ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ തട്ടിക്കൊണ്ടുപോകലും മരണവും അഭിനയിച്ച് 17-കാരൻ; പിതാവിനോട് ചോദിച്ചത് 5 ലക്ഷം!
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥിയാണ് നാടകീയ നീക്കത്തിലൂടെ കുടുംബത്തിൽനിന്ന് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്
ലഖ്‌നൗ: ഓൺലൈൻ ഗെയിമിലൂടെ ഉണ്ടായ കടം വീട്ടാൻ സ്വന്തം തട്ടിക്കൊണ്ടുപോകലും മരണവും വ്യാജമായി ചിത്രീകരിച്ച് പിതാവിൽനിന്ന് പണം തട്ടാൻ ശ്രമിച്ച് 17കാരൻ. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥിയാണ് നാടകീയ നീക്കത്തിലൂടെ കുടുംബത്തിൽനിന്ന് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. മകന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ട പിതാവ് മൂന്ന് ലക്ഷം രൂപ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പൊലീസ് അന്വേഷണത്തിൽ തട്ടിപ്പ് പുറത്തായി.
ഒക്ടോബർ 20ന് രാത്രി ഒൻപത് മണിക്ക് ശേഷമാണ് ലഖ്‌നൗവിലെ പാരാ മേഖലയിൽ താമസിക്കുന്ന കൗമാരക്കാരനെ കാണാതായത്. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. ഡൽഹിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പിതാവിനെയും അമ്മയെയും അമ്മാവനെയും ലക്ഷ്യമിട്ടായിരുന്നു വിദ്യാർഥിയുടെ നീക്കം.
വീട്ടിൽനിന്ന് ഇറങ്ങിയ വിദ്യാർഥി മൊബൈൽ ഫോണിൽനിന്ന് സിം കാർഡ് നീക്കം ചെയ്തതായി പൊലീസ് പറയുന്നു. പിന്നീട് വൈഫൈ ഉപയോഗിച്ച് വാട്‌സ്ആപ്പിലൂടെ കുടുംബാംഗങ്ങൾക്ക് തട്ടിക്കൊണ്ടുപോയെന്ന സന്ദേശം അയച്ചു. ശബ്ദം മാറ്റി തയ്യാറാക്കിയ വോയ്‌സ് നോട്ടിലൂടെ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു.
കുടുംബത്തെ കൂടുതൽ ഭയപ്പെടുത്താൻ താൻ മരിച്ചെന്ന സന്ദേശവും അയച്ചു. മകനെ തട്ടിക്കൊണ്ടുപോയതായോ മരിച്ചതായോ കരുതിയ കുടുംബം കടുത്ത ആശങ്കയിലായി. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന് പിന്നിൽ വിദ്യാർഥി തന്നെയാണെന്ന് കണ്ടെത്തി. കാമുകിക്കൊപ്പം സുരക്ഷിതനായി കഴിയുകയായിരുന്ന വിദ്യാർഥിയെ പൊലീസ് കണ്ടെത്തി കുടുംബത്തെ വിവരമറിയിച്ചു.
ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടതോടെയാണ് വിദ്യാർഥി സാമ്പത്തിക പ്രതിസന്ധിയിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജിതേന്ദ്ര കുമാർ ശ്രീവാസ്തവയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ ഗെയിമിലൂടെ ഏകദേശം 70,000 രൂപ നഷ്ടപ്പെട്ടപ്പോൾ കുടുംബം ആ തുക തിരിച്ചടച്ചിരുന്നു. എന്നിട്ടും ഗെയിം കളി തുടർന്ന വിദ്യാർഥിക്ക് വീണ്ടും ഏകദേശം 50,000 രൂപ നഷ്ടമായി.
ആവർത്തിച്ചുള്ള ആവശ്യങ്ങൾക്കുശേഷവും കുടുംബം പണം നൽകാതായതോടെയാണ് കടം വീട്ടാൻ വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.