ഇനി ട്രെയിനിലും എടിഎം : പുത്തൻ പരീക്ഷണവുമായി മുംബൈ റയിൽവെ
മുംബൈ - മന്മദ് റൂട്ടിലെ പഞ്ചവടി എക്സ്പ്രസിലാണ് പരീക്ഷണാടിസ്ഥാനത്തിൽ എടിഎം സ്ഥാപിച്ചിട്ടുള്ളത്
മുംബൈ : റെയിൽവെ മേഖലയിൽ പുത്തൻ പരീക്ഷണമൊരുക്കി മുംബൈ റെയിൽവെ കോർപ്പറേഷൻ. മുംബൈ - മന്മദ് റൂട്ടിലെ പഞ്ചവടി എക്സ്പ്രസിലാണ് പരീക്ഷണാടിസ്ഥാനത്തിൽ എടിഎം സ്ഥാപിച്ചിട്ടുള്ളത്.
സ്വകാര്യ ബാങ്കിന്‍റെ എടിഎം എക്സ്പ്രസിന്‍റെ എസി ചെയർ കാർ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത് താമസിയാതെ യാത്രക്കാർക്ക് ഇത് ലഭ്യമാകുമെന്ന് സെൻട്രൽ റെയിൽവെ മേധാവി സ്വപ്നിൽ നിള അറിയിച്ചു. ട്രെയിനിലെ ഏസി ചെയർകാർ കോച്ചിന്‍റെ ഏറ്റവും പിറകിൽ ഒരു ക്യൂബിക്കിളിലായാണ് എടിഎം സ്ഥാപിച്ചിട്ടുള്ളത്. സുരക്ഷയും സുതാര്യതയും ഉറപ്പ് വരുത്തുന്നതിനായി ഒരു ഷട്ടർ ഡോറും ഏടിഎമ്മിന് സമീപം നിർമിച്ചിട്ടുണ്ട്. എടിഎമ്മിന് വേണ്ടിയുള്ള കോച്ച് മോഡിഫിക്കേഷനുകൾ മന്മദ് റെയിൽവെ വർക്ക്‌ഷോപ്പിൽ വെച്ച് നടത്തിയതായി അധികാരികൾ അറിയിച്ചു.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് സ്റ്റേഷനിൽ നിന്നും നാസിക്കിലെ മന്മദ് ജംഗ്ഷൻ സ്റ്റേഷൻ വരെ എല്ലാ ദിവസവും സർവീസ് നടത്തുന്ന പഞ്ചവടി എക്സ്പ്രസ് ഇന്‍റര്‍സിറ്റി യാത്രയ്ക്കായി കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ്.
പരീക്ഷണം വിജയകരമാണെങ്കിൽ, മറ്റ് ട്രെയിനുകളിൽ കൂടുതൽ എടിഎമ്മുകൾ സ്ഥാപിക്കാനാണ് റെയിൽവെയുടെ പദ്ധതി. യാത്രയിലായിരിക്കുമ്പോൾ പണം പിൻവലിക്കാൻ ഇത് യാത്രക്കാര്‍ക്ക് സഹായകരമാകും.