വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ റാലിയിൽ പങ്കെടുത്ത ന്യൂനപക്ഷ മോർച്ച നേതാവിനെ പുറത്താക്കി ബിജെപി
കർണാടക ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി റൗഫുദ്ദീൻ കച്ചേരിവാലയെയാണ് ആറു വർഷത്തേക്ക് പുറത്താക്കിയത്.
ബെംഗളൂരു: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി റൗഫുദ്ദീൻ കച്ചേരിവാലയെ പാർട്ടിയിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ പ്രസിഡന്റായ കച്ചേരിവാല കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് മുസ്ലിം നേതാക്കൾക്കൊപ്പം ചേർന്ന് അടുത്തിടെ കൈയിൽ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിച്ചിരുന്നു. നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ബിജെപി അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് റൗഫുദ്ദീൻ മറുപടി നൽകിയിരുന്നില്ല.
റൗഫുദ്ദീൻ കച്ചേരിവാലയെ ആറു വർഷത്തേക്ക് പുറത്താക്കിയത് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ബിജെപി സംസ്ഥാന അച്ചടക്ക സമിതി പ്രസിഡന്റ് ലിംഗരാജ് പാട്ടീൽ പത്രക്കുറിപ്പിൽ പറഞ്ഞു. പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്നും ലിംഗരാജ് വ്യക്തമാക്കി.