Writer - അൻഫസ് കൊണ്ടോട്ടി
anfas123
ലഖ്നൌ: യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മരിച്ച നിലയില്‍. 17കാരിയെ തട്ടിക്കൊണ്ടുപോയ ബദോഹി സ്വദേശി സൂര്യ ഭാന്‍ യാദവിനെയാണ് മരിച്ച നിലയില്‍ കുളത്തില്‍ നിന്ന് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഇയാളുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ആത്മഹത്യാകുറിപ്പും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ഗ്യാന്‍പൂര്‍ കോട്ട്വാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ മകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപപ്രദേശമായ ചക്വ മഹാവീറിനടുത്തുള്ള കുളത്തില്‍ നിന്ന് ഇന്ന് രാവിലെയാണ് മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് കണ്ടെടുത്തത്. നേരത്തെ, ഇയാളുടെ ബെല്‍റ്റ്, അടിവസ്ത്രങ്ങള്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയവ കുളത്തിനടുത്ത് വെച്ച് കണ്ടെടുത്തിരുന്നു.
കഴിഞ്ഞ മാസം 27ന് തന്റെ പെണ്‍മകളെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസിയായ ഒരു സ്ത്രീ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ മാസം 19ന് ഇയാളെയും പെണ്‍കുട്ടിയെയും കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്ന് പറഞ്ഞ് ഇയാളെ പറഞ്ഞയക്കുകയും ചെയ്തു.
മകന്റെ മരണത്തില്‍ പൊലീസിന് പങ്കുണ്ടെന്ന് പിതാവ് സഞ്ചയ് യാദവ് കുറ്റപ്പെടുത്തി. നവംബര്‍ 19മുതല്‍ ഇയാളെ പൊലീസ് ജയിലിലടച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നെന്നും പൊലീസാണ് എല്ലാത്തിനും കാരണക്കാരെന്നും ഇയാൾ പരാതിപ്പെട്ടു.
മരണപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായും കൂടുതല്‍ അന്വേഷണം നടത്തുമെന്നും എസ് പി അറിയിച്ചു. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് വിട്ടുനല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.