' റാണയെ ബിരിയാണി കൊടുത്ത് തീറ്റിപ്പോറ്റരുത്,വധശിക്ഷ ലഭിച്ചാൽ ആഘോഷിക്കും': മുംബൈ ഭീകരാക്രമണത്തിൽ രക്ഷാപ്രവര്‍ത്തനത്തിൽ പങ്കാളിയായ ചോട്ടു ചായ് വാല
തീവ്രവാദികളെ നേരിടാൻ രാജ്യത്ത് കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും തൗഫീഖ് ആവശ്യപ്പെട്ടു
മുംബൈ: തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചതോടെ വീണ്ടും വാര്‍ത്തകളിൽ നിറയുകയാണ് മുംബൈ ഭീകരാക്രമണക്കേസ്. ആക്രമണത്തിന്‍റെ മുഖ്യ ആസൂത്രകരിൽ ഒരാളായ റാണയെ ഇന്നലെയാണ് ഇന്ത്യയിലെത്തിച്ചത്. ആക്രമണം ചര്‍ച്ചയാകുമ്പോൾ അന്നത്തെ നടുക്കുന്ന ഓര്‍മകളിലാണ് മുംബൈ നിവാസികൾ. റാണക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ആക്രമണത്തിന് ഇരയായ നിരവധി പേരെ രക്ഷപ്പെടാൻ സഹായിച്ച മുംബൈ ഛത്രപതി ശിവജി ടെല്‍മിനസ് റെയില്‍വെ സ്റ്റേഷനിലെ ടീസ്റ്റാള്‍ ഉടമയായ മുഹമ്മദ് തൗഫീഖ് പറയുന്നു. ചോട്ടു ചായ് വാല എന്നറിയപ്പെടുന്ന തൗഫീഖ് പിടിഐയോട് സംസാരിക്കുകയായിരുന്നു.
തഹാവൂര്‍ റാണയ്ക്ക് ബിരിയാണിയോ വിഐപി പരിഗണനയോ പ്രത്യേക സെല്ലോ കൊടുക്കരുതെന്ന് തൗഫീക്ക് പറയുന്നു. തീവ്രവാദികളെ നേരിടാൻ രാജ്യത്ത് കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2008 നവംബറിൽ ഭീകരാക്രമണം നടക്കുമ്പോൾ സൗത്ത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ ചായക്കട നടത്തുകയായിരുന്നു ഇദ്ദേഹം. തന്‍റെ കൺമുന്നിൽ നിരവധി ആളുകൾ മരിച്ചുവീഴുന്നതിനും തൗഫീഖ് സാക്ഷിയായിരുന്നു. നിരവധി പേരെ സുരക്ഷിത സ്ഥാനത്ത് എത്താൻ സഹായിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലാക്കുകയും ചെയ്തിരുന്നു.
അതേസമയം റാണയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. 18 ദിവസത്തെ കസ്റ്റഡിയാണ് കോടതി എൻഐക്ക് അനുവദിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്‍റെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുക ലക്ഷ്യമെന്ന് എൻഐഎ അറിയിച്ചു.
എൻഐഎ ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തിൽ ഉള്ള 12 അംഗ സംഘമാണ് തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത്. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചോദ്യം ചെയ്യൽ നിരീക്ഷിക്കും. മുംബൈ ആക്രമണത്തിലെ ഐഎസ്ഐ - പാക് കരസേന - ഭീകരസംഘടനകൾ, തമ്മിലുള്ള 'നെക്സസ്' പുറത്തുകൊണ്ടുവരുകയാണ് പ്രധാന ലക്ഷ്യം.
റാണയുടെ കൊച്ചി സന്ദർശനവും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ ഉൾപ്പെട്ടേക്കും. അതിനിടെ റാണയെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുന്ന ദൃശ്യങ്ങൾ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്ത് വിട്ടു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ റാണയെ ഡൽഹിയിൽ എത്തിച്ചത്. വിമാനത്താവളത്തിൽ വച്ച് തന്നെ റാണയെ എൻഐ അറസ്റ്റ് ചെയ്യുകയും ഡൽഹി പട്യാല ഹൗസ് കോടതിയിയിൽ ഹാജരാക്കുകയും ആയിരുന്നു.