സാങ്കൽപിക രാജ്യത്തിന്‍റെ പേരിൽ വ്യാജ എംബസി; 12 വ്യാജ പാസ്പോര്‍ട്ടുകൾ, ആഡംബര കെട്ടിടം: 'അംബാസിഡര്‍' പിടിയിൽ
വാടകക്ക് എടുത്ത ആഡംബര കെട്ടിടത്തിലാണ് വ്യാജ എംബസി പ്രവര്‍ത്തിച്ചിരുന്നത്
ഡൽഹി: 'വെസ്റ്റ് ആർക്ടിക്ക' ഉൾപ്പെടെയുള്ള സാങ്കൽപിക രാജ്യങ്ങളുടെ പേരിൽ ഉത്തര്‍പ്രദേശിലെ ഗസിയാബാദിൽ വ്യാജ എംബസി നടത്തിയിരുന്നയാൾ പിടിയിൽ. കഴിഞ്ഞ എട്ട് വര്‍ഷമായി അനധികൃത സ്ഥാപനം നടത്തിയിരുന്ന ഹർഷ് വർധൻ ജെയിനെയാണ് നോയിഡ എസ്‍ടിഎഫ്(സ്പെഷ്യൽ ടാസ്ക് ഫോഴ്സ്) അറസ്റ്റ് ചെയ്തത്.
എംബസിയുടെ അംബാസിഡര്‍ എന്ന വ്യാജേന ദേശീയ നേതാക്കളുടെ മോർഫ് ചെയ്ത ചിത്രങ്ങളും നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങളും ഉപയോഗിച്ച് ആളുകളെ ജെയിൻ കബളിപ്പിക്കുകയായിരുന്നു. കവി നഗറിൽ വാടകക്ക് എടുത്ത ആഡംബര കെട്ടിടത്തിലാണ് വ്യാജ എംബസി പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ 44.7 ലക്ഷം രൂപ, വിദേശ കറൻസി, 12 വ്യാജ നയതന്ത്ര പാസ്‌പോർട്ടുകൾ, 18 നയതന്ത്ര പ്ലേറ്റുകൾ, വ്യാജ സർക്കാർ രേഖകൾ എന്നിവ അധികൃതർ പിടിച്ചെടുത്തു.
വെസ്റ്റ് ആർക്ടിക്ക, സബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡറാണെന്ന് ജെയിൻ ആളുകളെ വിശ്വസിപ്പിക്കുകയും ചെയ്തു. ഷെൽ കമ്പനികൾ വഴി ഹവാല ഇടപാടുകൾ നടത്തിയെന്നും സംശയമുണ്ട്. നയതന്ത്രജ്ഞനെന്ന വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച്, ഹർഷ വർധൻ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയതായും പരാതിയുണ്ട്.
ലണ്ടൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നിന്ന് എംബിഎ ബിരുദവും ഗസിയാബാദിലെ ഐടിഎസ് കോളജിൽ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുള്ള ആളാണ് 47കാരനായ ഹര്‍ഷവര്‍ധൻ. ജെയിനിന്‍റെ പിതാവ് ഗസിയാബാദിലെ ഒരു ബിസിനസുകാരനായിരുന്നു. കുടുംബത്തിന് രാജസ്ഥാനിൽ മാർബിൾ ഖനികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ പിതാവിന്‍റെ മരണശേഷം ബിസിനസ് നഷ്ടത്തിലായി. പിന്നീട് ലണ്ടനിലേക്ക് താമസം മാറുകയും നിരവധി കമ്പനികൾ തുടങ്ങുകയും ചെയ്തു. കണക്കിൽപ്പെടാത്ത പണം ഒളിപ്പിക്കാൻ ഈ ജെയിൻ ഈ കമ്പനികളെ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. അന്താരാഷ്ട്ര ആയുധ ഇടപാടുകാരനായ അദ്‌നാൻ ഖഷോഗിയുമായി ജെയിൻ പ്രവർത്തിച്ചിട്ടുണ്ടെന്നും പിന്നീട് ദുബൈയിലും തന്റെ ബിസിനസ്സ് വികസിപ്പിച്ചതായും വൃത്തങ്ങൾ പറഞ്ഞു.
യുഎസ് നാവിക ഓഫീസറായിരുന്ന ട്രാവിസ് മക് ഹെന്‍ റിയാണ് 2001-ല്‍ 'വെസ്റ്റ്ആര്‍ക്ടിക' എന്ന പേരില്‍ രാജ്യം സ്ഥാപിച്ച് ഗ്രാൻഡ് ഡ്യൂക്(ഭരണത്തലവൻ) ആയി സ്വയം പ്രഖ്യാപിച്ചത്. അന്റാര്‍ട്ടിക്കയില്‍ സ്ഥിതിചെയ്യുന്ന 'വെസ്റ്റ്ആര്‍ക്ടിക' 620,000 ചതുരശ്ര മൈല്‍ വിസ്തീര്‍ണവും 2356 പൗരന്മാരുമുള്ള രാജ്യമാണെന്നാണ് അവകാശവാദം.