വഖഫ് ഭേദഗതി നിയമം; പ്രതിഷേധത്തിൽ മുങ്ങി രാജ്യം
വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം സംഘടനകളും കൂട്ടായ്മകളും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് തുടരുകയാണ്
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്നത് വ്യാപക പ്രതിഷേധങ്ങൾ. വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും മാർച്ചുകളും ഉപരോധങ്ങളും അരങ്ങേറുകയാണ്. സംഘടനകളും കൂട്ടായ്മകളും നടത്തിയ പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ആൾക്കൂട്ടമാണ്. ബില്ല് കത്തിക്കുകയും നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് സമാഹരണവും വ്യാപകമാണ്. നിയമനടപടികൾക്കൊപ്പമാണ് പ്രതിഷേധപരിപാടികളും വ്യാപകമായി നടക്കുന്നത്.
വ്യാഴാഴ്ച കൊൽക്കത്തയിൽ നടന്ന പ്രകടനത്തിൽ പതിനായിരങ്ങളാണ് അണിനിരന്നത്. പ്രതിഷേധ പ്രകടനത്തിൽ മുസ്‍ലിംകൾക്കൊപ്പം ക്രിസ്ത്യാനികളും സിഖുകാരും പങ്കെടുത്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി ഒപ്പുകൾ അടങ്ങിയ നിവേദനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കുമെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സംസ്ഥാന പ്രസിഡന്റും പശ്ചിമ ബംഗാൾ മന്ത്രിയുമായ സിദ്ദിഖുള്ള ചൗധരി പറഞ്ഞു. ‘ഞങ്ങൾ ജില്ല തോറും, പട്ടണം തോറും പോയി ഒപ്പുകൾ ശേഖരിച്ച് പ്രധാനമന്ത്രി മോദിക്ക് നൽകും. ജനകീയ പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങളിലൂടെ നിയമങ്ങൾ നേരത്തെ റദ്ദാക്കിയിട്ടുണ്ട്, ഇതും അങ്ങനെയാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’ -ചൗധരി പറഞ്ഞു.
കൊൽക്കത്തയിലെ രാംലീല മൈതാനിയിൽ നടന്ന റാലി
പുതിയ നിയമത്തിലൂടെ ബിജെപിയും ആർഎസ്എസും മുസ്‍ലിം സമുദായത്തെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുർഷിദാബാദിലും വൻ പ്രകടനമാണ് നടന്നത്. പശ്ചിമ ബംഗാളിന്റെ വിവിധയിടങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് സമാധാനപരമായി പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനഗറിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നടത്തിയ പ്രതിഷേധത്തിലും നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. നിയമം പിൻവലിക്കണം, നാഷണൽ കോൺഫറൻസിന്റെ മൗനം കുറ്റകരമാണ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. സമൂഹത്തിലെ ഒരു വിഭാഗവും ബിൽ അംഗീകരിക്കുന്നില്ലെന്ന് പിഡിപി ജനറൽ സെക്രട്ടറി ഖുർഷിദ് ആലം പറഞ്ഞു.
വ്യഴാഴ്ച ഭോപ്പാലിൽ നടന്ന മാർച്ചിൽ ആയിരക്കണക്കിനാളുകളാണ് പ്രതിഷേധിക്കാനൊത്തുകൂടിയത്. സമ്മേളനത്തിന് ഓൾ ഇന്ത്യ മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ് അംഗവും എംഎൽഎയുമായ ആരിഫ് മസൂദും ഭോപ്പാൽ ഷേർ ഖാസി സയ്യിദ് മുഷ്താഖ് അലി നദ്‌വിയും നേതൃത്വം നൽകി.വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയാണെന്നും അത് എതിർക്കപ്പെടണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഖബർസ്ഥാനുകളും ജീവകാരുണ്യ സ്ഥാപനങ്ങളും നഷ്ടപ്പെടാൻ ഇടയാക്കും. പള്ളികൾ, ഈദ്ഗാഹുകൾ, മദ്രസകൾ, മത-സാമൂഹിക സേവന സ്ഥാപനങ്ങൾ എന്നിവയും നിയമത്തിന്റെ മറവിൽ നഷ്ടപ്പെടുമെന്നും അവർ വ്യക്തമാക്കി.
ഇംഫാലിൽ നടന്ന പ്രകടനം
മണിപ്പൂരിൽ വിവിധയിടങ്ങളിലാണ് പ്രതിഷേധം നടന്നത്. ചൊവ്വാഴ്ച ഇംഫാൽ ഈസ്റ്റിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകൾ റാലികളിൽ പങ്കെടുത്തു. പ്രതിഷേധക്കാർ മനുഷ്യച്ചങ്ങലകൾ തീർത്തു, ബില്ലിനെതിരെ മുദ്രാവാക്യം വിളിച്ചു, റാലി നടത്തി. ബിൽ പിൻവലിക്കുന്നതുവരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇംഫാൽ ഈസ്റ്റിന് പുറമെ, തൗബാൽ, ബിഷ്ണുപൂർ എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു. കഴിഞ്ഞയാഴ്ച, തൗബൽ ജില്ലയിലെ ലിലോങ്ങിൽ ബിജെപി ന്യൂനപക്ഷ സെൽ മേധാവി മുഹമ്മദ് അസ്കർ അലിക്കെതിരെയും പ്രതിഷേധം നടന്നു.
ഏപ്രിൽ 8 ന് മണിപ്പൂരിലെ തൗബാലിൽ വഖഫ് (ഭേദഗതി) ബില്ലിനെതിരെ നടന്ന പ്രതിഷേധം
ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കറുത്ത ബാൻഡ് ധരിച്ചാണ് പ്രതിഷേധിച്ചത്. മുസഫര്‍ നഗറില്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചവർക്കെതിരെ യോഗി പൊലീസ് നോട്ടീസ് അയച്ചു. ഒരോരുത്തരും രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടിവക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
താനെയിലെ ഭിവണ്ടിയിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അത് ജനങ്ങളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്നും അവർ അവകാശപ്പെട്ടു.
കേരളത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം നടന്നു. കഴിഞ്ഞ ദിവസം സോളിഡാരിറ്റി-എസ്ഐഒ സംയുക്തായി നടത്തിയ കരിപ്പൂർ എയർപ്പോർട്ട് ഉപരോധത്തിൽ വിദ്യാർത്ഥികളും യുവജനങ്ങളുമടക്കം ആയിരക്കണക്കിന് ആളുകൾ അണിനിരന്നു. ഉപരോധത്തിന് നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടതോടെ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംസ്ഥാന നേതാക്കളടക്കം ആറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, വഖഫ് ഭേദഗതി ബിൽ നിയമമായതോടെ നിയമ നടപടികളും വിവിധ സംഘടനകൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ്, എഎപി , എഐഎംഐഎം, മുസ്‍ലിം ലീഗ്, സമസ്ത തുടങ്ങിയ സംഘടനകൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.