രാജസ്ഥാൻ കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ഖച്ചാരിയവാസിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്
ബിജെപി സർക്കാർ ഇഡിയിലൂടെ രാഷ്ട്രീയം കളിക്കരുതെന്ന് ഖച്ചാരിയവാസ്
ജയ്പൂർ: അശോക് ഗെഹ്ലോട്ട് സർക്കാരിലെ മുൻ ഗതാഗത മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രതാപ് സിംഗ് ഖച്ചാരിയവാസിന്റെ ജയ്പൂരിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പേൾ അഗ്രോ കോർപ്പറേഷൻ ലിമിറ്റഡ് (പിഎസിഎൽ) അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് ലഭിക്കുന്ന വിവരം.എന്നാൽ ഇതിനെക്കുറിച്ച് ഇഡിയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
2020 ആഗസ്റ്റിൽ പി എ സി എൽ അഴിമതിക്കേസിൽ ഖച്ചാരിയവാസിന്റെ കുടുംബത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് ഇഡി ഖചാരിയവാസിനും, അദ്ദേഹത്തിന്റെ പിതാവിനും സഹോദരനും നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഖച്ചാരിയവാസ് ജയ്പൂരിലെ ഇഡി ഓഫീസിൽ ഹാജരാകുകയും അദ്ദേഹത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം,താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇഡിയെ ഭയപ്പെടുന്നില്ലെന്നും ഖച്ചാരിയവാസ് മാധ്യമങ്ങളോട് പറഞ്ഞു.ബിജെപി സർക്കാർ ഇഡിയിലൂടെ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഇത് ബിജെപിയുടെ സ്ഥാപക അംഗവും മുൻ വൈസ് പ്രസിഡന്റുമായ ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ ഇളയ സഹോദരൻ ലക്ഷ്മൺ സിംഗ് ഷെഖാവത്തിന്റെ വീടാണ്, ഇത് പ്രതാപ് സിംഗ് ഖചാരിയവാസിന്റെ വീടല്ല. തന്റെ പിതാവ് ലക്ഷ്മണന് ഇപ്പോൾ 85 വയസ്സിനു മുകളിൽ പ്രായമുണ്ട്. കഴിഞ്ഞ ഒന്നര മാസമായി അമ്മ സുഖമില്ലാതെ കിടക്കുകയാണ്.ബിജെപി സ്വന്തം ശവക്കുഴി തോണ്ടിയിരിക്കുന്നു'.. ഖച്ചാരിയവാസ് പറഞ്ഞു.
'ഇഡി, ഐടി, ഏജൻസികൾക്ക് അന്വേഷണത്തിന് വരാനും അന്വേഷിക്കാനും അവകാശമുണ്ട്. എനിക്ക് ഭയമില്ല. ബിജെപി സർക്കാർ അഴിമതിക്കാരാണ്, അതിനാൽ അവരാണ് ഭയപ്പെടേണ്ടത്, ഞാനല്ല. കേന്ദ്ര ഏജൻസിയിൽ നിന്ന് തനിക്ക് ഒരു നോട്ടീസും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ ഭയപ്പെടുത്താനാണ് ഇഡി തന്റെ വീട് പരിശോധിക്കാൻ വന്നതെന്ന് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു.
അതേസമയം, 2014ലാണ് പി.എ.സി.എല്‍ തട്ടിപ്പ് വെളിച്ചത്തുവരുന്നത്. മണി ചെയിന്‍ മാതൃകയാണ് നിക്ഷേപ തട്ടിപ്പ് നടന്നത്.ഉപഭോക്താക്കള്‍ക്ക് കാര്‍ഷിക, പാര്‍പ്പിട പ്ലോട്ടുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തവണവ്യവസ്ഥയില്‍ കമ്പനി പണം സമാഹരിച്ചിരുന്നത്.18 വർഷത്തിനിടെ 58 ദശലക്ഷം നിക്ഷേപകരിൽ നിന്ന് കുറഞ്ഞത് 49,100 കോടി രൂപ നിയമവിരുദ്ധമായി പിരിച്ചെടുത്തതിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പിഎസിഎല്ലിനെ നിരോധിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ തട്ടിപ്പിന് ഇരയായിരുന്നു.