ഡൽഹി വസന്ത് കുഞ്ജിലെ ജയ് ഹിന്ദ് ക്യാമ്പ് സന്ദർശിച്ച് ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ
ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് പ്രൊഫ. സലീം എൻജിനീയർ, സാമൂഹിക പ്രവർത്തകനായ നദീം ഖാൻ എന്നിവരാണ് ക്യാമ്പ് സന്ദർശിച്ചത്.
ന്യൂഡൽഹി: അധികൃതർ വെള്ളവും വൈദ്യുതിയും നിഷേധിച്ചതിനെ തുടർന്ന് ദുരിതത്തിലായ ഡൽഹി വസന്ത് കുഞ്ജിലെ ജയ് ഹിന്ദ് ക്യാമ്പിൽ കഴിയുന്നവരെ ജമാഅത്തെ ഇസ്‌ലാമി പ്രതിനിധി സംഘം സന്ദർശിച്ചു. ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് പ്രൊഫ. സലീം എൻജിനീയർ, സാമൂഹിക പ്രവർത്തകനായ നദീം ഖാൻ എന്നിവരാണ് ക്യാമ്പ് സന്ദർശിച്ചത്.
കഴിഞ്ഞ 10 ദിവസമായി വൈദ്യുതിയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവുമടക്കം ക്യാമ്പിലുള്ളവർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ തദ്ദേശ സ്ഥാപന മേധാവിയുമായും പള്ളി ഇമാമുമായും പ്രതിനിധികൾ ചർച്ച നടത്തി. ക്യാമ്പിൽ കഴിയുന്നവർക്ക് അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
1990കളിൽ ബംഗാളിൽ നിന്ന് തൊഴിലന്വേഷിച്ചുവന്ന് ഡൽഹിയിൽ താമസമാക്കിയവരാണ് ഇവർ. 1100 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. തുണികൊണ്ട് മറച്ചതും തകര ഷീറ്റ് ഇട്ടതുമായ ചെറിയ കുടിലുകളിലാണ് ഇവർ കഴിയുന്നത്. കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായാണ് വൈദ്യുതി വിതരണ കമ്പനി ഉദ്യോഗസ്ഥരെത്തി കണക്ഷൻ വിച്ഛേദിച്ചത്. എല്ലാവരും ജോലിക്കുപോയ സമയത്തായിരുന്നു നടപടി.
വൈദ്യുതിക്കൊപ്പം ടാങ്കറിൽ എത്തിച്ചിരുന്ന വെള്ളത്തിന്റെ അളവും വെട്ടിക്കുറച്ചു. നേരത്തെ 10 ടാങ്കറുകൾ വന്നിരുന്നത് ഇപ്പോൾ മൂന്നായി. നവജാത ശിശുക്കൾ മുതിൽ ഗർഭിണികളും പ്രായമായവരും ഈ ക്യാമ്പിൽ കഴിയുന്നുണ്ട്. വൈദ്യുതിയും വെള്ളവും മുടങ്ങിയതോടെ ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ് ഇവിടെ താമസിക്കുന്നവർ. വൈദ്യുതി മോഷണം നടക്കുന്നുവെന്ന പരാതിയെ തുടർന്ന് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കണക്ഷൻ വിച്ഛേദിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം.