'ഇവിടം അസ്വസ്ഥമാണ്': ലാലുപ്രസാദ് യാദവിലൊതുങ്ങില്ല, 'അടി' നടക്കുന്ന രാഷ്ട്രീയ കുടുംബങ്ങൾ ഇന്ത്യയിൽ വേറെയുമുണ്ട്...

ഇപ്പോൾ ശാന്തമാണെങ്കിലും തല വീണാൽ പൊങ്ങാൻ വെമ്പുന്ന കൗശലക്കാർ കൂടി വാഴുന്നതാണ് ഈ രാഷ്ട്രീയം.

Update: 2025-11-21 01:56 GMT

രാഷ്ട്രീയ കുടുംബവും അതിനെച്ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിന് പുതുമയൊന്നുമല്ല. ഈ പാരമ്പര്യം അവസാനിക്കാനും പോകുന്നുമില്ല. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കടന്നത് മുതൽ നമ്മുടെ രാഷ്ട്രീയവും പരിസരവും ഇങ്ങനെ കുടുംബക്കാരെക്കൊണ്ട് നിറഞ്ഞതാണ്. ബിഹാർ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി) തലവൻ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിലെ 'അടിയോടെ' കുടുംബ രാഷ്ട്രീയവും മക്കൾ രാഷ്ട്രീയവുമൊക്കെ വീണ്ടും ചർച്ചയാകുകയാണ്.

കൗതുകകരമായ കാര്യമെന്തെന്നാൽ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിലൊതുങ്ങുന്നില്ല ഈ അടിയും തടയും. കണ്ടാൽ മിണ്ടാത്തവരും എന്നാൽ ശത്രുവിനെ തോൽപിക്കാൻ കൈകോർക്കാമെന്ന് ചിന്തിക്കുന്നവരുമൊക്കെ ആ പാരമ്പര്യം പേറുന്നവരുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട്. ഇപ്പോൾ ശാന്തമാണെങ്കിലും തല വീണാൽ പൊങ്ങാൻ വെമ്പുന്ന കൗശലക്കാർ കൂടി വാഴുന്നതാണ് ഈ രാഷ്ട്രീയം. അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നതും തത്ക്കാലം നിലച്ചതുമായ 'കുടുംബ കലഹം' ഏതൊക്കെയെന്ന് നോക്കാം.

Advertising
Advertising

കെ.ടി രാമറാവുവും കവിതയും: തെലങ്കാനയിൽ അരാകും ചന്ദ്രശേഖർ റാവുവിന്റെ പിൻഗാമി

അധികാരം നഷ്ടപ്പെട്ടതോടെയാണ് തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി(ബിആര്‍എസ്)യുടെ തലവന്‍ ചന്ദ്രശേഖർ റാവുവിന്റെ കുടുംബത്തിൽ 'തീ' ഉയരുന്നത്. തീ ഉയരാനുള്ള സാഹചര്യം നേരത്തെ തന്നെയുണ്ടായിരുന്നുവെങ്കിലും രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്, തെലങ്കാന പിടിച്ചതോടെ കലഹത്തിന് വേഗത കൂടുകയായിരുന്നു. ചന്ദ്രശേഖര്‍ റാവുവിന്റെ മകൻ കെ.ടി രാമറാവുവും മകൾ കവിതയും തമ്മിലാണ് ഇവിടെ 'മത്സരം'.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിസാമാബാദ് മണ്ഡലത്തിൽ തോറ്റതോടെയാണ് കവിതക്ക് സംശയം ഉയരുന്നത്. തോറ്റതല്ലെന്നും തന്നെ ഒതുക്കാന്‍ തോൽപ്പിച്ചതാണെന്നും കവിത ഉറച്ചുവിശ്വസിച്ചു. പിന്നില്‍  കെ.ടി രാമറാവുവാണെന്ന് ചിന്തിക്കാന്‍ തെളിവുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. 2023ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിആർഎസ് അടപടലം പൊട്ടിയതോടെ തർക്കം മറനീക്കി പുറത്താകുകയും ചെയ്തു. ഇതിനിടെയാണ് 2024ൽ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കവിത അറസ്റ്റിലാകുന്നത്. 


ഇതിനിടെ  കവിതയെ ലക്ഷ്യംവെച്ചുള്ള പണികൾ അവിടെ യഥേഷ്ടം നടക്കുന്നുണ്ടായിരുന്നു. കവിത പുറത്തുവന്നെങ്കിലും തർക്കം ഒടുങ്ങിയിട്ടില്ല. ചന്ദ്രശേഖര്‍ റാവുവിന് വയസ് 71 ആയി. തന്റെ മനസ് വെളിപ്പെടുത്തിയില്ലെങ്കിലും മകനോടാണ് താത്പര്യം. എന്നാല്‍ അടങ്ങിയിരിക്കാന്‍ കവിത തയ്യാറല്ല. ബിജെപി ആലയിൽ ബിആർഎസിനെ എത്തിക്കാനാണ് സഹോദരൻ രാമറാവു ശ്രമിക്കുന്നതെന്ന ആരോപണം വരെ കവിത ഉന്നയിച്ചു. അതിനിടയ്ക്ക് സ്വന്തം പാർട്ടിയുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് അവർക്കിപ്പോഴുള്ളത്. അതേസമയം ബിആർഎസിലെ മുതിർന്ന നേതാക്കളെല്ലാം രാമറാവുവിനൊപ്പമാണ്.  കവിതക്ക് ഇന്ധനം നൽകി പ്രതിപക്ഷം ഒപ്പമുണ്ട്.

അഖിലേഷിനെ ഉന്നമിട്ട് ശിവ്പാൽ യാദവ്: പക്ഷേ...

എസ്പി(സമാജ്‌വാദി പാർട്ടി) എന്നാൽ അഖിലേഷ് യാദവാണ് ഇപ്പോഴത്തെ മുഖം എങ്കിലും തക്കം പാർത്തൊരാൾ അപ്പുറത്തിരിപ്പുണ്ട്. സമാജ്‌വാദി പാർട്ടിയുടെ സ്ഥാപകൻ മുലായം സിങ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവാണ് അഖിലേഷിനെ നോട്ടമിട്ട് നടക്കുന്നത്. ഒരു കാലത്ത് ഇവര്‍ തമ്മിലുള്ള തര്‍ക്കം ഉത്തര്‍പ്രദേശിലെ എസ്പി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.  2016ൽ അഖിലേഷ് മുഖ്യമന്ത്രിയായതോടെയാണ് പ്രശ്നം രൂക്ഷമായത്.


ശിവ്പാലുമായി അടുപ്പമുള്ള നേതാക്കളെ അഖിലേഷ് ഒതുക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള അകൽച്ച കൂടുന്നത്. 2016ൽ സംഘടനാ സംവിധാനം കൈപ്പിടിയിലൊതുക്കാനുള്ള പോരാട്ടത്തിനിടെ മുലായം, അഖിലേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. അഖിലേഷിനെ മുലായം തിരിച്ചെടുത്തെങ്കിലും പ്രഗതിശീൽ സമാജ്‌വാദി പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടി ആരംഭിച്ച ശിവ്പാൽ തത്ക്കാലം കളമൊഴിഞ്ഞു. 2022ല്‍  പ്രഗതിശീൽ സമാജ്‌വാദി പാർട്ടി എസ്പിയില്‍ ലയിക്കുകയും ചെയ്തു. ഇന്ന് അഖിലേഷാണ് പാര്‍ട്ടിയുടെ എല്ലാമെല്ലാം. ശിവ്പാലിന് പഴയ പോലെ സ്വാധീനമൊന്നുമില്ല. 

താക്കറെ കുടുംബത്തിലെ കലഹം, ഒന്നല്ല, രണ്ട്

മഹാരാഷ്ട്രയെ വിറപ്പിച്ച ബാൽ താക്കറെയുടെ ശിവസേന ഇപ്പോൾ ക്ഷീണത്തിലാണെങ്കിലും അവിടെയുമുണ്ട് തർക്കം. ബാൽതാക്കറയുടെ മകൻ ഉദ്ധവ് താക്കറെയും അനന്തരവൻ രാജ് താക്കറെയും തമ്മിലാണ് 'കളി'. മഹാരാഷ്ട്ര നവനിർമാൺ സേന എന്ന പാർട്ടിയുണ്ടാക്കി സ്വന്തമായി ചലിക്കുകയാണ് രാജ് താക്കറെ. ഉദ്ധവിന് എല്ലാ പരിഗണനയും കിട്ടുന്നു എന്ന് കണ്ടാണ് രാജ് താക്കറെ 2006ൽ എംഎൻഎസിന് തുടക്കമിടുന്നത്. ശിവസേനയിലെ ആദ്യത്തെ പിളർപ്പായിരുന്നു ഇത്.


രണ്ടാമത്തെ പിളർപ്പ് 2022ലാണ്. ബിജെപിയുടെ കൗശലത്തിൽ ഏക്‌നാഥ് ഷിൻഡെ വീണതോടെയാണ് ശിവസേന രണ്ടാമതും പിളർന്നത്. യഥാർഥ ശിവസേന തങ്ങളാണെന്നാണ് ഏക്‌നാഥ് ഷിൻഡെ വിഭാഗം അവകാശപ്പെടുന്നത്. അതിനിടയ്ക്ക് ഉദ്ധവുമായി അടുക്കുന്ന രാജിനെയും കണ്ടു. മഹാരാഷ്ര നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റമ്പിയതോടെയാണ് ഇരുവർക്കും മനം മാറ്റം വന്നത്. അടുത്തിടെ വോട്ടർപട്ടികയിലെ ക്രമക്കേടുന്നയിച്ച് ഉദ്ധവ് അടങ്ങുന്ന പ്രതിപക്ഷ സഖ്യത്തോടൊപ്പം രാജ് താക്കറെയും അണിനിരന്നിരുന്നു. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന സൂചനകളാണ് ഇരുവരും നൽകുന്നത്. 

കരുണാനിധിയുടെ കുടുംബത്തിലും 'കലഹം'

എം.കെ സ്റ്റാലിനുള്ളകാലത്തോളം ഡിഎംകെയ്ക്ക് പേടിക്കാനില്ലെങ്കിലും സാക്ഷാൽ കരുണാനിധിയുടെ കുടുംബവും കലഹത്തിൽ നിന്ന് 'സേഫ്' അല്ല. സ്റ്റാലിനും മൂത്ത സഹോദകൻ എം.കെ അളഗിരിയും തമ്മിലാണ് ഇവിടെ അസ്വാരസ്യം. സ്റ്റാലിനെ പിൻഗാമിയായി പ്രഖ്യാപിച്ചതോടെയണ് അളഗിരി ഒറ്റപ്പെടുന്നത്. പിന്നാലെ ഡിഎംകെയേയും സ്റ്റാലിനെയും ലക്ഷ്യമിട്ട് അളഗിരി 'പ്രവർത്തനം' തുടങ്ങിയെങ്കിലും സസ്‌പെൻഷനിലാണ് എത്തിയത്.


പാർട്ടിയിലെ ബിസിനസ് താൽപ്പര്യങ്ങളെയും സ്വാധീനത്തെയും ചൊല്ലി മാരൻ സഹോദരന്മാരും സ്റ്റാലിന്റെ ക്യാമ്പും തമ്മിലും സംഘർഷങ്ങൾ ഉടലെടുത്തു. അതിലൊന്നും സ്റ്റാലിൻ വീണില്ലെന്ന് മാത്രമല്ല, അദ്ദേഹം ഇപ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിലെയും 'ഇൻഡ്യ' സഖ്യത്തിന്റേയും നെടുംതൂണുമാണ്. മകൻ ഉദയനിധി സ്റ്റാലിന്റെ ഉയർച്ചയിലും അങ്ങിങ് പുക കാണുന്നുണ്ട്. കനിമൊഴിയാണ് മറ്റൊരു അധികാര കേന്ദ്രം. എന്നാൽ സ്റ്റാലിനുള്ള കാലത്തോളം ഇവയൊന്നും ഡിഎംകെക്ക്  പ്രശ്‌നമാകില്ല. 

പാസ്വാൻ കുടുംബത്തിലെ 'അടി', ചിരാഗും സഹോദരൻ പശുപതി കുമാര്‍ പരാസും തമ്മിൽ

ഇക്കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പോടെ ചിരാഗ് പാസ്വാനും അദ്ദേഹത്തിന്റെ പാർട്ടിയായ ലോക് ജനശക്തി പാർട്ടിയും(എൽജെപി) ചിറക് വിരിച്ചത് ഒരു കുടുംബ കലഹം കഴിഞ്ഞ്. അച്ഛൻ റാം വിലാസ് പാസ്വാന്റെ മരണത്തോടെയാണ് മകൻ ചിരാഗ് പാസ്വാനും റാം വിലാസ് പാസ്വാന്റെ സഹോദരൻ പശുപതി കുമാർ പരാസും എൽജെപിയുടെ കടിഞ്ഞാണിനായി കോർത്തത്.

അങ്ങനെ എൽജെപി രണ്ടായി. ചിരാഗ് പാസ്വാൻ നയിക്കുന്ന ലോക ജനശക്തി പാർട്ടി( റാം വിലാസ്), പശുപതി കുമാർ പരാസ് നയിക്കുന്ന രാഷ്ട്രീയ ലോക ജനശക്തി പാർട്ടി(ആർഎൽജെപി) എന്നിങ്ങനെ. ബിഹാർ തെരഞ്ഞെടുപ്പോടെ 19 സീറ്റുമായി റാം വിലാസിന്റെ പിൻഗാമി താൻ തന്നെയെന്ന് ചിരാഗ് തെളിയിച്ചു. പശുപതിക്കാകട്ടെ എങ്ങുമെത്താനുമായില്ല. ഇനി പതിയെ, പശുപതിയുടെ പാര്‍ട്ടിയെ ചിരാഗ് വിഴുങ്ങിയാലും അത്ഭുതമില്ല. 


ഇവിടം കൊണ്ടൊന്നും ഈ കണക്കും അടിയും തീരുന്നില്ല. ഹരിയാനയിലെ ഇന്ത്യൻ നാഷണൽ ലോക്ദൾ(ഐഎൻഎൽഡി) നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ചൗധരി ദേവിലാലിന്റെ കുടുംബത്തിൽ അടി വേറെ തലത്തിലാണ്. അദ്ദേഹത്തിന്റെ മകനും മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയുടെ മക്കളുമായ അജയ് ചൗട്ടാലയും അഭയ് ചൗട്ടാലയുമാണ് ഇവിടെ പാർട്ടിയുടെ കടിഞ്ഞാണിനായി അടികൂടുന്നത്. ഇതിനിടെ അജയ് ചൗട്ടാലയുടെ മകൻ ദുഷ്യന്ത് ചൗട്ടാല വേറെ പാർട്ടിയുണ്ടാക്കി. ജനനായക് ജനതാ പാർട്ടിയെന്നാണ് ദുഷ്യന്തിന്റെ പാർട്ടിയുടെ പേര്. ഇതിലാണിപ്പോൾ അജയ്. ഇതിനിടെ അജയ്‌യും അഭയ്‌യും ഒന്നിക്കുന്നു എന്ന വാർത്തകളും വരുന്നുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - റിഷാദ് അലി

contributor

Similar News