അയോധ്യയിലെ രാംപഥിൽ മാംസ-മദ്യ വിൽപ്പന നിരോധിച്ചു
പാൻ, ഗുട്ട്ക, ബീഡി, സിഗരറ്റ് തുടങ്ങിയവയുടെ എന്നിവയുടെ പരസ്യങ്ങള്‍ക്കും രാംപഥില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്
അയോധ്യ: അയോധ്യയെയും ഫൈസാബാദ് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ രാംപഥിന്റെ 14 കിലോമീറ്റർ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന നിരോധിച്ചു. ഇതുസംബന്ധിച്ച പ്രമേയത്തിന് അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ അംഗീകാരം നല്‍കി. രാംപഥിലാണ് അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാൻ, ഗുട്ട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങൾ എന്നിവയുടെ പരസ്യങ്ങള്‍ക്കും രാംപഥില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അയോധ്യയിൽ മാംസവും മദ്യവും വില്‍പ്പന നടത്തുന്നത് നേരത്തെ വിലക്കിയിട്ടുണ്ട്.എന്നാല്‍ ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെ രാംപഥില്‍ മുഴുവന്‍ നിയന്ത്രണങ്ങൾ വ്യാപിപ്പിക്കാനാണ് പുതിയ പ്രമേയത്തിലുള്ളത്. അയോധ്യ മേയർ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നഗരത്തിന്‍റെ യഥാര്‍ഥ ആത്മീയ മുഖം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നിരോധനം നടപ്പിലാക്കുന്നത്. മേയർ, ഡെപ്യൂട്ടി മേയർ, 12 കോർപ്പറേറ്റർമാർ എന്നിവരടങ്ങുന്ന അയോധ്യ മുനിസിപ്പൽ കോർപ്പറേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവര്‍ പ്രമേയം പാസാക്കിയെന്നും മേയര്‍ അറിയിച്ചു.ബിജെപിയിൽ നിന്നുള്ള സുൽത്താൻ അൻസാരി മാത്രമാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക മുസ്‍ലിം കോര്‍പ്പറേറ്റര്‍.
അയോധ്യയിലെ സരയു തീരത്ത് നിന്ന് ആരംഭിക്കുന്ന രാംപഥിന്‍റെ അഞ്ച് കിലോമീറ്റർ ദൂരം ഫൈസാബാദ് നഗരത്തിലാണ് വരുന്നത്. നിലവിൽ ഈ ഭാഗത്ത് മാംസവും മദ്യവും വിൽക്കുന്ന നിരവധി ഔട്ട്‌ലെറ്റുകൾ ഉണ്ട്.