെയാണ് അധികൃതർ യോഗത്തിന് അനുമതി നിഷേധിച്ചത്.
Mutahida Majlis Ulema (MMU) important meet regarding the recent Wakf Amendment Act was not allowed to take place at my residence by authorities. Religious representatives of J&K, including from Ladakh, Kargil and Jammu had reached the valley to attend this meet today. It is… pic.twitter.com/kPKkGmof5L
— Mirwaiz Umar Farooq (@MirwaizKashmir) April 9, 2025