‘ദലിതർക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നു’; തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ - ഗവർണർ പോര്
ഗവർണർ പറയുന്നത് പച്ചക്കള്ളമെന്ന് മന്ത്രി
ചെന്നൈ: വീണ്ടും സർക്കാരുമായി കൊമ്പുകോർത്ത് തമിഴ്നാട് ഗവർണർ ആർ.എൻ രവി. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ സർക്കാർ ദലിതരോട് യാതൊരു വിധ അനുഭാവവും പ്രകടിപ്പിക്കുന്നില്ലെന്നും ദലിതർക്കെതിരെയുള്ള ആക്രമണങ്ങൾ സംസ്ഥാനത്ത് പെരുകുന്നതായും ഗവർണർ ആരോപിച്ചു. അതേസമയം, ഗവർണറുടെ പരാമർശങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി ഗോവി ചേഴിയാൻ രംഗത്ത് വന്നു. ഗവർണർ പറയുന്നത് പച്ചക്കള്ളമാണെന്നും ജാതി തിരിഞ്ഞുള്ള ആക്രമണങ്ങളിൽ മുൻപന്തിയിലുള്ളത് ഗവർണറുടെ സ്വന്തം സംസ്ഥാനമായ ബീഹാറും ഉത്തർപ്രദേശുമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അംബേദ്ക്കർ ജയന്തി ആഘോഷ പരിപാടികൾക്കിടെയായിരുന്നു ഗവർണർ ആർ.എൻ രവിയുടെ പ്രസ്താവന. താൻ തമിഴ്‌നാട്ടിൽ വന്നത് മുതൽ ഇവിടത്തെ ദലിതരുടെ അവസ്ഥയോർത്ത് ദു:ഖിതാനാണെന്നും അംബേദ്‌കറുടെ സ്വപ്നങ്ങൾ എത്രത്തോളം നാട്ടിൽ നടപ്പായിട്ടുണ്ടെന്ന് ചർച്ച ചെയ്യപ്പെടണമെന്നും ഗവർണർ പറഞ്ഞു. നാട്ടിൽ വിവേചനങ്ങൾ തുടരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. സാമൂഹിക നീതിയിൽ മുൻപന്തിയിൽ നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന തമിഴ്‌നാട്ടിൽ നിന്നുംകേൾക്കുന്ന കഥകൾ ഹൃദയഭേദകമാണ്. തെരുവിൽ ചെരുപ്പിട്ട് നടന്നതിന്റെ പേരിലും ബൈക്കിൽ സഞ്ചരിച്ചതിന്റെ പേരിലുമെല്ലാം ദലിതർ ആക്രമിക്കപ്പെടുന്നു. വാട്ടർ ടാങ്കുകളിൽ മനുഷ്യമലം കാണപ്പെടുന്നു. അധ്യാപകൻ പ്രശംസിച്ചതിന്റെ പേരിൽ വിദ്യാർഥിയെ വീട്ടിൽ കയറി ആക്രമിക്കുന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളുമല്ലെന്നും ഗവർണർ പറഞ്ഞു.
കള്ളകുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ ഇരയായവരിൽ ഭൂരിഭാഗവും ദലിതരായിരുന്നു. ദലിതർക്കെതിരെയുള്ള ആക്രമണങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായി വർധിച്ച് വരുന്നുണ്ട്. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്നതിൽ സംസ്ഥാനം ദേശീയ ശരാശരിയുടെ പകുതിക്കും താഴെയാണ്. ഈ പറയുന്നത് വസ്തുതാപരമായ കാര്യങ്ങളാണ്, രാഷ്ട്രീയപരമായ ആരോപണങ്ങളല്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഗവർണറുടെ പ്രസ്താവന സർക്കാരിനെ ലക്ഷ്യം വെച്ചുള്ള കള്ളങ്ങളാണെന്നും ബിജെപി ഭരിക്കുന്ന ബീഹാറും ഉത്തർപ്രദേശും പോലുള്ള സംസ്ഥാനങ്ങളിലാണ് ദലിതർക്കെതിരായ ആക്രമണങ്ങൾ പെരുകുന്നതെന്നും മന്ത്രി ഗോവി ചേഴിയാൻ പ്രതികരിച്ചു. സനാതന ധർമവും മനുസ്‌മൃതിയും ജീവവായുവായി കൊണ്ട് നടക്കുന്ന ആർ.എൻ രവിക്ക് ദലിതർക്ക് വേണ്ടി സംസാരിക്കാൻ യോഗ്യതയില്ല. അംബേദ്ക്കറെ ഇകഴ്ത്തി കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പാർലിമെന്റിൽ സംസാരിച്ചപ്പോൾ ഗവർണർ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും മന്ത്രി ചോദിച്ചു.