പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതിനിടെ പ്രധാനമന്ത്രിയുമായി പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം പാകിസ്താനെതിരെ ആവശ്യമെങ്കിൽ കൂടുതൽ പ്രതിരോധത്തിന് ഇന്ത്യൻ സേന തയ്യാറാണെന്ന് സേനാ മേധാവിമാർ വ്യക്തമാക്കി. ഇന്ത്യയുടെ ആക്രമണം ഭീകരവാദികൾക്കെതിരെയായിരുന്നു. പാക് സൈന്യത്തിന്‍റെ ഇടപെടൽ കാരണമാണ് ഇന്ത്യ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇന്ത്യയിലെ ജനവാസ മേഖലയിലും ക്ഷേത്രങ്ങൾക്കും എതിരെയായിരുന്നു പാക് ആക്രമണം. ചൈനീസ് നിർമിത മിസൈലുകളും ഇന്ത്യൻ വ്യോമസേന ചെറുത്തു.
കറാച്ചി വ്യോമ താവളത്തിൽ ആക്രമണം നടത്തി വ്യോമ പ്രതിരോധ സംവിധാനം തകർത്തെന്നും സേന മേധാവിമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കിരണ ഹിൽസിൽ ആക്രമണം നടത്തിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്താന്‍റെ വ്യോമതാവളങ്ങൾ തകർക്കുന്ന ദൃശ്യങ്ങളും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.