ജാതി സെൻസസ് റിപ്പോർട്ട് കർണാടക മന്ത്രിസഭക്ക് മുന്നിൽ; എതിർപ്പുമായി ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങൾ

വിവിധ ജാതികളെയും സമുദായങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ 50 വാല്യങ്ങളാണ് റിപ്പോർട്ടിലുള്ളത്

Update: 2025-04-11 13:50 GMT
Advertising

ബെംഗളൂരു: ജാതി സെൻസസ് എന്നറിയപ്പെടുന്ന സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ വെള്ളിയാഴ്ച കർണാടക മന്ത്രിസഭക്ക് മുന്നിലെത്തി. ഏപ്രിൽ 17ന് ചേരുന്ന പ്രത്യേക യോഗത്തിൽ റിിപ്പോർട്ട് ചർച്ച ചെയ്യും.

2015ൽ കർണാടക സംസ്ഥാന പിന്നാക്ക വിഭാഗം കമ്മീഷൻ തലവനായിരുന്ന എച്ച്. കന്തരാജാണ് സർവേ നടത്തിയത്. അദ്ദേഹത്തിന്റെ പിൻഗാമി കെ. ജയപ്രകാശ് ഹെഗ്ഡെ 2024 ഫെബ്രുവരിയിൽ ഇതിന് അന്തിമരൂപം നൽകി. മുദ്രവച്ച കവറിലാണ് ഇത് മന്ത്രിസഭ മുമ്പാകെ സമർപ്പിച്ചത്.

റിപ്പോർട്ട് എല്ലാ മന്ത്രിമാർക്കും നൽകുമെന്നും അതിനാൽ തന്നെ ഏപ്രിൽ 17ലെ യോഗത്തിന് മുമ്പായി ഇതിലെ കണ്ടെത്തലുകൾ പഠിക്കാൻ സാധിക്കുമെന്നും പിന്നാക്ക വിഭാഗ ക്ഷേ​മ മന്ത്രി ശിവരാജ് തംഗദഗി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിവിധ ജാതികളെയും സമുദായങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ 50 വാല്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.

ഇതിലെ ഉള്ളടക്കം സർക്കാർ പുറത്തുവിട്ടിട്ടില്ല. സർവേ മികച്ച രീതിയിലാണ് നടത്തിയതെന്ന് കണക്കുകൾ പുറത്തുവിട്ടുകൊണ്ട് സർക്കാർ പറയുന്നു. എന്നാൽ, സർവേ ശരിയായ രീതിയി​ല​ല്ല നടന്നിട്ടുള്ള​തെന്ന് കാണിച്ച് ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്. വീണ്ടും സർവേ നടത്തണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, ഒബിസി, എസ്സി, എസ്ടി വിഭാഗങ്ങൾ സർവേയെ പിന്തുണക്കുന്നുണ്ട്.

‘2011​ലെ സെൻസസ് ​പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 6.11 കോടിയാണ്. 2015ൽ സർവേ നടക്കുമ്പോൾ ജനസംഖ്യ ഏകദേശം 6.35 കോടിയായിട്ടുണ്ട്. 5.98 കോടി പൗരൻമാരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയിട്ടുള്ളത്. ഇത് 94.17 ശതമാനം വരും. 37 ലക്ഷം ​പേർ മാത്രമാണ് ഇതിൽനിന്ന് ഒഴിവായത്’ -മന്ത്രി ശിവരാജ് പറഞ്ഞു.

1.6 ലക്ഷം ജീവനക്കാർ ഇതിന്റെ ഭാഗമായിട്ടുണ്ട്. വിവരങ്ങൾ കൈകാര്യം ചെയ്തത് ഭാരത് ഇലക്ട്രോണിക്സാണ്. 43 കോടിയുടെ കരാറായിരുന്നു ബിഇഎല്ലുമായിട്ടുള്ളത്. ആകെ 165 കോടി രൂപയാണ് സർവേക്ക് വേണ്ടി ചെലവായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ്, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവയുടെ സമയത്ത് ജാതി സെൻസസിൽ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News