‘യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല’; മുൻ കരസേനാ മേധാവി ജനറൽ മനോജ് നരവാനെ
ബുദ്ധിശൂന്യരായ ആളുകൾ യുദ്ധത്തിനായി മുറവിളി നടത്തുമെങ്കിലും അത് നമ്മളെ ഒരു തരത്തിലും പ്രചോദിപ്പിക്കരുത്. രാജ്യങ്ങൾക്കിടയിൽ മാത്രമല്ല, നമുക്കിടയിലോ, കുടുംബങ്ങൾക്കിടയിലോ സമൂഹങ്ങൾക്കിടയിലോ ഉള്ള ഭിന്നാഭിപ്രായങ്ങളും നിലപാടുകളും കേൾക്കാനും പരിഹരിക്കാനും നാം ശ്രമിക്കണം. അക്രമം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പൂനെ: യുദ്ധമെന്നത് പ്രണയാതുരമായ അവസ്ഥയോ ബോളിവുഡ് സിനിമയോ അല്ലെന്ന് മുൻ ഇന്ത്യൻ കരസേന മോധാവി ജനറൽ മനോജ് നരവാനെ. ഇന്ത്യക്കും പാകിസ്താനും ഇടയിൽ വെടിനിർത്തൽ നടപ്പിലായതിന് പിന്നാലെ ഉയർന്ന ചോദ്യങ്ങളെ അദ്ദേഹം വിമർശിച്ചു. പൂനെയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഉത്തരവിട്ടാൽ നാം യുദ്ധത്തിനിറങ്ങും, എന്നാൽ അപ്പോഴും നയതന്ത്രമാകും തന്റെ ആദ്യ തിരഞ്ഞെടുപ്പ് എന്നും നരവാനെ കൂട്ടിച്ചേർത്തു. അതിർത്തികളിൽ താമസിക്കുന്നവർ കടന്നുപോകുന്ന ട്രോമയെ പരാമർശിച്ചായിരുന്നു പ്രസംഗം. ഷെല്ലാക്രമണം ഭയന്ന് അർദ്ധരാത്രിയിൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റ് ഷെൽട്ടറുകളിലേക്ക് ഓടേണ്ടിവരുന്ന കുട്ടികളിൽ കാലങ്ങളോളം അതുണ്ടാക്കുന്നത് വലിയ ആഘാതമാണ്.പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക്, ആ ആഘാതം തലമുറകളിലേക്കും നീളം. PTSD (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ) എന്ന അവസ്ഥയിലൂടെയാകും കുടുംബാംഗങ്ങൾ കടന്നുപോവുക. ഭയാനകമായ കാഴ്ചകൾ കാണുകയും ആ അവസ്ഥയിലൂടെ കടന്നുപോവുകയും ചെയ്യുന്ന ആളുകൾ 20 വർഷത്തിനുശേഷവും ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരും. അവർക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങാൻ വലിയതോതിൽ മാനസിക പരിചരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം പ്രണയാതുരമല്ല. അത് ബോളിവുഡ് സിനിമയുമല്ല. വളരെ ഗൗരവമുള്ള കാര്യമാണ്. യുദ്ധമോ അക്രമമോ നമ്മൾ അവസാനമായി ആശ്രയിക്കേണ്ട കാര്യമല്ല, അതുകൊണ്ടാണ് ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ബുദ്ധിശൂന്യരായ ആളുകൾ യുദ്ധത്തിനായി മുറവിളി നടത്തുമെങ്കിലും അത് നമ്മളെ ഒരു തരത്തിലും പ്രചോദിപ്പിക്കരുത്.
എന്നാൽ ആളുകൾ ചോദിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ എന്തുകൊണ്ടാണ് സമ്പൂർണ യുദ്ധത്തിലേക്ക് പോകാത്തതെന്നാണ്. ഉത്തരവിട്ടാൽ ഒരു സൈനികനെന്ന നിലയിൽ ഞാൻ യുദ്ധത്തിന് പോകും. പക്ഷേ അത് എന്റെ ആദ്യ തിരഞ്ഞെടുപ്പായിരിക്കില്ല. നയതന്ത്രം, ചർച്ചകളിലുടെ പ്രശ്നം പരിഹരിക്കൽ, യുദ്ധത്തിലേക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയവക്കായിരിക്കും ആദ്യ പരിഗണന. ദേശീയ സുരക്ഷയിൽ നാമെല്ലാവരും തുല്യ പങ്കാളികളാണ്. രാജ്യങ്ങൾക്കിടയിൽ മാത്രമല്ല, നമുക്കിടയിലും, കുടുംബങ്ങൾക്കിടയിലോ സംസ്ഥാനങ്ങൾക്കിടയിലോ, പ്രദേശങ്ങൾക്കിടയിലോ, സമൂഹങ്ങൾക്കിടയിലോ ഉള്ളഭിന്നാഭിപ്രായങ്ങളും നിലപാടുകളും കേൾക്കാനും പരിഹരിക്കാനും നാം ശ്രമിക്കണം. അക്രമം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർക്കുന്നതിനായി മേയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. മൂന്ന് ദിവസങ്ങൾക്കിപ്പുറം മേയ് പത്തിന് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ കരാറിലെത്തി.