തമിഴ്നാട്ടിൽ ബിജെപി-എഐഎഡിഎംകെ സഖ്യം; പ്രഖ്യാപിച്ച് അമിത് ഷാ
‘എടപ്പാടി പളനിസ്വാമിയാകും സഖ്യത്തിന്റെ മുഖം’
ചെന്നൈ: 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമിക്ക് കീഴിൽ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എടപ്പാടിയാകും മുന്നണിയുടെ മുഖമെന്നും അമിത് ഷാ ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
‘മോദിയും ജയലളിതയും തമ്മിൽ നല്ല ബന്ധമായിരുന്നു. ഇത് വളരെ സ്വാഭാവികമായ കൂട്ടുകെട്ടാണ്. യാതൊരുവിധ ഉപാധികളുമില്ലാതെയാണ് എഐഎഡിഎംകെ ബിജെപിയുമായി സഖ്യത്തിലേർപ്പെടുന്നത്. തങ്ങൾ അധികാരത്തിൽ വന്നാൽ പളനിയസ്വാമിയുടെ നേതൃത്വത്തിലാകും സഖ്യസർക്കാർ രൂപീകരിക്കുക. എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാത്രിയാണ് അമിത് ഷാ തമിഴ്നാട്ടിലെത്തിയത്. നിലവിലെ ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈക്ക് പകരം മുതിർന്ന നേതാവും എംഎൽഎയുമായ നാഗേന്ദ്രൻ പ്രസിഡന്റാകുമെന്നും വിവരമുണ്ട്.