ജയ്പൂരിൽ മസ്ജിദിന്റെ ചുവരിൽ വിദ്വേഷ പോസ്റ്ററുകൾ പതിച്ചു; ബിജെപി എംഎൽഎ ബാൽ മുകുന്ദാചാര്യക്കെതിരെ കേസ്

സംഭവം വിവാദമായതോടെ ബാൽ മുകുന്ദാചാര്യ മാപ്പ് പറഞ്ഞു.

Update: 2025-04-26 12:39 GMT
Advertising

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ജുമാ മസ്ജിദിന്റെ ചുവരിൽ വിദ്വേഷ പോസ്റ്ററുകൾ പതിച്ച ഹവാ മഹൽ ബിജെപി എംഎൽഎ ബാൽ മുകുന്ദാചാര്യക്കെതിരെ കേസ്. വെള്ളിയാഴ്ച രാത്രിയാണ് അനുയായികൾക്ക് ഒപ്പമെത്തിയ ബാൽ മുകുന്ദാചാര്യ മസ്ജിദിന്റെ ചുവരിൽ പോസ്റ്ററുകൾ പതിച്ചത്. ബാൽ മുകുന്ദയും അനുയായികളും മുദ്രാവാക്യം വിളി തുടങ്ങിയതോടെ ഇത് ചോദ്യം ചെയ്ത് പ്രദേശവാസികളും രംഗത്തെത്തി. സംഘർഷാവസ്ഥ ഉടലെടുത്തതോടെ ജയ്പൂർ കമ്മീണർ ബിജു ജോർജ്, കോൺഗ്രസ് എംഎൽഎമാരായ റഫീഖ് ഖാൻ, അമീൻ കഗ്‌സി എന്നിവരെത്തിയാണ് രംഗം ശാന്തമാക്കിയത്.

മസ്ജിദ് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാൽ മുകന്ദാചാര്യക്കെതിരെ കേസെടുത്തത്. എംഎൽഎ ഷൂ ധരിച്ച് മസ്ജിദിന് അകത്ത് പ്രവേശിച്ചെന്നും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. സംഭവം വിവാദമായതോടെ ബാൽ മുകുന്ദാചാര്യ മാപ്പ് പറഞ്ഞു.

2023 ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ജയ്പൂരിലെ നോൺ വെജിറ്റേറിയൻ റസ്‌റ്റോറന്റുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാൽ മുകുന്ദ രംഗത്തെത്തിയിരുന്നു. ജയ്പൂരിലെ പ്രശസ്തമായ എംഎം ഖാൻ ഹോട്ടൽ മാനേജരെ എംഎൽഎ കയ്യേറ്റം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സ്ത്രീകൾക്ക് ഹോട്ടലിന് മുന്നിലൂടെ വഴി നടക്കാൻ കഴിയുന്നില്ലെന്നും ഹോട്ടലിലെത്തുന്ന മദ്യപാനികളും സാമൂഹ്യവിരുദ്ധരും പ്രദേശത്ത് അഴിഞ്ഞാടുന്നുവെന്നും ആരോപിച്ചായിരുന്നു കയ്യേറ്റം. ഇത് തങ്ങളുടെ കാശിയാണെന്നും കറാച്ചിയല്ലെന്നും പറഞ്ഞ എംഎൽഎ ജയ് ശ്രീരാം മുഴക്കിയാണ് റസ്‌റ്റോറന്റ് മാനേജരെ ആക്രമിച്ചത്. ഇതും വിവാദമായതിന് പിന്നാലെ എംഎൽഎ മാപ്പ് പറയുകയായിരുന്നു.

2024 ജനുവരിയിൽ സർക്കാർ സ്‌കൂളുകളിൽ മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിനെതിരെ ബാൽ മുകുന്ദ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയായ കിരോഡി ലാൽ മീണയും ഹിജാബ് നിരോധനം ആവശ്യപ്പെട്ടിരുന്നു. ഒരു പ്രത്യേക സമുദായത്തിലെ ആളുകൾക്ക് നാല് ഭാര്യമാരും 36 മക്കളുമുണ്ടെന്ന ബാൽ മുകുന്ദയുടെ പ്രസ്താവനയും വിവാദമായിരുന്നു. 2024 ജനുവരിയിലായിരുന്നു ഇത്. ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News