ആര്‍ജെഡിയുടെ പരാജയം ലാലു കുടുംബത്തിന്‍റെ അടിവേരിളക്കുമോ?

തെരഞ്ഞെടുപ്പ് പരാജയം ലാലുവിന്‍റെ കുടുംബത്തെ കലക്കി മറിച്ചിരിക്കുന്നു

Update: 2025-11-17 08:04 GMT

പറ്റ്ന: ഒരു കാലത്ത് ബിഹാര്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു ലാലു പ്രസാദ് യാദവ്. ലാലുവിനെപ്പോലെ എപ്പോഴും വാര്‍ത്തകളിൽ നിറയാറുണ്ട് യാദവ് കുടുംബവും. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ ലാലുവിന്‍റെ ആര്‍ജെഡിക്കേറ്റ കനത്ത പരാജയം യാദവ് കുടുംബത്തെ തന്നെ തകര്‍ത്തുതരിപ്പണമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പരാജയം ലാലുവിന്‍റെ കുടുംബത്തെ കലക്കി മറിച്ചിരിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുന്നുവെന്ന ലാലുവിന്‍റെ മകൾ രോഹിണി ആചാര്യയുടെ പ്രഖ്യാപനത്തോടെ യാദവ് കുടുംബത്തിലെ പൊട്ടിത്തെറി അങ്ങാടിപ്പാട്ടായിരിക്കുകയാണ്.

Advertising
Advertising

രാഷ്ട്രീയം ഉപേക്ഷിക്കുന്നു, കുടുംബത്തെയും

ലാലുവിന്‍റെ രണ്ടാമത്തെ മകളാണ് രോഹിണി ആചാര്യ. സമ്രേഷ് സിങ്ങുമായുള്ള വിവാഹത്തോടെ സിംഗപ്പൂരിൽ സ്ഥിര താമസമാക്കുകയായിരുന്നു. 2022 ൽ പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന് തന്റെ ഒരു വൃക്ക ദാനം ചെയ്തതോടെയാണ് രോഹിണി ദേശീയശ്രദ്ധ പിടിച്ചുപറ്റുന്നത്. ഡോക്ടറായ രോഹിണി ആചാര്യ കഴിഞ്ഞ വർഷം സരൺ ലോക്‌സഭാ സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'വൃക്ക ദാനം ചെയ്ത മകൾ' എന്നാണ് രോഹിണിയെ വിശേഷിപ്പിച്ചിരുന്നത്.

'' ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്‍റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്... സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ഇതാണ്... എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു'' എന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുടെ രോഹിണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. വൈകാരികമായ പോസ്റ്റുകളുടെ ഒരു പരമ്പരയിൽ, തന്നെ അധിക്ഷേപിച്ചുവെന്നും അപമാനിച്ചുവെന്നും ചെരുപ്പ് കൊണ്ട് അടിക്കാൻ ശ്രമിച്ചതായും അവർ ആരോപിക്കുന്നു.

"ഇന്നലെ, ഒരു മകൾ, ഒരു സഹോദരി, വിവാഹിതയായ ഒരു സ്ത്രീ, ഒരു അമ്മ എന്നിവരെ അപമാനിച്ചു, അവർക്ക് നേരെ മോശം വാക്കുകൾ എറിഞ്ഞു, അവരെ അടിക്കാൻ ഒരു ചെരുപ്പ് ഉയർത്തി. എന്റെ ആത്മാഭിമാനത്തിൽ ഞാൻ വിട്ടുവീഴ്ച ചെയ്തില്ല, ഞാൻ സത്യം ഉപേക്ഷിച്ചില്ല, അതുകൊണ്ടാണ് എനിക്ക് ഈ അപമാനം സഹിക്കേണ്ടി വന്നത്," രോഹിണി എക്‌സിൽ കുറിച്ചു.

"എനിക്ക് കുടുംബമില്ല, നിങ്ങൾക്ക് ഇത് സഞ്ജയ് യാദവ്, റമീസ്, തേജസ്വി യാദവ് എന്നിവരോട് പോയി ചോദിക്കാം. എന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കിയത് അവരാണ്. ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ അവർ ആഗ്രഹിക്കുന്നില്ല. പാർട്ടി എന്തുകൊണ്ടാണ് ഇങ്ങനെ പരാജയപ്പെട്ടതെന്ന് രാജ്യം മുഴുവൻ ചോദിക്കുന്നു. സഞ്ജയ് യാദവിനെയും റമീസിനെയും പേരെടുത്ത് പറയുമ്പോൾ, നിങ്ങളെ വീട്ടിൽ നിന്ന് പുറത്താക്കുന്നു, അപമാനിക്കുന്നു, അധിക്ഷേപിക്കുന്നു, ചെരിപ്പുകൊണ്ട് പോലും അടിക്കുന്നു" എക്സിലെ പോസ്റ്റിനെക്കുറിച്ച് പറ്റ്ന വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോൾ രോഹിണിയുടെ മറുപടി ഇതായിരുന്നു. രോഹിണിക്ക് പിന്നാലെ ലാലുവിന്‍റെ മൂന്ന് പെൺമക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവരും പറ്റ്നയിലെ കുടുംബ വസതി വിട്ട് തിങ്കളാഴ്ച ഡൽഹിയിലേക്ക് പോയിരുന്നു. ബിഹാറിലെ ഏറ്റവും സ്വാധീന ശക്തിയുള്ള കുടുബത്തിലെ വിള്ളൽ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

രോഹിണിയുടെ കലാപത്തിന്‍റെ ഉൾക്കഥ

പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ സീറ്റിനും പണത്തിനും പകരമായാണ് പിതാവിന് താന്‍ വൃക്കദാനം ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചതായി രോഹിണി വ്യക്തമാക്കിയിരുന്നു. ''ഇന്നലെ എന്നെ ശപിച്ചു. ഞാന്‍ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. അച്ഛന് വൃക്ക നല്‍കിയതിന് പകരമായി കോടിക്കണക്കിന് രൂപയും സീറ്റും വാങ്ങിയെടുത്തെന്ന് പറഞ്ഞു. എന്നിട്ട് ആ വൃത്തികെട്ട വൃക്ക അദ്ദേഹത്തിന് നല്‍കിയെന്നും പറഞ്ഞു’, രോഹിണി ആരോപിച്ചു. ‘വിവാഹിതകളായ പെണ്‍മക്കളോടും സഹോദരിമാരോടും ഞാന്‍ പറയുകയാണ്. നിങ്ങളുടെ അമ്മവീട്ടില്‍ മകനോ സഹോദരനോ ഉണ്ടെങ്കില്‍, ദൈവതുല്യനായ പിതാവിനെ രക്ഷിക്കാന്‍ പോകരുത്. പകരം നിങ്ങളുടെ സഹോദരനോടോ, അല്ലെങ്കില്‍ വീട്ടിലെ മകനോടോ അയാളുടെയോ അല്ലെങ്കില്‍ അയാളുടെ ഹരിയാണക്കാരനായ സുഹൃത്തുക്കളിലൊരാളുടെയോ വൃക്ക ദാനം ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പറയണം'' രോഹിണി കുറിപ്പില്‍ പറയുന്നു.

തെരഞ്ഞെടുപ്പിലെ ആര്‍ജെഡിയുടെ പ്രകടനം ചര്‍ച്ച ചെയ്യുന്നതിനായി പറ്റ്നയിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് രോഹിണിയുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. യോഗത്തിനിടെ രോഹിണി തേജസ്വി യാദവിനെ ചോദ്യം ചെയ്തെന്നും ഇത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ആര്‍ജെഡിയുടെ രാജ്യസഭാ എംപിയും തേജസ്വിയുടെ അടുത്ത അനുയായിയുമായ സഞ്ജയ് യാദവാണ് എല്ലാത്തിനും പിന്നിലെന്നും രോഹിണി ആരോപിക്കുന്നുണ്ട്. സഹോദരന്‍റെ പഴയ സുഹൃത്തും കോര്‍ ടീമിന്‍റെ ഭാഗമയ റെമിസ് നെമത് ഖാനെയും രോഹിണി പ്രതിക്കൂട്ടിലാകുന്നുണ്ട്. ബിഹാര്‍ അധികാര്‍ യാത്രക്കിടെ പ്രചാരണ ബസിലെ മുൻ സീറ്റിൽ സഞ്ജയ് യാദവ് ഇരുന്നതും രോഹിണിയെ ചൊടിപ്പിച്ചു. സാധാരണയായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കൾക്കായി മാറ്റിവച്ചിരിക്കുന്നതാണ് ഈ സീറ്റെന്നാണ് രോഹിണിയുടെ വാദം. അതിനിടെ രോഹിണി കാരണമാണ് തെരഞ്ഞെടുപ്പിൽ തോറ്റതെന്ന് തേജസ്വി സഹോദരിയോട് പറഞ്ഞുവെന്നും മൂത്ത സഹോദരിക്ക് നേരെ ചെരിപ്പ് എറിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

2025 സെപ്റ്റംബറിൽ രോഹിണി ആചാര്യ സോഷ്യൽ മീഡിയയിൽ തന്റെ പിതാവിനെയും സഹോദരൻ തേജസ്വി യാദവിനെയും അൺഫോളോ ചെയ്തത് വലിയ വാർത്തയായിരുന്നു. തേജസ്വിയുടെ അടുത്ത സഹായിയായ സഞ്ജയ് യാദവിന് കുടുംബത്തിലും പാർട്ടി ഘടനയിലും ഉള്ള അമിതമായ സ്വാധീനമായിരുന്നു അവരുടെ പരാതിക്ക് കാരണം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സരൺ ലോക്‌സഭാ മണ്ഡലത്തിൽ രോഹിണിക്ക് സീറ്റ് നഷ്ടമായതിന് പിന്നാലെയായിരുന്നു ഈ സംഭവം.

അതേസമയം രോഹിണി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും തേജസ്വി ഇതിനെ എതിര്‍ത്തുവെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സരൺ സീറ്റിൽ പരാജയപ്പെട്ടതിന് ശേഷം തനിക്ക് നിയമസഭാ ടിക്കറ്റ് നിഷേധിക്കുന്നതിൽ സഞ്ജയ് യാദവിന് പങ്കുണ്ടെന്നാണ് രോഹിണി വിശ്വസിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിൽ സരണിന് പകരം പാടലീപുത്രത്തിൽ നിന്ന് മത്സരിക്കാനാണ് രോഹിണി ആഗ്രഹിച്ചിരുന്നത്. എന്നാൽ മിസ ഭാരതിക്ക് ഇതിനോട് വിയോജിപ്പുണ്ടായിരുന്നു. പിന്നീടാണ് സരൺ മണ്ഡലത്തിൽ സ്ഥാനാര്‍ഥിയാകുന്നത്. ഭാവിയിൽ തേജസ്വിയുടെ രാഷ്ട്രീയ ജീവിതത്തിന് രോഹിണി ഒരു ഭീഷണിയായി മാറുമെന്ന് സഞ്ജയ് യാദവ് പറഞ്ഞതായും രാഷ്ട്രീയം ഉപേക്ഷിച്ച് സിംഗപ്പൂരിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായും അപമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പിന്തുണയുമായി തേജ് പ്രതാപ്

വൈകാരിക പോസ്റ്റുകൾക്ക് പിന്നാലെ സഹോദരിക്ക് പിന്തുണയുമായി യാദവ് കുടുബത്തിൽ നിന്നും ഇതിനോടകം തെറ്റിപ്പിരിഞ്ഞ തേജ് പ്രതാപ് രംഗത്തെത്തിയിരുന്നു. തനിക്ക് സംഭവിച്ചത് സംഭവിച്ചുവെന്നും പക്ഷെ തന്‍റെ എന്റെ സഹോദരിക്ക് നേരിട്ട അപമാനം ഏത് സാഹചര്യത്തിലും സഹിക്കാനാവില്ലെന്നായിരുന്നു തേജ് പ്രതാപിന്‍റെ പ്രതികരണം.

''സഹോദരി രോഹിണിയുടെ നേരെ ചെരിപ്പ് എറിയാൻ ശ്രമിച്ചുവെന്ന വാർത്ത കേട്ടതുമുതൽ എന്റെ ഹൃദയത്തിലെ വേദന തീയായി മാറി. പൊതുജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുമ്പോൾ ബുദ്ധി നശിച്ചുപോകും. ഈ കുറച്ച് മുഖങ്ങൾ തേജസ്വിയുടെ ബുദ്ധിയെയും മൂടിയിരിക്കുന്നു​. ഈ അനീതിയുടെ അന്തരഫലം ഭയാനകമായിരിക്കും.സമയത്തിന്റെ കണക്കുകൂട്ടൽ വളരെ കഠിനമാണ്. ബഹുമാനപ്പെട്ട ആർജെഡി ദേശീയ പ്രസിഡന്റും എന്റെ പിതാവും രാഷ്ട്രീയ ഗുരുവുമായ ലാലു പ്രസാദ് യാദവ്ജിയോട് ഞാൻ അഭ്യർഥിക്കുകയാണ്. പിതാവേ ഒരു സൂചന തരൂ...ഒരു തലയാട്ടൽ മതി. ബിഹാറിലെ ജനങ്ങൾ ഇവരെ കുഴിച്ചുമൂടും. ഈ പോരാട്ടം ഏതെങ്കിലും പാർട്ടിയെക്കുറിച്ചല്ല. ഇത് ഒരു കുടുംബത്തിന്റെ അന്തസിനും ഒരു മകളുടെ ആത്മാഭിമാനത്തിനും വേണ്ടിയുള്ളതാണ്​''-തേജ് പ്രതാപ് കുറിച്ചു.

അതേസമയം ആര്‍ജെഡിയിൽ നിന്നും രാജിവച്ച രോഹിണിയെ സ്വന്തം പാര്‍ട്ടിയായ ജനശക്തി ജനതാദൾ (ജെജെഡി)ലേക്ക് അടുപ്പിക്കാനുള്ള നീക്കത്തിലാണ് തേജ് പ്രതാപ്. രോഹിണി ആചാര്യയെ പാർട്ടിയുടെ ദേശീയ രക്ഷാധികാരിയാക്കണമെന്ന് തേജ് പ്രതാപ് യാദവ് യോഗത്തിൽ നിർദ്ദേശിച്ചതായി പാർട്ടി ദേശീയ വക്താവ് പ്രേം യാദവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതിനിടെ ലാലുവിന്‍റെ വീട്ടിലെ തമ്മിലടി തുടരവെ തേജ് പ്രതാപ് എൻഡിഎയിലേക്കെന്ന വിവരവും പുറത്തുവരുന്നുണ്ട്. എൻഡിഎ നേതാക്കൾ തേജിനെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.

ലാലു ധൃതരാഷ്ട്രരെപ്പോലെ പെരുമാറരുതെന്ന് ജെഡിയു

ഒരുകാലത്ത് ലാലുവിന്റെ ആർജെഡിയുമായി സഖ്യത്തിലായിരുന്ന നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു യാദവ് കുടുംബത്തിലെ പൊട്ടിത്തെറിയിൽ നിരാശ പ്രകടിപ്പിച്ചു. മഹാഭാരതത്തിലെ കൗരവരുടെ പിതാവായ ധൃതരാഷ്ട്രരെപ്പോലെ പെരുമാറരുതെന്നും പാർട്ടി മേധാവി ഉടൻ ഇടപെടണമെന്നും വക്താവ് നീരജ് കുമാർ ആവശ്യപ്പെട്ടു.

എൽജെപി (രാം വിലാസ്) മേധാവി ചിരാഗ് പാസ്വാന്റെ പിന്തുണയും രോഹിണിക്ക് ലഭിച്ചിട്ടുണ്ട്. വിവാഹശേഷം മാതാപിതാക്കളുടെ വീട് ഇനി തങ്ങളുടേതല്ലെന്ന് സ്ത്രീകൾക്ക് തോന്നാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.രോഹിണിയുടെ വാക്കുകളിലെ വേദന മനസ്സിലാക്കാൻ കഴിയുമെന്ന് പറഞ്ഞ ചിരാഗ് “കുടുംബ വിഷയത്തിൽ ഞാൻ അഭിപ്രായം പറയില്ല, പക്ഷേ ഈ തർക്കം ഉടൻ പരിഹരിക്കപ്പെടുമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അത്തരം സാഹചര്യങ്ങളിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്.” എന്നാണ് അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ എതിരാളികളാണെങ്കിലും ലാലുവിന്റെ മക്കളുമായി തനിക്ക് അടുപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ഞങ്ങൾക്ക് രാഷ്ട്രീയമായി വ്യത്യാസങ്ങൾ ഉണ്ടായിരുന്നിരിക്കാം, പക്ഷേ ഞാൻ എപ്പോഴും ലാലു ജിയുടെ കുടുംബത്തെ എന്റെ സ്വന്തം കുടുംബമായി കണക്കാക്കിയിട്ടുണ്ട്. തേജസ്വി, തേജ്, മിസ, രോഹിണി എന്നിവരുമായി അടുപ്പമുണ്ട്. അവരും എന്‍റെ സഹോദരങ്ങളാണ്'' അദ്ദേഹം പറഞ്ഞു. കുടുംബത്തിനുള്ളിലെ ഐക്യം പൊതുജീവിതത്തിലെ വ്യക്തികളെ ശാക്തീകരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഈ കുടുംബ തർക്കം എത്രയും വേഗം പരിഹരിക്കപ്പെടണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു" ചിരാഗ് പാസ്വാൻ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - ജെയ്സി തോമസ്

contributor

Similar News