എത്ര ശ്രമിച്ചിട്ടും ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കാൻ പറ്റുന്നില്ലേ? എങ്കിൽ ഈ മാർഗങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ...
പഞ്ചസാര കൂടുതലായി കഴിക്കുന്നത് അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ദന്ത പ്രശ്‌നങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും
മധുരം ഇഷ്ടമല്ലാത്തവർക്ക് ആരാണുണ്ടാകുക. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ മധുരത്തിന്റെ ആരാധകരാണ്. പഞ്ചസാര മിതമായ അളവിൽ കഴിക്കുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ അളവിൽ കൂടുതൽ പഞ്ചസാരയാണ് നമ്മളിൽ പലരും കഴിച്ചുകൊണ്ടിരിക്കുന്നത്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
പഞ്ചസാര കൂടുതലായി കഴിക്കുന്നത് അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ദന്ത പ്രശ്‌നങ്ങൾ, മാനസികാരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. മാത്രമല്ല, അമിതമായി പഞ്ചസാര കഴിക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും കാരണമാകും. പഞ്ചസാര ഉപഭോഗം പൂർണമായും ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നത് ഈ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുകയും ചെയ്യും. പക്ഷേ എത്ര ശ്രമിച്ചിട്ടും പഞ്ചസാര ഒഴിവാക്കാന്‍ പറ്റുന്നില്ലെന്നാണ് പലരുടെയും പരാതി.എന്നാല്‍ ഈ മാര്‍ഗങ്ങളൊന്ന് പരീക്ഷിച്ചുനോക്കൂ...
പഞ്ചസാരയെ എങ്ങിനെ പടിക്ക് പുറത്ത് നിർത്താം...
- പല സംസ്‌കരിച്ച ഭക്ഷണങ്ങളിലും ഒരുപാട് പഞ്ചസാര അടങ്ങിയിട്ടുണ്ട്. അത് പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടില്ല. ലേബലുകൾ ശ്രദ്ധാപൂർവം വായിച്ചതിന് ശേഷം മാത്രം ഇത്തരം ഭക്ഷണങ്ങൾ വാങ്ങുക.
- പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവ സംസ്‌കരിക്കാത്തവ തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
- തൈര്, നട്ട് മിൽക്ക്, ഡ്രൈഫ്രൂട്ട്‌സ് പോലുള്ള വാങ്ങുമ്പോൾ മധുരം ചേർക്കാത്തവ തെരഞ്ഞെടുക്കാം.
- സോഡ, പാക്കറ്റ് ജ്യൂസുകൾ,എനർജി ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പഞ്ചസാരയുടെ പ്രധാന സ്രോതസ്സുകളാകാണ്. അതുകൊണ്ട് തന്നെ ഇത്തരം പാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
- പഞ്ചാസാര വലിയ അളവിൽ കഴിക്കുന്നവർ ഒറ്റയടിക്ക് അവ നിർത്തരുത്.പകരം സാവാധാനം അളവ് കുറച്ച് കൊണ്ടുവരിക.
- മധുരം കഴിക്കാൻ തോന്നുമ്പോൾ, പഴങ്ങൾ, ഡാർക്ക് ചോക്ലേറ്റ്, അല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ലഘുഭക്ഷണങ്ങൾ പോലുള്ളവ പകരം കഴിക്കുക.
30 ദിവസത്തേക്ക് പഞ്ചസാര ഉപേക്ഷിക്കുന്നതിന്റെ ഗുണങ്ങൾ
മുഖത്തെ കൊഴുപ്പ് കുറയ്ക്കുന്നു
പഞ്ചസാര കുറയ്ക്കുന്നത് ശരീരവണ്ണംകുറക്കാൻ സഹായിക്കും. മുഖത്തിന് സ്വാഭാവികമായ ആകൃതി ലഭിക്കുകയും ചെയ്യുമെന്ന് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
വീക്കം കുറക്കുന്നു
കണ്ണിന് ചുറ്റമുള്ള വീക്കം കുറക്കാനും കാലുകളിലെ വീക്കവും ഇല്ലാതാക്കാനും സഹായിക്കും.
കൊഴുപ്പ് കുറക്കുന്നു
ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് വയറിലെ കൊഴുപ്പും കരളിലെ കൊഴുപ്പും കുറയ്ക്കുമെന്ന് ഡോ. സേഥി പറയുന്നു. പഞ്ചസാര കുറയ്ക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗവും ആസക്തിയും കുറയ്ക്കാൻ സഹായിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കുടവയർ കുറയാനും ഇത് സഹായിക്കും.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും ഇത് വഴി ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
ആരോഗ്യമുള്ള ചർമ്മത്തിന്
മുഖക്കുരുവും അതിന്റെ ചുവന്ന പാടുകളും പലരെയും അലട്ടുന്ന പ്രശ്‌നമാണ്.എന്നാൽ പഞ്ചസാര ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ ചർമ്മത്തിന്റെ ആരോഗ്യത്തിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകും.