അടുക്കളയിലെ പ്ലാസ്റ്റിക് പാത്രങ്ങൾ ദൂരെക്കളയാൻ സമയമായി; ഹൃദ്രോഗ മരണങ്ങൾക്ക് കാരണമാകുന്നതായി പഠനങ്ങൾ
2018ലുണ്ടായ 350,000-ത്തിലധികം ഹൃദ്രോഗ മരണങ്ങൾക്ക് പ്ലാസ്റ്റിക്കുമായി ബന്ധമുള്ളതായി ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു
ന്യൂയോര്‍ക്ക് :പ്ലാസ്റ്റിക് പാത്രങ്ങൾ നമ്മുടെ അടുക്കളയും വീടകങ്ങളും കൈയടക്കിയിട്ട് കാലം കുറേയായി. പാകം ചെയ്ത ഭക്ഷണങ്ങൾ മുതൽ പച്ചക്കറിയും മസാലപ്പൊടികളും മറ്റ് ഭക്ഷ്യവസ്തുക്കള്‍ പലരും സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ്. എന്നാൽ വീടകങ്ങളിലെ ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ ഹൃദയസംബന്ധമായ മരണനിരക്ക് വർധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ഏപ്രിൽ 28 ന് ഇബയോമെഡിസിൻ ട്രസ്റ്റഡ് സോഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.പ്ലാസ്റ്റിക്കിനെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുന്ന ഡിഇഎച്ച്പി (ഡൈ 2 ഈഥൈല്‍ഹെക്സൈല്‍ ഫെത്തലേറ്റ് ) എന്നറിയപ്പെടുന്ന ഒരു കൂട്ടം രാസവസ്തുക്കളെക്കുറിച്ചാണ് ഗവേഷകർ പഠനം നടത്തിയത്.
കുട്ടികളുടെ കളിപ്പാട്ടങ്ങൾ,ഷാംപൂ, സോപ്പ്, എയർ ഫ്രെഷനറുകൾ, പെർഫ്യൂം, നനക്കാനുപയോഗിക്കുന്ന ഹോഴ്‌സുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളിൽ ഫ്താലേറ്റുകൾ ഉപയോഗിക്കുന്നുണ്ട്. 2018-ൽ ആഗോളതലത്തിൽ ഹൃദ്രോഗം മൂലം മരിച്ചവരില്‍ 10 ശതമാനത്തിലധികം പേരിലും ഫ്താലേറ്റുകൾ കാരണമായെന്നും പഠനത്തിൽ പറയുന്നു. മരിച്ചവരിൽ കൂടുതല്‍ 55 മുതൽ 64 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളുമാണ്
പുരുഷന്മാരിലെ ജനന വൈകല്യങ്ങൾ, കാൻസർ, പ്രത്യുൽപാദന വൈകല്യങ്ങൾ എന്നിവയും ഡിഇഎച്ച്പി (ഡൈ 2 ഈഥൈൽഹെക്‌സൈൽ ഫെത്തലേറ്റ് ) ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.
200 രാജ്യങ്ങളിലെ ആളുകളിലാണ് പ്രധാനമായും പഠനം നടന്നത്. ആയിരക്കണക്കിന് ആളുകളുടെ മൂത്ര സാമ്പിളുകളും ആരോഗ്യ -പാരിസ്ഥിതി വിവരങ്ങളും ഗവേഷകർ പഠനത്തിന് വിധേയമാക്കി. 2018 ൽ ആഗോളതലത്തിലുണ്ടായ 350,000-ത്തിലധികം മരണങ്ങൾക്ക് ഇതുമായി ബന്ധമുള്ളതായി ഗവേഷകർ റിപ്പോർട്ട് ചെയ്തു. ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണങ്ങൾ ഏറ്റവും കൂടുതൽ നടന്നത് ദക്ഷിണേഷ്യയിലും മിഡിൽ ഈസ്റ്റിലുമാണ്.
ഫ്താലേറ്റുകൾ എന്നറിയപ്പെടുന്ന സിന്തറ്റിക് കെമിക്കലുകൾ, കൊറോണറി ധമനികളിൽ വീക്കത്തിന് കാരണമാകുന്നു.ഇത് ഹൃദ്രോഗങ്ങളെ ഗുരുതരമാക്കുകയും ചെയ്യുമെന്നും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഗ്രോസ്മാൻ സ്‌കൂൾ ഓഫ് മെഡിസിനിലെ പീഡിയാട്രിക്സും പോപ്പുലേഷൻ ഹെൽത്തും പ്രൊഫസറുമായ ഡോ. ലിയോനാർഡോ ട്രാസാൻഡെ പറഞ്ഞു.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എങ്ങനെ കുറക്കാം..
പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് ശരീരത്തിൽ മൈക്രോപ്ലാസ്റ്റിക്ക് കടത്തിവിടും. ഭക്ഷണം കഴിക്കാനും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാനും പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കുക എന്നത് തന്നെയാണ് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം. സ്റ്റീൽ അല്ലെങ്കിൽ അലുമിനിയം കൊണ്ടുള്ള സ്പൂണുകൾ, ഫോർക്കുകൾ, കത്തികൾ തുടങ്ങിയ ഉപയോഗിക്കാം. പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം,സ്റ്റീൽ,ഗ്ലാസ്സ്റ്റെ, യിൻലെസ് സ്റ്റീൽ, സെറാമിക് അല്ലെങ്കിൽ മരം തുടങ്ങിയവ ഉപയോഗിക്കാം. വെള്ളമോ സൂക്ഷിക്കുന്നതിനായി ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങളിലേക്ക് മാറാം.