21 ഏക്കറിന് ‘വില’ 99 പൈസ; വിശാഖപട്ടണത്തെ ഐടി ഹബാക്കാൻ ടാറ്റയുമായി വൻ കരാലിറേർപ്പെട്ട് ആന്ധ്ര
അഞ്ച് വർഷത്തിനുള്ളിൽ ഐടി മേഖലയിൽ 5 ലക്ഷം തൊഴിലവസരമെങ്കിലും സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് പദ്ധതിയുണ്ട്
ഹൈദരാബാദ്: ഐടി മേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ആന്ധ്രാ പ്രദേശ്. സ്വകാര്യ കമ്പനികളെ സംസ്ഥാനത്തേക്കെത്തിക്കുന്നതിന്റെ ഭാഗമായി വിശാഖപട്ടണത്ത് 21.16 ഏക്കർ ഭൂമി ടാറ്റ കൺസൾട്ടൻസി സർവീസസിന് പാട്ടത്തിന് നൽകി. പ്രതീകാത്മക വിലയായി 99 പൈസ നിശ്ചയിച്ചാണ് ഭൂമി കൈമാറാൻ ആന്ധ്രാപ്രദേശ് മന്ത്രിസഭ തീരുമാനിച്ചത്.
12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 1370 കോടി രൂപ കമ്പനി നിക്ഷേപിക്കുമെന്ന് മന്ത്രി നാര ലോകേഷ് നായിഡ് പറഞ്ഞു. ഉടൻ തന്നെ വാടക കെട്ടിടത്തിൽ സ്ഥാപനം പ്രവർത്തനം ആരംഭിക്കുമെന്ന് ടാറ്റ അധികൃതർ വ്യക്തമാക്കി. ആധുനിക സംവിധാനങ്ങളുള്ള കെട്ടിടം രണ്ട് വർഷത്തിനകം പൂർത്തിയാകുമെന്ന് അധികതർ പറഞ്ഞു.
തുറമുഖ നഗരത്തെ ഐടി, ടെക്നോളജി ഹബാക്കി മാറ്റുന്നതിന്റെ തുടക്കമാണിതെന്ന് ലോകേഷ് പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ ഐടി മേഖലയിൽ കുറഞ്ഞത് 5 ലക്ഷം തൊഴിലവസരമെങ്കിലും സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് പദ്ധതിയുണ്ട്. കൂടുതൽ കമ്പനികളെ സംസ്ഥാനത്ത് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.