നെല്ലി കൂട്ടക്കൊലയുടെ റിപ്പോർട്ട് പൊടിതട്ടിയെടുക്കുന്ന ഹിമന്ത ബിശ്വ ശർമ ലക്ഷ്യമിടുന്നതെന്ത്?
42 വർഷങ്ങൾക്ക് ശേഷമാണ് കൂട്ടക്കൊലപാതകത്തെ കുറിച്ചുള്ള റിപ്പോർട്ട് വെളിച്ചം കാണുന്നത്. കടുത്ത മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഹിമന്ത ബിശ്വ ശർമ റിപ്പോർട്ട് പുറത്തുവിടുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്ത് എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്ന ചോദ്യം.
സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു 1983 ഫെബ്രുവരി 18ന് അസമിലെ നെല്ലിയിൽ നടന്ന കൂട്ടക്കൊല. ആറ് മണിക്കൂറിനിടെ ആയിരക്കണക്കിന് ബംഗാളി മുസ്ലിംകളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. 1,800 പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ 3000 പേർ കൊല്ലപ്പെട്ടുവെന്നും അതല്ല 5,000 പേർ വരെ കൊല്ലപ്പെട്ടെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും ഈ കൂട്ടക്കൊലക്ക് ഉത്തരവാദികളായ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ മാസമാണ് വിഷയത്തിൽ അപ്രതീക്ഷിതമായ ട്വിസ്റ്റുണ്ടായത്. കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച തിവാരി കമ്മീഷൻ റിപ്പോർട്ട് നവംബറിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ സഭയുടെ മേശപ്പുറത്ത് വെക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രഖ്യാപിച്ചു. 42 വർഷങ്ങൾക്ക് ശേഷമാണ് കൂട്ടക്കൊലപാതകത്തെ കുറിച്ചുള്ള റിപ്പോർട്ട് വെളിച്ചം കാണുന്നത്. കടുത്ത മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഹിമന്ത ബിശ്വ ശർമ റിപ്പോർട്ട് പുറത്തുവിടുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്ത് എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്ന ചോദ്യം.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഹിമന്തയുടെ നിർണായക പ്രഖ്യാപനം വരുന്നത് എന്നത് ശ്രദ്ധേയമാണ്. അസമീസ് ഗായകനായ സുബീൻ ഗാർഗിന്റെ മരണം സംസ്ഥാന സർക്കാരിനെതിരെ വലിയ ജനരോഷം ഉയർത്തിയിട്ടുണ്ട്. ഇത് മറികടക്കാനുള്ള ഹിമന്തയുടെ തന്ത്രമാണ് നെല്ലി റിപ്പോർട്ട് പുറത്തുവിടാനുള്ള നീക്കമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
നെല്ലി കലാപത്തിന്റെ ഇരകളുടെ ബന്ധുക്കളും ഹിമന്തയുടെ നീക്കം സദുദ്ദേശ്യത്തോടെയല്ല എന്നാണ് വിലയിരുത്തുന്നത്. നെല്ലി സ്വദേശിയായ സുലൈമാൻ ഖാസിമിക്ക് കുടുംബത്തിലെ 12 പേരെയാണ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടത്. 42 വർഷങ്ങൾക്ക് ശേഷം സർക്കാർ തിവാരി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നാണ് ഖാസിമി പറയുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന്റെ പ്രത്യേക താത്പര്യത്തിലും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.
നിരവധി സർക്കാറുകൾ വന്നുപോയി. ഹിമന്ത തന്നെ നേരത്തെയുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭകളിൽ ശക്തനായ മന്ത്രിയായിരുന്നു. അപ്പോഴൊന്നും റിപ്പോർട്ട് പുറത്തുവിടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇപ്പോൾ ഇത് പുറത്തുവിടുന്നതിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടാവും. ഒരുപക്ഷേ സുബീൻ ഗാർഗിന്റെ മരണത്തെ തുടർന്നുണ്ടായ ജനരോഷം തണുപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടാവാം. റിപ്പോർട്ട് പുറത്തുവന്നതുകൊണ്ട് തങ്ങൾക്ക് പ്രത്യേകിച്ച് എന്തെങ്കിലും കിട്ടുമെന്ന് കരുതുന്നില്ല. അതിന് പിന്നിൽ രാഷ്ട്രീയക്കളി ഉണ്ടാകാതിരുന്നാൽ മതി- ഖാസിമി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുസ്ലിംകളെ കോൺഗ്രസിൽ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നത് എന്നാണ് അസമിലെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൂട്ടക്കൊല നടന്ന 1983ൽ ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. അന്ന് അസം രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നു. നെല്ലി കൂട്ടക്കൊലയുടെ ഇരകളെ വീണ്ടും ഓർമിപ്പിക്കുന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലിക്കാൻ സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്. സുബീൻ ഗാർഗിന്റെ മരണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇത് സഹായിക്കുമെന്നാണ് ബിജെപി കരുതുന്നതെന്നും രാഷ്ട്രീയ നിരീക്ഷകനായ സുശാന്ത താലൂക്ദർ പ്രതികരിച്ചു.
നെല്ലി കൂട്ടക്കൊല
ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളെയും മുസ്ലിംകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെതിരെ 1979 മുതൽ 1985 വരെ വലിയ പ്രതിഷേധമാണ് അസമിൽ നടന്നത്. ഇവർ ബംഗ്ലാദേശികളാണെന്നും വിദേശികളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തരുതെന്നും ആരോപിച്ച് ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ ആയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
1983ൽ പ്രതിഷേധത്തിന്റെ ഭാഗമായ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയനും ഓൾ അസം ഗണ സംഗ്രാം പരിഷതും നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്രത്തിലെ ഇന്ദിരാ ഗാന്ധി സർക്കാർ ഇത് പരിഗണിച്ചില്ല. ഫെബ്രുവരി 14, 17, 20 തീയതികളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
1983 ഫെബ്രുവരി 18ന് തലസ്ഥാനമായ ഗുവാഹതിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള മധ്യ അസമിലെ മോറിഗാവ് ജില്ലയിലെ നെല്ലി ഗ്രാമത്തെ തദ്ദേശിയരായ അസമികളും തിവ അടക്കമുള്ള ഗോത്ര വർഗക്കാരും ചേർന്ന് ആക്രമിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,800 ബംഗാളി മുസ്ലിംകളാണ് അന്ന് കൊല്ലപ്പെട്ടത്.
1983 ജൂലൈയിൽ ഹിതേശ്വർ സയ്കിയയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ 1983 ജനുവരി മുതൽ ഏപ്രിൽ വരെ അസമിൽ നടന്ന കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഐഎഎസ് ഓഫീസറായ ത്രിഭുവൻ പ്രസാദ് തിവാരിയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയമിച്ചു. കലാപത്തിന്റെ കാരണങ്ങൾ അന്വേഷിക്കുക, നിയന്ത്രിക്കാൻ അധികാരികൾ സ്വീകരിച്ച നടപടികൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യാനാവുമെന്ന് ശിപാർശ ചെയ്യുക തുടങ്ങിയവയായിരുന്നു കമ്മീഷന്റെ ചുമതല. 1984 മേയിലാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. മാധ്യമപ്രവർത്തകരും എഴുത്തുകാരും റിപ്പോർട്ട് പരിശോധിച്ച് വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
സംഘടിത കലാപത്തിന് നേതൃത്വം കൊടുത്തവരെക്കുറിച്ച് റിപ്പോർട്ടിൽ ഒന്നും പറഞ്ഞിരുന്നില്ലെന്ന് ജപ്പാൻ ഗവേഷകയായ മകികോ മകികോ കിമുറ അവരുടെ പുസ്തകമായ 'നെല്ലി മസാകർ ഓഫ് 1983: ഏജൻസി ഓഫ് റിയറ്റേഴ്സ്' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. കൂട്ടക്കൊലയിൽ എഎഎസ്യു, എഎജിഎസ്പി നേതാക്കളുടെ പങ്ക് തെളിയിക്കുന്ന പരാമർശങ്ങളും റിപ്പോർട്ടിലില്ല. നെല്ലി കൂട്ടക്കൊലയെ കുറിച്ചോ 1983ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ നടന്ന കലാപങ്ങളെ കുറിച്ചോ സ്വതന്ത്രവും നിഷ്പക്ഷവുമായ മൂന്നാം കക്ഷിയുടെ അന്വേഷണം ഇല്ലാത്തത് സംഭവത്തിന്റെ പ്രധാന വശങ്ങൾ മനസ്സിലാക്കുന്നതിന് തടസ്സമായെന്ന് കിമുറ പറയുന്നുണ്ട്.
വിദേശികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 1979 മുതൽ അസമിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. 1979, 1980, 1981, 1982 വർഷങ്ങളിൽ നടന്ന വിവിധ സംഘർഷങ്ങളിൽ 358 പേർ കൊല്ലപ്പെട്ടതായി തിവാരി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. 1983ന്റെ ആദ്യ മാസങ്ങളിൽ നടന്ന സംഘർഷങ്ങളിൽ 2,072 പേരും പൊലീസ് വെടിവെപ്പിൽ 236 പേരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അസം സർക്കാരിന്റെ കയ്യിലുള്ള കമ്മീഷൻ റിപ്പോർട്ടിന്റെ കോപ്പിയിൽ ചെയർമാന്റെ ഒപ്പ് ഇല്ലായിരുന്നുവെന്നും ഫോറൻസിക് പരിശോധനയിലൂടെയും ആ കാലഘട്ടത്തിലെ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളിലൂടെയും ഗവൺമെന്റ് ഉദ്യോഗസ്ഥർ റിപ്പോർട്ടിന്റെ ആധികാരികത സ്ഥിരീകരിച്ചു എന്നാണ് ഒക്ടോബർ 23ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞത്.
അതേസമയം ഹിമന്ത ബിശ്വ ശർമയുടെ അവകാശവാദത്തിനെതിരെ എതിർപ്പ് ഉയരുന്നുണ്ട്. പ്രഫുല്ല കുമാർ മഹന്ത മുഖ്യമന്ത്രിയായിരുന്ന സമയത്ത് റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ടെന്ന് മുൻ നിയമസഭാംഗമായ ഹെമെൻ ദാസ് പറഞ്ഞു. ഒപ്പുവെക്കാത്ത റിപ്പോർട്ട് തീർത്തും അപ്രസക്തവും നിസ്സാരവുമാണെന്ന് മുൻ അസം കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഉദയൻ ഹസാരിക പറയുന്നത്. റിപ്പോർട്ട് വീണ്ടും ചർച്ചയാക്കുന്നത് വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നുള്ള ആശങ്ക ഹസാരികയും പങ്കുവെക്കുന്നുണ്ട്. ഇത് പൂർണമായും ബിജെപിയെ സഹായിക്കുമെന്നും സുബീൻ ഗാർഗിന്റെ മരണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്ന് സംശയിക്കേണ്ടിവരുമെന്നും ഹസാരിക പറഞ്ഞു.
നെല്ലി കൂട്ടക്കൊലയുടെ ഇരകൾക്ക് നീതി ലഭിക്കുമെന്ന ഒരു പ്രതീക്ഷയുമില്ലെന്ന് സുലൈമാൻ ഖാസിമി പറഞ്ഞു. ആറ് വർഷം നീണ്ടുനിന്ന് അസം പ്രക്ഷോഭത്തിൽ പൊലീസ് നടപടിയിൽ ജീവൻ നഷ്ടപ്പെട്ട തദ്ദേശിയരായ അസമീസ് സമൂഹത്തിൽപ്പെട്ട 855 പേരെ ഓൾ അസം സ്്റ്റുന്റ്സ് യൂണിയനും പിന്നീട് സർക്കാരും രക്തസാക്ഷികളായി പ്രഖ്യാപിച്ചു. കോൺഗ്രസ് സർക്കാരിൽ നിന്ന് 5000 രൂപയും പ്രഫുല്ല കുമാർ മഹന്തയുടെ അസം ഗണപരിഷത് സർക്കാരിൽ നിന്ന് 30,000 രൂപയും സർബാനന്ദ സോനോവാളിന്റെ ബിജെപി സർക്കാരിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ഇവർക്ക് ലഭിച്ചു. എന്നാൽ 5,000 രൂപയും ചില ടിൻ ഷീറ്റുകളും അല്ലാതെ തങ്ങൾക്ക് ഒന്നും കിട്ടിയില്ലെന്ന് ഖാസിമി പറയുന്നു.
പ്രഫുല്ല കുമാർ മഹന്തയും സോനോവാളും എഎഎസ്യു നേതാക്കളായിരുന്നു. ഹിമന്ത മുഖ്യമന്ത്രിയായത് മുതൽ പൊലീസ് നടപടിയിലൂടെ ബംഗാളി മുസ്ലിംകളെ കുടിയൊഴിപ്പിക്കുകയാണ്. താൻ മുഖ്യമന്ത്രിയായി തുടർന്നാൽ ബംഗാളി മുസ്‌ലിംകൾ സമാധാനത്തോടെ കഴിയില്ലെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പോലും ഹിമന്ത ഭീഷണി മുഴക്കിയിരുന്നു. പിന്നെ എങ്ങനെയാണ് തങ്ങൾ അദ്ദേഹത്തിൽ നിന്ന് നീതി പ്രതീക്ഷിക്കുകയെന്ന് ഖാസിമി ചോദിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട്: Scroll.com