വേനൽക്കാലത്ത് മുടി കൂടുതൽ കൊഴിയുന്നുണ്ടോ? തടയാനുണ്ട് മാർഗങ്ങൾ

അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് തലയോട്ടിയും മുടിയും വരണ്ടതാക്കുകയും മുടി കൊഴിയാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും

Update: 2025-04-30 08:27 GMT
Editor : Lissy P | By : Web Desk
Advertising

കാലാവസ്ഥാ മാറ്റങ്ങൾ മുടിയുടെ ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വേനൽക്കാലങ്ങളിൽ ചിലരിൽ മുടികൊഴിച്ചിൽ രൂക്ഷമായി കാണാറുണ്ട്. ഹോർമോൺ മാറ്റങ്ങൾ, സ്ഥിരമായി സൂര്യപ്രകാശം ഏൽക്കൽ, ജീവിതശൈലി ഘടകങ്ങൾ, മുടിയുടെ വളർച്ചാ ചക്രത്തിലെ മാറ്റങ്ങൾ, സമ്മർദം, സീസണൽ അലർജികൾ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളെല്ലാം വേനൽക്കാലത്തെ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.

ഹോർമോൺ ഏറ്റക്കുറച്ചിലുകൾ

പുരുഷന്മാരിലും സ്ത്രീകളിലും കാണപ്പെടുന്ന ഹോർമോണായ ടെസ്റ്റോസ്റ്റിറോണിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ വേനൽക്കാലത്തെ മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

സൂര്യപ്രകാശം

അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് തലയോട്ടിയും മുടിയും വരണ്ടതാക്കുകയും പൊട്ടിപ്പോകാനും മുടി കൊഴിയാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും

നിർജ്ജലീകരണം

ചൂടുള്ള കാലാവസ്ഥ വിയർപ്പിനും നിർജ്ജലീകരണത്തിനും കാരണമാകും, ഇത് മുടിയുടെ ആരോഗ്യത്തെയും ബാധിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും.

ഹെയർ ട്രീറ്റ്‌മെന്‍റ്

മുടിയിൽ നടത്തുന്ന പലതരം ട്രീറ്റ്‌മെന്റുകളും വേനൽക്കാലത്തെ മുടികൊഴിച്ചിൽ കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. ഉപയോഗിക്കുന്ന പലതരം കെമിക്കലുകൾ മുടിയെ ദുർബലപ്പെടുത്തുകയും ചെയ്യും

 മുടികൊഴിച്ചില്‍ എങ്ങനെ തടയാം

മുടി വൃത്തിയായി സൂക്ഷിക്കുക

വേനൽക്കാലത്ത് വിയർപ്പ്, പൊടി തുടങ്ങിയ അഴുക്കുകള്‍ മുടിയില്‍ അടിഞ്ഞുകൂടും, അതിനാൽ പതിവായി മുടി കഴുകുന്നത് അവ നീക്കം ചെയ്യാൻ സഹായിക്കും. മൃദുവായതും മുടിയിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യാത്തതുമായ ഷാംപൂ ഇതിനായി തെരഞ്ഞെടുക്കാം.

സൂര്യപ്രകാശം നേരിട്ടേൽക്കാതിരിക്കുക

പകൽസമയം പുറത്തേക്കിറങ്ങുമ്പോൾ സൂര്യപ്രകാശം നേരിട്ട് മുടിയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. തൊപ്പി,കുട, അല്ലെങ്കിൽ സ്‌കാർഫ്എപ്പോഴും കൈയിൽ കരുതാം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് മുടി വരണ്ടുപോകാൻ ഇടയാക്കും.

ഹെയർ സ്‌ട്രെയ്റ്റ്നർ പതിവായി ഉപയോഗിക്കാതിരിക്കുക

മുടിയിൽ ചൂടേൽപ്പിച്ചുള്ള ഹെയർ ട്രീറ്റ്‌മെന്റുകൾ പതിവായി ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.ഇത് മുടി പൊട്ടിപ്പോകാനും കൊഴിച്ചിൽ രൂക്ഷമാകാനും ഇടയാക്കും. ഇനി ഹെയർ സ്‌റ്റൈലിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽഹീറ്റ് പ്രൊട്ടക്റ്റന്റ് സ്‌പ്രേ അടിച്ചതിന് ശേഷം മാത്രം ചെയ്യുക.

ജലാംശം നിലനിർത്തുക

വേനല്‍ക്കാലത്ത്  ധാരാളം വെള്ളം കുടിക്കുക. തലയോട്ടിയിലും മുടിയിലും ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഇതുവഴി മുടിയുടെ വരള്‍ച്ചയും പൊട്ടലും കുറക്കുകയും ചെയ്യും.  ഡീപ് കണ്ടീഷനിംഗ് മാസ്‌കുകൾ പോലുള്ള ജലാംശം നൽകുന്ന മുടി ഉൽപ്പന്നങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുക.

ആരോഗ്യകരമായ ഭക്ഷണക്രമം

മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങടങ്ങിയ ഭക്ഷണം കഴിക്കുക.  വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ, ഇലക്കറികൾ, മുട്ട, നട്സ്, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങൾ  ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

തലയോട്ടിയിലെ മസാജ് 

രക്തയോട്ടം വർധിപ്പിക്കുന്നതിനും മുടിയുടെ വളര്‍ച്ചയെ പോഷിപ്പിക്കുന്നതിനും പതിവായി തലയോട്ടിയിൽ മസാജ് ചെയ്യുന്നത് നന്നായിരിക്കും.

ഹെയർ മാസ്‌കുകൾ

മുട്ട, തേൻ, ഒലിവ് ഓയിൽ തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ഹെയർ മാസ്‌കുകൾ ഉണ്ടാക്കി ഉപയോഗിക്കാം

മുടി മുറുക്കി കെട്ടുന്നത് ഒഴിവാക്കാം

 ഇറുക്കി കെട്ടിവെക്കുന്നത്   മുടിയുടെ ഫോളിക്കിളുകളിൽ അധിക സമ്മർദം ചെലുത്തും, ഇത് മുടി പൊട്ടുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകും.

പിളർന്ന അറ്റങ്ങൾ പതിവായി വെട്ടിമാറ്റുക

മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും തടയാൻ പതിവായി മുടി വെട്ടിമാറ്റുക.

സമ്മര്‍ദം കുറക്കാം

 ഉയർന്ന തോതിലുള്ള സമ്മർദവും മുടി കൊഴിച്ചിലിന് കാരണമാകും, അതിനാൽ യോഗ, മ്യൂസിക്,ഡാന്‍സ് പോലുള്ളവ പതിവാക്കുകയും സമ്മര്‍ദം നിയന്ത്രിക്കാനും ശ്രമിക്കുക.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News