'അനധികൃത നിർമ്മാണങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണം, യാതൊരു വിട്ടുവീഴ്ചയും കാണിക്കരുത്'; സുപ്രിംകോടതി
ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതി ഇടപെടൽ കർശനമായിരിക്കണമെന്നും സുപ്രിംകോടതി
ന്യൂഡൽഹി: അനധികൃത നിർമ്മാണങ്ങളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കരുതെന്നും അത്തരം നിർമ്മാണങ്ങൾ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പൊളിക്കണമെന്നും സുപ്രിംകോടതി. നിയമവിരുദ്ധ നിർമ്മാണങ്ങൾക്കെതിരെ ജുഡീഷ്യറി കർശനമായി നടപടിയെടുക്കണമെന്നും അത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതി ഇടപെടൽ കർശനമായിരിക്കണമെന്നും അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നത് തടയണമെന്നും സുപ്രിം കോടതി പറഞ്ഞു.
കൊൽക്കത്തയിലെ കനിസ് അഹമ്മദ് എന്നയാൾ നൽകി അപ്പീൽ തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം. ഇയാൾ കൊൽക്കത്തയിൽ രണ്ട് നിലകളുള്ള കെട്ടിടം അനധികൃതമായി നിർമ്മിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഹരജി നേരത്തെ കൊൽക്കത്ത ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് ഇയാൾ സുപ്രിംകോടതിയെ സമീപിച്ചത്.
'നിയമത്തെ ബഹുമാനിക്കാത്ത ഒരാൾക്ക് അംഗീകാരമില്ലാതെ രണ്ട് നിലകൾ നിർമ്മിച്ചതിന് ശേഷം ക്രമവൽക്കരണം തേടാൻ അനുവാദമില്ല. അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാതെ ഒരു പോംവഴിയുമില്ലെന്നും നിയമപ്രകാരം നീതി നടപ്പാക്കണമെന്നും സുപ്രിംകോടതി വിധിച്ചു. ഏതെങ്കിലും നിയമലംഘനം കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ അതിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്യണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിയോട് കാണിക്കുന്ന ദയയും കരുണയും തെറ്റായ സന്ദേശം നൽകുമെന്നും സുപ്രിംകോടതിയുടെ സമീപകാല വിധി പരാമർശിച്ചുകൊണ്ട് ബെഞ്ച് പറഞ്ഞു.
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാരന്‍റെ ഹരജി തള്ളുകയും അനധികൃത നിർമ്മാണം ക്രമപ്പെടുത്താൻ അനുവദിക്കാൻ വിസമ്മതിക്കുകയും ചെയ്തു. കൽക്കട്ട ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി ശരിവെക്കുകയും ചെയ്തു.