ഫാറ്റി ലിവർ അപകടകാരി തന്നെ...

കുട്ടികളിലും യുവാക്കളിലും വ്യാപകമായി കാണുന്ന നോൺ-ആൾക്കഹോളിക്‌ ഫാറ്റി ലിവർ തീർത്തും ഒരു ജീവിതശൈലി രോഗമാണ്. ജീവിതശൈലി ആരോഗ്യകരമായ രീതിയിൽ മാറ്റിയാൽ മറ്റ് സങ്കീർണതകളില്ലെങ്കിൽ സ്വയം ഭേദമാകാൻ കഴിയുന്ന അവസ്ഥയാണിത്.

Update: 2025-04-19 11:32 GMT
Advertising

കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന രോഗങ്ങളിൽ ഒന്നായി ഫാറ്റിലിവർ മാറുകയാണ്. ശരാശരി 10 പേരെ പരിശോധിച്ചാൽ അഞ്ചുപേർക്കും ഫാറ്റി ലിവർ എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു ഇതിൻ്റെ തീവ്രത. അതിമധുരവും കൊഴുപ്പും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് മുതിർന്നവർ കുട്ടികൾക്ക് സ്നേഹത്തോടെ വാങ്ങിക്കൊടുക്കുന്നത്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, സോഡ ചേർത്ത സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ മലയാളികൾ നിയന്ത്രണമില്ലാതെ അമിതമായി കഴിച്ചുതുടങ്ങിയിതിനാൽ ഞെട്ടിപ്പിക്കുന്ന അളവിലാണ് ശരീരത്തിലേക്ക് ഊർജത്തിൻ്റെ അളവ് വന്നു ചേരുന്നത്. ഇത്രയധികം ഊർജം ചെലവഴിക്കാൻ തക്കതായ ശാരീരികപ്രവർത്തനങ്ങൾ ഇല്ലതാനും. ദീർഘനേരം ഇരുന്നുള്ള ജോലിയും വ്യായാമമില്ലായ്മയും കൂടിയാകുമ്പോൾ അധികമായി എത്തുന്ന ഊർജം മുഴുവൻ കൊഴുപ്പായി സൂക്ഷിക്കാൻ ശരീരം നിർബന്ധിതമാകുന്നു. അങ്ങനെയാണ് അമിതഭാരവും അതിനോടനുബന്ധിച്ചുള്ള രോഗങ്ങളുമുണ്ടാകുന്നത്. മുൻകാലങ്ങളിൽ മദ്യപിക്കുന്നവരിൽ മാത്രമായിരുന്നു കൂടുതലായും കരൾ രോഗങ്ങൾ കണ്ടുവരുന്നത്. എന്നാൽ ഇപ്പോൾ സ്ത്രീകളിലും കുട്ടികളിലും യുവാക്കളിലുമെല്ലാം രോഗലക്ഷണങ്ങൾ വ്യാപകമാവുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കുട്ടികളിലും യുവാക്കളിലും വ്യാപകമായി കാണുന്ന നോൺ-ആൾക്കഹോളിക്‌ ഫാറ്റി ലിവർ തീർത്തും ഒരു ജീവിതശൈലി രോഗമാണ്. ജീവിതശൈലി ആരോഗ്യകരമായ രീതിയിൽ മാറ്റിയാൽ മറ്റ് സങ്കീർണതകളില്ലെങ്കിൽ സ്വയം ഭേദമാകാൻ കഴിയുന്ന അവസ്ഥയാണിത്. നമ്മുടെ ശരീരത്തിൽ കരൾ എന്ന അത്ഭുതഅവയവത്തിന് മാത്രമേ ഇങ്ങനെ സ്വയം ഭേദപ്പെടുത്താനുള്ള കഴിവുള്ളൂ. എന്നുകരുതി കരളിന്റെ ആരോഗ്യത്തിന് വേണ്ട ശ്രദ്ധകൊടുക്കാതിരുന്നാൽ സിറോസിസ്, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങൾക്കും ഇടയുണ്ട്.

എന്താണ് ഫാറ്റിലിവർ?

ജീവിതശൈലീ മാറ്റങ്ങളിലൂടെ രക്തത്തിലുണ്ടാകുന്ന അമിത കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷികുറയുകയും കരളിൽ കൊഴുപ്പ് അടിയുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവർ. സാധാരണഗതിയിൽ ഫാറ്റിലിവർ അപകടകാരി അല്ല. എന്നാൽ ഒരാൾക്ക് ഫാറ്റിലിവർ എന്ന അവസ്ഥ ഉണ്ടായതിനൊപ്പം ലിവർ ഫങ്ഷൻ ടെസ്റ്റിൽ അപാകതകൾ ഉണ്ടാവുകയോ / കരൾ കോശങ്ങൾക്ക് നീർക്കെട്ട് കാണപ്പെടുകയോ ചെയ്താൽ ഭാവിയിൽ ഗുരുതര രോഗങ്ങൾക്ക് കാരണമാകാം. അതിനാൽ തന്നെ ഫാറ്റിലിവറിനെ നിസ്സാരവത്കരിച്ച് തള്ളിക്കളയാൻ സാധിക്കില്ല. രണ്ട് തരത്തിലാണ് ഫാറ്റിലിവർ പ്രധാനമായും കാണപ്പെടുന്നത്. ഇതിൽ ഒന്നാമത്തേതും വ്യാപകമായി കാണപ്പെടുന്നതും മദ്യപിക്കുന്നതിന്റെ ഭാഗമായി വരുന്ന ഫാറ്റിലിവറാണ്. രണ്ടാമത്തെത് മദ്യപിക്കാത്തവരിൽ കാണപ്പെടുന്നതും. സ്ഥിരമായി മദ്യപിക്കുന്നവരിൽ മഹാഭൂരിപക്ഷം ആളുകളിലും ഫാറ്റിലിവറിന് സാധ്യതയുണ്ട്. ജീവിതശൈലിയിലെ പ്രശ്നങ്ങൾ, പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയാണ് മദ്യപിക്കാത്തവരിൽ ഫാറ്റിലിവറിലേക്ക് നയിക്കുന്നത്. ഹെപ്പറ്റൈറ്റിസ് സി, വിൽസൺസ് രോഗം തുടങ്ങിയ ചില രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റിലിവർ പ്രത്യക്ഷപ്പെടാം. തുടക്കത്തിൽ വലിയ ലക്ഷണങ്ങളുണ്ടാകില്ല എന്നതും ഇതിന്റെ സവിശേഷതയാണ്. എന്തെങ്കിലും സാഹചര്യത്തിൽ സ്‌കാനിങ്ങിനും മറ്റും വിധേയനാകുമ്പോഴാണ് തിരിച്ചറിയുക. അവസ്ഥ സങ്കീർണമാകുന്ന സാഹചര്യത്തിൽ കരളിന് സ്ഥായിയായ കേടുകൾ വരുമ്പോഴാണ് രോഗ ലക്ഷങ്ങൾ പ്രത്യക്ഷപ്പെടുക.

ഫാറ്റിലിവറും സിറോസിസും

ഫാറ്റിലിവർ സിറോസിസിലേക്ക് നയിക്കുമോ എന്ന ചോദ്യം പൊതുവെ എല്ലാവരിലുമുള്ളതാണ്. കരളിനെ ബാധിക്കുന്ന സ്ഥായിയായ കേടുപാടാണ് ലിവർ സിറോസിസ് എന്നത്. എല്ലാ ഫാറ്റിലിവറും സിറോസിസിലേക്ക് നയിക്കണമെന്നില്ല. എന്നാൽ ഫാറ്റിലിവറിനൊപ്പം ലിവർ ഫങ്ഷൻ ടെസ്റ്റിൽ അപാകതകൾ കൂടി വരികയും, കരൾ കോശങ്ങൾക്ക് നീർക്കെട്ട് വരികയോ, കരളിന് കട്ടി കൂടി വരികയോ കണ്ടെത്തിയാൽ ചിലപ്പോൾ സിറോസിസിലേക്ക് നയിക്കാനിടയാക്കിയേക്കാം. സിറോസിസ് ബാധിതനായി കഴിഞ്ഞാൽ കരളിനെ പൂർവ അവസ്ഥയിലേക്ക് പൂർണമായി എത്തിക്കുക എന്നത് ബുദ്ധിമുട്ടാണ്. അതിനാൽ സാധ്യത തിരിച്ചറിഞ്ഞാൽ ഡോക്ടർമാരുടെ നിർദേശം പൂർണമായി അനുസരിച്ച് കരളിനെ പൂർവ സ്ഥിതിയിലെത്തിക്കാൻ പരിശ്രമിക്കണം.

ചികിത്സ

ഭക്ഷണനിയന്ത്രണം, ജീവിതശൈലീ ക്രമീകരണം, വ്യായാമം എന്നിവയാണ് പ്രധാനമായും നിർദേശിക്കപ്പെടുക, ഒപ്പം ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മർദം, അമിത കൊഴുപ്പ് (കൊളസ്‌ട്രോൾ) എന്നിവ നിയന്ത്രിക്കുകയും, ഡോക്ടർ നിർദേശിക്കുന്ന ക്രമീകരണങ്ങളെ കൃത്യമായി പിൻതുടരുക എന്നതും പ്രധാനമാണ്. മരുന്നുകളിൽ സ്വയം മാറ്റങ്ങൾ വരുത്തുകയോ, കഴിക്കാതിരിക്കുകയോ ചെയ്യരുത്.

മദ്യപാനം പൂർണമായും ഉപേക്ഷിക്കുക. ചുവന്ന ഇറച്ചി ഉൾപ്പെടെയുള്ള ചില ഭക്ഷണ പദാർത്ഥങ്ങൾ നിർത്തുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടി വരും. ഡോക്ടർ നിർദേശിക്കുന്ന അളവിൽ വെള്ളം കുടിക്കുക, വ്യായാമം പിൻതുടരുക എന്നിവയും നിർബന്ധമാണ്. ഈ കരൾ ദിനത്തിൽ നമ്മുടെ കരളിൻ്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നമുക്ക് ശ്രമിക്കാം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Byline - ഡോ. ബിനില ജോസ്

Senior Specialist, MBBS, MD (General Medicine), DNB (Gastroenterology). Aster Mims Calicut

Similar News